Driving A Cultural Change-India_Malayalam
പ്രിയ സുഹൃത്തുക്കളെ,
മുഖവുരയില്ലാതെ തന്നെ കാര്യത്തിലേക്കു കടക്കുന്നു. ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന, ആരും തന്നെ അതിന്റെ അർഹിക്കുന്ന പ്രാധാന്യത്തോടുകൂടി ചർച്ച ചെയ്യാത്ത ഒരു ദുരന്തത്തെകുറിച്ചാണ്. കഴിഞ്ഞ വര്ഷം 2019 ഇൽ ഏകദേശം 4000 ത്തിൽ അധികം ആളുകൾക്ക് റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടമായി. അതായത് ദിവസേന 11 പേർ നമ്മുടെ നിരത്തുകളിൽ മരിച്ചുവീഴുന്നു. ഗുരുതരമായ പരിക്കുകൾ പറ്റുന്നവരുടെ എണ്ണം ഇതിലും ഭീകരമാണ്. മേല്പറഞ്ഞ നിരക്കുകളെല്ലാം തന്നെ ദേശീയ ശരാശരിയേക്കാൾ വളരെക്കൂടുതലാണ്. ദേശീയ ശരാശരി തന്നെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു പലമടങ്ങു കൂടുതലാണ്. അപ്പോൾ നമ്മുടെ കേരളത്തിന്റെ അവസ്ഥ അതി ദയനീയമാണ്.
ഓരോ അപകടവും, ആ അപകടത്തിൽ പെടുന്ന ആൾക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ദൂരവ്യാപകമായ ദുരിതമാണ് സമ്മാനിക്കുന്നത്. സാമ്പത്തികമായും ശാരീരികമായും മാനസികമായും ഒരു കുംടുംബത്തെ തളർത്താൻ ഒരു സെക്കന്റിന്റെ ഒരു അംശം മതി. അടുത്ത ഇര ഞാനോ എന്റെ വേണ്ടപ്പെട്ടവരോ ആകാതിരിക്കാൻ ആഗ്രഹിക്കുന്നു (അല്പം സ്വാർത്ഥതയുടെ).
ഇതെല്ലം ഒരുദിവസം കൊണ്ട് ശരിയാക്കാം എന്നൊരു പ്രതീക്ഷയില്ലാതെതന്നെ പറയട്ടെ, ഒരു ദിവസം 11 എന്നുള്ളത് ഒരു 10 ആക്കിയാൽ തന്നെ അതൊരു നേട്ടമായി ഞാൻ കരുതുന്നു. കാരണം ഒരു വ്യക്തിയെ ആശ്രയിച്ചു ഒരുപാടു പേര് ജീവിക്കുന്നു.
ഈ കാര്യങ്ങൾ ആരോടെങ്കിലും ചർച്ചചെയ്താൽ ആദ്യം ഉയരുന്ന ചോദ്യമാണ് " നിങ്ങൾ (സർക്കാർ) ആദ്യം നല്ല റോഡ് ഉണ്ടാക്കു. അതിനു ശേഷം ഞങ്ങൾ നന്നായിക്കോളാം. ", " അതിനു നല്ല റോഡ് എവിടെ ", " റോഡിൽ നല്ല തിരക്കാണ് " തുടങ്ങിയവ.
ഡ്രൈവിംഗ് ഒരു അവകാശമല്ല, മറിച്ച് അതൊരു ആനുകൂല്യമാണ്. നന്നായി ഡ്രൈവ് ചെയ്യുക എന്നുള്ളത് നമ്മുടെ കടമ കൂടിയാണ്.( Driving is a privilege, not a right. Good driving is a duty too). ഒരു നല്ല ഡ്രൈവർ ഏതുസാഹചര്യത്തിലും മികച്ച രീതിയിൽ വാഹനം ഓടിക്കാൻ കഴിവുള്ളവനായിരിക്കണം. മോശം റോഡിലും, തിരക്കുള്ളപ്പോളും മോശം കാലാവസ്ഥയിലും അപകടമില്ലാത്ത വാഹനം ഓടിക്കാൻ ശ്രമിക്കണം.
അന്താരാഷ്ട്ര ഏജൻസികളുടെ പഠനങ്ങളുടെ നിഗമനത്തിൽ, ഇന്ത്യയിൽ നടക്കുന്ന 90 ശതമാനം റോഡ് അപകടങ്ങളുടെയും മൂലകാരണം ഡ്രൈവറുടെ പിഴവാണ്. അതെ സമയം ഇന്ത്യയിലെ റെയിൽ ഗതാഗതം വളരെ സുരക്ഷക്തമാണ് ( അപകടത്തിന്റെ കാര്യത്തിൽ)
ഇതിന്റെ അടിസ്ഥാന കാരണം നമ്മുടെ ഡ്രൈവർമാർ നല്ല രീതിയിൽ ട്രെയിനിങ് കിട്ടിയവർ അല്ല എന്നുള്ളതാണ്.
ഒരു ലോക്കോ പൈലറ്റ് ആകണമെങ്കിൽ ഇലെക്ട്രിക്കൽ/ മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും 17 ആഴ്ച്ച പരിശീലനവും നേടണം. റെയിൽ നിയമങ്ങൾ വളരെ കാർക്കശ്യവും നിയമലംഘനങ്ങൾക്കു കനത്ത ശിക്ഷയുമാണ് (ജോലി പോകും )
ബാഗ്ളൂരിലെ, ഒന്നരലക്ഷത്തിലധികം വരുന്ന IT എഞ്ചിനീയർമാർ ജോലിചെയ്യുന്ന ഒരു ടെക്ക് പാർക്കിൽ 5 വര്ഷം ജോലിചെയ്യാനുള്ള ഒരു അവസരം എനിക്കുണ്ടായി. ഈ പറയുന്ന ഉന്നത വിദ്യാഭ്യാസം നേടിയ ആളുകളുടെ ഡ്രൈവിംഗ് വളരെ പരിതാപകാരവും ഭൂരിഭാഗം പേരും ഒരു ശ്രദ്ധയില്ലാത്തവരും ആണ് . അതായതു നമ്മുടെ ഉന്നത വിദ്യാഭ്യാസം നല്ലൊരു ഡ്രൈവിംഗ് സംസ്കാരം ഉണ്ടാക്കുവാൻ സഹായിക്കുന്നില്ല.
പത്തുവർഷങ്ങൾക്കു മുൻപ് Dr. ആദിരാജ് ജോഗിലേക്കറിന്റെ ഒരു ബ്ലോഗ് കാണാനിടയുണ്ടായി . ഞാൻ ഇന്നേവരെ ഇത്രയും മനോഹരമായും ശാസ്ത്രീയമായും ഇക്കാര്യത്തെ ക്കുറിച്ചു ഒരു ലേഖനവും കണ്ടിട്ടില്ല. ഇതിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. വളരെ ഉപകാരപ്രദമായ ഈ ബ്ലോഗ് നാം ഓരോരുത്തരും വായിക്കുകയും അതിലെ വീഡിയോസ് കണ്ടിരിക്കേണ്ടതുമാണ്.
http://driving-india.blogspot.com/
മേൽ പറഞ്ഞ ബ്ലോഗിനെ ആസ്പദമാക്കി ഒരു ചെറിയ പരമ്പര നമ്മുടെ ഗ്രൂപ്പിലൂടെ ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.
അതോടൊപ്പം തന്നെ താഴെ പറയുന്ന തരത്തിലുള്ള കമന്റ്കളും പ്രതീക്ഷിക്കുന്നു. പക്ഷെ അത്തരക്കാർ ഇത് പിന്തുടരണമെന്നില്ല.
1 , ഇതൊന്നും ഇവിടെ നടക്കില്ല 2 , എന്നെ പഠിപ്പിക്കേണ്ട, ഞാൻ കുറെ കാലമായി വണ്ടിയോടിക്കുന്നു. നീയൊക്കെ ജനിക്കുന്നതിനു മിൻപ് നമ്മൾ ഈ സീനിലുണ്ട്., അങ്ങനെ പലതും.
സ്വന്തം ജീവനെയും ജീവിതത്തെയും, സ്വന്തം കുടുംബത്തെയും സ്നേഹിക്കുന്നവർ ക്കു മാത്രമായുള്ളതാണ് ഈ പരമ്പര.
തെറ്റുകുറ്റങ്ങൾ ഉണ്ടെകിൽ തിരുത്തുക
സ്നേഹത്തോടെ
ബിനോയ് എൻ എസ്
ഡ്രൈവിംഗ് -ഒരു നല്ല സംസ്കാരം ഉയർന്നുവരട്ടെ
അധ്യായം 2
(നിങ്ങളുടെ വാഹനത്തെ അറിയുക) KNOW YOUR VEHICLE
ഏതൊരു വാഹനവും ഉപയോഗിക്കുന്നതിനു മുൻപ് ആ വാഹനത്തെ കുറിച്ചുള്ള പരമാവധി വിവരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. അതിന് ഏറ്റവും നല്ല മാർഗം, ഓണേഴ്സ് മാനുവൽ വായിക്കുക എന്നുള്ളതാണ്. കുറച്ചു സമയം അതിനു വേണ്ടി ചെലവഴിക്കുക.
ഓണേഴ്സ് മാനുവലിൽ, ഒരു വാഹനത്തിന്റെ എല്ലാ സവിശേഷതകളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും ആധികാരികമായി പറഞ്ഞിട്ടുണ്ടാവും.
ആധുനിക വാഹനങ്ങളിലെ ABS (ആന്റിലോക്ക് ബ്രേക്ക് സിസ്റ്റം ), ESP (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ACC (അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ), റീടാർഡേഴ്സ്,, എക്സ്ഹ്യുസ്ട് ബ്രേക്ക് എന്നിവ, വാഹനത്തിനു പരമാവധി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു.
ഏതൊരു വാഹനത്തിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അവ പരമാവധി മനസ്സിലാക്കി, ആ അതിർവരമ്പുകൾ ലംഘിക്കാതെ വാഹനം ഉപയോഗിക്കുക. വാഹനത്തിന്റെ ബ്രേക്കിംഗ് ഡിസ്റ്റൻസ്, ആക്സിലറേഷൻ, ബോഡി റോൾ എന്നിവ മനസ്സിലാക്കിയതിനു ശേഷം മാത്രം വേഗതയിലുള്ള യാത്ര തുടങ്ങിയാൽ മതി.
ഇനി പറയുന്നത് ലൈറ്റ് സിഗ്നൽ നെ കുറിച്ചാണ്. ഇന്നിറങ്ങുന്ന എല്ലാ വാഹങ്ങളിലും ലൈറ്റ് സിഗ്നൽ ഉണ്ട്. ലൈറ്റ് സിഗ്നൽ വാഹനങ്ങളുടെ ഡ്രൈവർമാർ തമ്മിലും മറ്റു റോഡ് ഉപഭോകതാക്കൾ തമ്മിലുമുള്ള ആശയ വിനിമയത്തിനുള്ളതാണ്.
ബ്രേക്ക് ലൈറ്റ്
ഇരുചക്രവാഹനങ്ങൾ(ക്കൊഴികെ ഭൂരിഭാഗം വാഹങ്ങൾക്കും പിറകിൽ മൂന്ന് ബ്രേക്ക് ലൈറ്റുകൾ ഉണ്ടാകും. (left, Right, High Mount Safety lamp). ഇരുചക്രവാഹങ്ങളിൽ ഒരണ്ണമാണ് സാധാരണയായി കാണുന്നത്.
നിങ്ങൾ ബ്രേക്ക് പെഡലിൽ കാൽ അമർത്തിയാൽ തനിയെ പിറകിലെ ബ്രേക്ക് ലൈറ്റ് തെളിയും. അത് പിന്നിൽ വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് മുന്നിലെ വാഹനം നിർത്തുവാനോ, വേഗം കുറക്കുവാനോ ശ്രമിയ്ക്കാണെന്നുള്ള വിവരം നൽകും. നിങ്ങൾ വേഗം കുറക്കാൻ ഉദ്ദേശ്ശിക്കുന്നുണ്ടെകിൽ, ബ്രേക്ക് പെഡൽ, ഭാഗികമായി അമർത്തിയാൽ പിറകിലെ ബ്രേക്ക് ലൈറ്റ് തെളിയുകയും, അത് മറ്റു വാഹങ്ങൾക്കു നിങ്ങൾ വേഗം കുറക്കാൻ ഉദ്ദേശിക്കുന്നു എന്നുള്ള അറിവ് നൽകുന്നു.
ഇടത്തോട്ടും വലത്തോട്ടും തിരിക്കുവാനായി ടേൺ ഇന്ഡിക്കേറ്റർ ഉപയോഗിക്കുന്നത് എല്ലാവര്ക്കും അറിയാം. പക്ഷെ എത്ര ദൂരം മുൻപേ ഇന്ഡിക്കേറ്റർ ഇടണം എന്നുള്ളത് പലർക്കും അറിയില്ല .
നഗരത്തിലെ റോഡുകളിൽ, നിങ്ങൾ തിരിയാൻ ഉദ്ദേശിക്കുന്ന പോയിന്റിന്റെ ഏകദേശം കുറഞ്ഞത് 10 സെക്കന്റ് മുൻപേ ഇന്ഡിക്കേറ്റർ പ്രവർത്തിക്കണം. കാരണം മറ്റു ഡ്രൈവർമാർക്ക്, ഇന്ഡിക്കേറ്റർ കണ്ടു, ഒരു തീരുമാനമെടുക്കാനായുള്ള സമയമാണ് ഇത്. ഹൈവേകളിൽ 15 സെക്കന്റ് വേണം. കാരണം, വാഹനത്തിന്റെ വേഗം കൂടുമ്പോൾ, ഒരു സെക്കൻഡിൽ യാത്രചെയ്യുന്ന ദൂരവും കൂടും. (ഈ പറഞ്ഞ സമയം ഏറ്റവും കുറഞ്ഞതാണ്.)
ഇന്നത്തെ വാഹങ്ങളിൽ ഇന്ഡിക്കേറ്റർ ഓട്ടോ കട്ട് ഓഫ് ഉണ്ട്. എന്നിരുന്നാലും, വാഹനം തിരിഞ്ഞതിനുശേഷം ഇന്ഡിക്കേറ്റർ ഓഫ് ആയി എന്ന് ഉറപ്പുവരുത്തുക. കാരണം അല്ലെങ്കിൽ അത് നിങ്ങളുടെ വാഹനത്തെ കുറിച്ച് മറ്റു വാഹങ്ങൾക്കു തെറ്റായ വിവരമാണ് നൽകുന്നത്.
നമ്മുടെ നാട്ടിൽ , ഭൂരിഭാഗം ഡ്രൈവർമാരും വലത്തോട്ട് തിരിയാൻ ഇന്ഡിക്കേറ്റർ ഉപയോഗിക്കാറുണ്ട്. പക്ഷെ ഇടത്തോട്ട് തിരിയാൻ വളരെ കുറച്ചുപേരെ ഇന്ഡിക്കേറ്റർ ഉപയോഗിക്കുന്നുള്ളൂ. വാഹനം ഇടത്തോട്ട് തിരിയുമ്പോളും നിർബന്ധമായും ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കുക.
ഓട്ടോറിക്ഷക്കും ഇതെല്ലാം ബാധകമാണ്.
വാഹനം തിരിയുമ്പോൾ മാത്രമല്ല, ലെയ്ൻ മാറുമ്പോളും, ദിശ മാറുമ്പോളും ഇന്ഡിക്കേറ്റർ ഉപയോഗിക്കേണ്ടതാണ്. അതിനെക്കുറിച്ചെല്ലാം വരും ദിവസ്സങ്ങളിൽ പറയുന്നതാണ്.
NB: ഇൻഡിക്കേറ്റർ ഇട്ടുകഴിഞ്ഞാൽ നിങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു, മറ്റൊന്നും നോക്കാതെ തിരിയാം എന്നല്ല. റോഡിൽ ചില മുൻഗണകളും മര്യാദകളും ഉണ്ട് (Priorities and Courtesies). അത് പ്രത്യകം ചർച്ച ചെയ്യുന്നതാണ്.
ഹസാഡ് വാണിംഗ് സിഗ്നൽ. (എല്ലാ ടേൺ ഇന്ഡിക്കേറ്ററും ഒരുമിച്ചു പ്രവർത്തിക്കുന്ന സിഗ്നൽ)
ഹസാഡ് വാണിംഗ് സിഗ്നൽ എന്നുള്ളത്, നിങ്ങളുടെ വാഹനം താൽക്കാലികമായി വഴിയിൽ ഒരു തടസ്സമാകുമ്പോൾ ഉപയോഗിക്കുന്നതിനാണ്. ഉദാഹരണത്തിന്, പഞ്ചർ, വാഹനം നിന്നുപോകുക, കെട്ടിവലിക്കേണ്ടിവരുക എന്നീ സാഹചര്യങ്ങൾ.
നമ്മുടെ നാട്ടിൽ ഒരു ജംഗ്ഷനിൽ നേരെ പോകുവാനായി ഹസാഡ് വാണിംഗ് സിഗ്നൽ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. അത് തെറ്റാണ്. (പച്ചാളം ഭാസി ഗവേഷണം ചെയ്തു കണ്ടുപിടിച്ച അടവുപോലെ, അങ്ങനെ വേറെയും പലതുണ്ട് ) . ഈ ഒരു കീഴ്വഴക്കം തുടങ്ങുന്നത് എന്റെ അനുമാനത്തിൽ ഹ്യൂണ്ടായ് സാൻട്രോ ഇറങ്ങിയതിനു ശേഷമാണ്. കാരണം സാന്ട്രോയിലാണ് ആദ്യമായി , ഇന്ത്യയിൽ ഹസാഡ് വാണിംഗ് സ്വിച്ച് ഡാഷ്ബോര്ഡിന്റെ മധ്യത്തിൽ വച്ചുവന്നത്. ഹസാഡ് വാണിംഗ് ചിഹ്നം ഒരു ത്രികോണ ആകാരമായതുകൊണ്ടു, പലരും നേരെ പോകാനുള്ളതാണെന്ന് തെറ്റിദ്ധരിച്ചു. സാൻട്രോക്കു മുൻപുള്ള മരുതിയിലും അംബാസ്സഡറിലും (അന്നത്തെ അംബാസ്സഡറിൽ ഹസാർഡ് വാണിംഗ് ഉണ്ടായിരുന്നോ എന്നറിയില്ല) ഹസാഡ് വാണിംഗ് സ്വിച്ച്, സ്റ്റിയറിംഗ് കോളത്തിലായിരുന്നു ഘടിപ്പിച്ചിരുന്നത്. (സ്റ്റിയറിംഗ് വീലിനും ഇൻസ്റ്റ്മെന്റ് ക്ലസ്റ്ററിനും ഇടയിൽ ). അത് പലരും കണ്ടിട്ടില്ലെന്നു മാത്രമല്ല അതിന്റെ സ്ഥാനത്തിന്റെ ബുദ്ധിമുട്ടു കാരണം പ്രവർത്തിപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല.
റിവേഴ്‌സ് സിഗ്നൽ
ഇന്നുള്ള എല്ലാ വാഹനങ്ങളിലും (ഇരുചക്രമൊഴികെ) റിവേഴ്‌സ് സിഗ്നൽ ലൈറ്റ് ഉണ്ട്. വാഹനം റിവേഴ്‌സ് ഗിയർ ഇട്ടാൽ താനെ തെളിയുന്നതാണ്. അത് പിന്നിലെ വാഹനങ്ങൾക്കും മറ്റു ആളുകൾക്കും വാഹനം പിറകോട്ടു വരുന്നതിനെ കുറിച്ച് വിവരം നൽകുന്നു.
ഫോഗ് ലാമ്പ്.
മൂടൽ മഞ്ഞു, മഴ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ കൂടുതൽ മികച്ച കാഴ്ച നൽകുവാനാണ് ഫോഗ് ലാമ്പ്. ഫോഗ് ലാമ്പ് വാഹനത്തിന്റെ താഴെ ഘടിപ്പിച്ചിരിക്കുന്നതിനാൽ, മഞ്ഞുകണികകളിൽ തട്ടി ചിതറുന്നത് കുറയുകയും കൂടുതൽ കാഴ്ച പ്രധാനം ചെയ്യുകയും ചെയുന്നു.
ചില വാഹനങ്ങളിൽ പിന്നിലും ഫോഗ് ലാമ്പ് ഉണ്ട്. അത്, പ്രതികൂല കാലാവസ്ഥയിൽ പിറകെ വരുന്ന വാഹനങ്ങൾക്ക് നിങളുടെ വാഹനത്തെ കൂടുതൽ കാണാനായി സഹായിക്കുന്നു. എങ്ങനെയെന്ന് വച്ചാൽ സാധാരണ ടെയിൽ ലാമ്പ് 5 വാട്ട്സ് ആണ് (ഫിലമെന്റ് ബൾബ്). ഫോഗ് ലാംപ് സാധാരണയായി 21 വാട്ട്സ് ആണ്. അതായത് കൂടുതൽ പ്രകാശം.
ഈ പറഞ്ഞ ലൈറ്റ് സിഗ്നൽ എല്ലാം തന്നെ വാഹനം വാങ്ങുബോൾ കമ്പനി നൽകുന്നതാണ്. (Fog lamps Optional)അതായത് നിങ്ങൾ അതിന്റെ പൈസ കൊടുത്തിട്ടുണ്ട്. ഇനി അത് ഉപയോഗിക്കുന്നതും പരിപാലിക്കുന്നതും നിങ്ങളുടെ അല്ലെങ്കിൽ, നിങ്ങളുടെ വാഹനത്തിന്റെ ഡ്രൈവറുടെ കടമയാണ്.
ഇന്നത്തേക്ക് ഇത്ര മാത്രം, അടുത്ത ആഴ്ച റിയർ വ്യൂ മിറർ, അതിന്റെ ക്രമീകരണം, അത് ഉപയോഗിക്കുന്ന വിധം, ഉപയോഗിക്കേണ്ട സാഹചര്യങ്ങൾ, Blind Spot, യാത്രക്കുമുന്പുള്ള വാഹന പരിശോധന (Pre Trip Inspection) എന്നിവ ചർച്ച ചെയ്യാം .
എന്ന് സ്നേഹപൂർവ്വം
ബിനോയ് എൻ എസ്
ഡ്രൈവിംഗ് - ഒരു സാംസ്കാരിക മുന്നേറ്റം
അധ്യായം 3
ശ്രദ്ധിച്ചു വാഹനം ഓടിക്കണമെന്നു നമുക്കെല്ലാവർക്കും അറിയാം, എല്ലാവരും പറഞ്ഞുതരാറുമുണ്ട്. പക്ഷെ, എപ്പോഴെല്ലമാണ് കൂടുതൽ ശ്രദ്ധ വേണ്ടത് ,എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലർക്കുമറിയില്ല, ആരും പറഞ്ഞു തരാറുമില്ല . ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഒരു വാഹനം ഓടിക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കേണ്ടതും, എന്നാൽ പലരും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കാത്തതുമായ രണ്ട് കാര്യങ്ങളെക്കുറിച്ചാണ്. 1 -റിയർ വ്യൂ മിറർ-REAR VIEW MIRROR (പിൻ കാഴ്ച്ച കണ്ണാടി ) 2 . ബ്ലൈൻഡ് സ്പോട് -BLINDSPOT (കാണാൻ കഴിയാത്ത ഇടം)
1 -റിയർ വ്യൂ മിറർ-REAR VIEW MIRROR (പിൻ കാഴ്ച്ച കണ്ണാടി )
വാഹനത്തിന്റെ പിൻവശത്തേക്കുള്ള കാഴ്ചയ്ക്കായി ഡ്രൈവറുടെ സഹായ കണ്ണുകളാണ് റിയർ വ്യൂ മിററുകൾ.(RVMs)
നിരത്തിലൂടെ ഓടുന്ന ഏതൊരുവഹനത്തിനും (ഇരുചക്രവാഹങ്ങൾക്കടക്കം) ചുരുങ്ങിയത് രണ്ട് റിയർ വ്യൂ മിററുകൾ (rear view mirror) നിർബന്ധമായും വേണം (വാഹനത്തിന്റെ ഇടതും വലതും വശത്തായി). ഇവ വാഹനത്തിന്റെ പുറത്തു വച്ചിരിക്കുന്നതിനാൽ ഇതിനെ ഔട്ട് സൈഡ് റിയർ വ്യൂ മിറർ(Outside Rear View Mirror) അഥവാ ORVM എന്നുവിളിക്കുന്നു.
ചെറിയ വാഹനങ്ങളിൽ (Eg കാറുകളിൽ ), വാഹനത്തിന്റെ പിറകിലെ ചില്ലിലൂടെ കൂടുതൽ പിൻ കാഴ്ച്ച ലഭിക്കാനായി വാഹനത്തിന്റെ ഉള്ളിൽ ഘടിപ്പിക്കുന്ന മിറർ ആണ് ഇന്സൈഡ് റിയർ വ്യൂ മിറർ(Inside Rear View Mirror). IRVM.
ORVM വശങ്ങളിലെ കൂടുതൽ കാഴച്ച ലഭിക്കുന്നതിനായി കോൺവെക്സ് ആകൃതിയിലുള്ളതായിരിക്കും.
ബസ്, ട്രക്ക് തുടങ്ങിയ വലിയ വാഹങ്ങളിൽ മേൽ പറഞ്ഞ മിററുകൾ കൂടാതെ ഫ്രണ്ട് ഫെൻഡർ പ്രോക്സിമിറ്റി മിറാർ, ലെഫ്റ് സൈഡ് ബ്ലൈൻഡ്സ്പോട് പ്രോക്സിമിറ്റി മിറർ എന്നിവ ഉണ്ടായിരിക്കും. ഇത്തരം മിററുകൾ, ഒരു ഡ്രൈവർക്ക് ആ വാഹനത്തിന്റെ കാഴ്ച എത്താത്ത സ്ഥലങ്ങളിലെ കാര്യങ്ങൾ മിററിലൂടെ കണ്ടുകൊണ്ട് സുരക്ഷിതമായി വാഹനമോടിക്കാൻ സഹായിക്കുന്നു. ചിത്രങ്ങൾ ഇവിടെ കൊടുക്കുന്നു.
ഏതൊരു ഡ്രൈവറും ഇത്തരം മിററുകൾ ക്രമീകരിക്കുവാനും ഫോക്കസ് ചെയ്യാനും, അത് സമയാ സമയങ്ങളിൽ നോക്കി ഉപേയാഗിക്കുവാനും പരിശീലനം നേടേണ്ടതാണ്.
റിയർ വ്യൂ മിററുകളുടെ ക്രമീകരണം
IRVM -ഇന്സൈഡ് റിയർ വ്യൂ മിറർ ക്രമീകരിക്കാൻ ഒരുവിധം എല്ലാവര്ക്കും അറിയാം. വാഹനത്തിന്റെ പിൻ ചില്ലിലൂടെ പരമാവധി പിൻ കാഴ്ച്ച ലഭിക്കുന്ന രീതിയിൽ മിറർ ക്രമീകരിക്കുക. IRVM നു ഒരു പോരായ്മ എന്നത്, ഇതിലൂടെ വശങ്ങളിലെ കാഴ്ചകൾ കാണാൻ കഴിയില്ല എന്നുള്ളതാണ്. ഇക്കാലത്ത് വാഹനത്തിന്റെ വശക്കാഴ്ച വളരെ പ്രധാന്യമുള്ളതാണ്.
ORVM-IRVM -ഔട്ട് സൈഡ് റിയർ വ്യൂ മിറർ ക്രമീകരണം: ഒരു വാഹനത്തോടെ ORVM, ആ മിററിലൂടെ അതാതുവശത്തെ പരാമാവധി കാഴ്ച ലഭിക്കുന്നതോടൊപ്പം, വാഹനത്തിന്റെ പിന്നറ്റത്തിന്റെ ഒരു 5% മുതൽ 10 % വരെ മിററിലൂടെ കാണുന്നരീതിയിൽ ക്രമീകരിക്കുക. ഇതെന്തിനാണെന്നുവച്ചാൽ മിററിലൂടെ കാണുന്ന വാഹനങ്ങളും വസ്തുക്കളും നമ്മുടെ വാഹനവുമായി എത്രമാത്രം അടുത്താണെന്നു ഒരു നിഗമത്തിനുവേണ്ടിയാണ്. ചിത്രങ്ങൾ ഇവിടെ കൊടുക്കുന്നു.
എപ്പോഴെല്ലാം മിറർ നോക്കണം?
ഒരു നല്ല ഡ്രൈവർ, അദ്ദേഹം വാഹനമോടിക്കുമ്പോൾ ഓരോ 6 മുതൽ 8 സെക്കന്റ് ഇടവേളകളിൽ ORVM s നോക്കേണ്ടതാണ് (കാക ദൃഷ്ടി ). മാത്രമല്ല, വാഹനം, നിശ്ചലാവസ്ഥയിൽനിന്ന് യാത്ര തുടരുമ്പോളും, ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോളും, ദിശ മാറുമ്പോളും, ലെയിൻ മാറുമ്പോളും, വേഗം കുറക്കുമ്പോളും, നിർത്തുമ്പോളും മിററുകൾ നോക്കി പിന്നിലും വശങ്ങളിലും വാഹനത്തോടുചേർന്ന് അപകടകരമായരീതിയിൽ മറ്റു വാഹനങ്ങളോ കാല്നടക്കാരോ ഇല്ലെന്നു ഉറപ്പുവരുത്തി വാഹനത്തെ നിയന്ത്രിക്കണം.
ഓരോ 6 - 8 സെക്കൻഡിൽ ORVM നോക്കുമ്പോൾ, മറ്റു വാഹങ്ങളുടെ (പിന്നിലെയും, ഇരുവശത്തേയും) സ്ഥാനം നമ്മുടെ വാഹനവുമായി എത്രമാത്രം അടുത്താണെന്നുള്ള ഒരു നിഗമം മനസ്സിലുണ്ടാക്കണം..( അതായത് ഒരു ക്രിക്കറ്റ് ബാറ്റ്സ്മാൻ ഓരോ ബോളും നേരിടുന്നതിനുമുന്പ്, ഫീൽഡർമാരുടെ സ്ഥാനം നോക്കി , ഫിലീഡർ ഇല്ലാത്ത വശത്തേക്ക് ഷോട്ട് തിരഞ്ഞടുക്കത്തുപോലെ. അല്ലാതെ നമ്മുടെ നാട്ടിൻപുറത്തെ കണ്ടത്തിൽ കളിക്കുന്നതുപോലെ ഒന്നും നോക്കാതെ വെറുതെ അടിച്ചാൽ പെട്ടന്ന് തന്നെ ഔട്ട് ആകും.)
ഒരു തുടക്കക്കാരാണ് ഇത് കുറച്ചു ബുദ്ധിമുട്ടാണെങ്കിലും, അർപ്പണമനോഭാവത്തോടെ പരിശ്രമിച്ചാൽ ആർക്കും സ്വായത്തമാക്കാവുന്നതേയുള്ളു. ( അങ്ങനെ പരിശീലിച്ചാൽ പിന്നീട് നിങ്ങള്ക്ക് മിററുകൾ ഇല്ലാത്ത വാഹങ്ങൾ ഓടിക്കാനേ തോന്നില്ല.)
വാഹനം വലത്തോട്ടു തിരിക്കുമ്പോൾ, വലത്തേ ORVM കൂടുതലായി നോക്കുകയും (മിററിൽ മുഴുവൻ സമയവും നോക്കിയിരിക്കരുത്, Just a glance), ഇടത്തോട്ടു തിരിക്കുമ്പോൾ ഇടത്തെ ORVM ഉം ഇടത്തെ ബ്ലൈൻഡ്സ്പോട് പ്രോക്സിമിറ്റി മിററും കൂടുതലായി നോക്കി, മാറ്റുവാഹനങ്ങളിൽ തട്ടാതെ വാഹനത്തിന്റെ നിയയന്ത്രിക്കേണ്ടതാണ്. അങ്ങനെ ചെയ്യുമ്പോൾ, തിരിയുന്നതിനുവേണ്ട ഇൻഡിക്കേറ്റർ സിഗ്നൽ കുറഞ്ഞത് 15 സെക്കന്റ് മുൻപെങ്കിലും ഇടുവാൻ മറക്കരുത്.
Youtube Link: https://www.youtube.com/watch?v=00N2kQRKVdY
ഓരോ തവണയും മിറർ നോക്കുമ്പോൾ, നിങളുടെ പിറകിൽ വരുന്ന വാഹനവും അതിന്റെ നിറവും ഒന്ന് മനസ്സിൽ വക്കുക. (ഉദാ : ഒരു ചുവന്ന സ്വിഫ്റ്റ് കാർ , അല്ലെങ്കിൽ കെടിഎം ഡ്യുക്കിൽ വരുന്ന ഒരു ഫ്രീക്കൻ). അടുത്ത 6 സെക്കന്റിനു ശേഷം നിങ്ങൾ വീണ്ടും മിറർ നോക്കുമ്പോൾ , ആ വാഹനം നിങ്ങളുടെ മിററിൽനിന്നും അപ്രത്യക്ഷമായെങ്കിൽ, രണ്ടു കാര്യങ്ങൾക്കാണ് സാധ്യത. ഒന്ന്: ആ വാഹനം നിങ്ങൾ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന റോഡിൽനിന്നും വേറെ റോഡിലേക്ക് പ്രവേശിച്ചിരിക്കാം. രണ്ട് : ആ വാഹനം നിങ്ങളുടെ ബ്ലൈൻഡ്സ്പോട്ടിൽ ആണ്. രണ്ടാമത്തെ കാര്യം വളരെ അപകടകരമാണ്. കാരണം ആ വാഹനം നിങ്ങളുടെ ബ്ലൈൻഡ് സ്പോട്ടിൽ ആണെങ്കിൽ , നിങ്ങൾ ആ വാഹനത്തിന്റെ ദിശയിലേക്കു തിരിച്ചാൽ ആ വാഹനവുമായി ഇടിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്താണ് ബ്ലൈൻഡ് സ്പോട് ?
BLINDSPOT- ബ്ലൈൻഡ് സ്പോട്- കാണാൻ കഴിയാത്ത ഇടം
ഒരു വാഹനത്തിന്റെ ഡ്രൈവർക്ക്, നേരിട്ടോ, മിററുകളിലൂടെയോ കാണാൻ കഴിയാത്ത ഭാഗങ്ങളെ ബ്ലൈൻഡ് സ്പോട് എന്ന് പറയുന്നു . അതിന്റെ ചിത്രങ്ങൾ ഇവിടെ കൊടുക്കുന്നു.
എല്ലാവാഹങ്ങളിലും ബ്ലൈൻഡ്‌സ്‌പോട് ഉണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. വലിയവാഹനങ്ങളിൽ ബ്ലൈൻഡ്‌സ്‌പോട് വളരെ കൂടുതലാണ്. എല്ലാ റോഡ് ഉപഭോക്താക്കളും അതായതു കാൽനടക്കാരും സൈക്കിൾയാത്രക്കാരും അടക്കം എല്ലാവരും ബ്ലൈൻഡ് സ്പോട് എന്താണെന്നുള്ളത് അറിഞ്ഞിരിക്കേണ്ടതും പരമാവധി വാഹങ്ങളുടെ (പ്രത്യേകിച്ചും വലിയ വാഹനങ്ങളുടെ ) ബ്ലൈൻഡ്‌സ്‌പോട്ടിൽനിന്നും ഒഴിഞ്ഞു നില്കേണ്ടതുമാണ്.
ഒരു പൊടിക്കൈ : നിങ്ങൾ ഒരു ചെറിയ വാഹനം ഉപയോഗിക്കുമ്പോളോ, കാൽ നട യാത്രചെയ്യുമ്പോളോ, എങ്ങനെ ഒരു വലിയ വാഹനത്തിന്റെ ബ്ലൈൻഡ്‌സ്‌പോട്ടിൽ നിന്നും ഒഴിഞ്ഞുനിൽക്കാം.
അതായത് നിങ്ങള്ക്ക് നിങ്ങളുടെ അടുത്തുള്ള വലിയ വാഹനത്തിന്റെ സൈഡ് മിററുകൾ കാണാൻ സാധിക്കാതെ വരുകയോ, അഥവാ ആ വാഹനത്തിന്റെ മിററുകൾ കാണുകയാണങ്കിൽ ആ മിററിലൂടെ ആ വാഹനത്തിന്റെ ഡ്രൈവറുടെ മുഖം നിങ്ങള്ക്ക് കാണാനാകുന്നില്ലെങ്കിൽ, അതിനർത്ഥം നിങ്ങൾ ആ വാഹനത്തിന്റെ ബ്ലൈൻഡ്‌സ്‌പോട്ടിൽ ആണ്. അതായതു നിങ്ങൾ ഒരു അപകടമേഖലയിലാണ് “ you are trapped”
താഴെ പറയുന്ന കാര്യങ്ങളിലൂടെ ബ്ലൈൻഡ് സ്പോട് ഒരു പരിധി വരെ കുറക്കാം
1 : ഡ്രൈവർ കൂടുതലായി വശങ്ങളിലേക്ക് കഴുത്തു തിരിച്ചു നോക്കുക.
2 : ബ്ലൈൻഡ് സ്പോട് കുറക്കുന്ന കുഞ്ഞൻ കോൺവെക്സ് മിററുകൾ ഉപയോഗിക്കുക.
3 : ഇടത്തെ ബ്ലൈൻഡ് സ്പോട് ഒരു സഹായിയുടെ സഹായത്തോടെ കുറക്കാം
4 : 360 ഡിഗ്രി ബേർഡ് വ്യൂ കാമറ സിസ്റ്റം ഉപയോഗിക്കുക. 360 degree bird view camera.
ഇവിടെ ചിത്രത്തിൽ സാധാരണ ORVM ഇൽ കാണാത്ത ഒരു ട്രക്ക്, ബ്ലൈൻഡ് സ്പോട് മിററിൽ നിങ്ങള്ക്ക് കാണാം.
ഒരു ബസ്സിന്റെ ബ്ലൈൻഡ് സ്പോട്ടിനെ കുറിച്ച് KSRTC (കർണാടക) ഒരു യൂട്യൂബ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു.
https://www.youtube.com/watch?v=nCO3zYj-mok
വാൽകഷ്ണം :
ഇരുചക്ര വാഹന ഉപയോക്താക്കളുടെ ശ്രദ്ധക്ക് (ഞാനടക്കം) :
1 , ട്രാഫിക് നിയമങ്ങൾ നിങ്ങളുടെ സുരക്ഷക്കും ദീർഘായുസ്സിനുമുള്ളതാണ്.
2 , ഇരുചക്ര വാഹനങ്ങൾക്ക് എല്ലാ ട്രാഫിക് നിയമങ്ങളും ബാധകമാണ്.
3, ഇരുചക്രവാഹനങ്ങൾക്കു, രണ്ടു ചക്രമേയുള്ളൂ , അത് എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ഒരു തുലനാവസ്ഥയിലാണ് സഞ്ചരിക്കുന്നത്. ഒരു ചെറിയ കല്ലിൽ തട്ടിയാലോ ഒരു ചെറിയ കുഴിയിൽ വീണാലോ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാം .
4, ഇന്ത്യയിൽ നടക്കുന്ന ഭൂരിഭാഗം അപകടങ്ങളിലും ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നത് ഇരുചക്രവാഹന അപകടങ്ങളിലൂടെയാണ്.
5, നിങ്ങളുടെ ജീവന് നിങ്ങൾക്കും കൂടെ സംരക്ഷണ ഉത്തരവാദിത്തമുണ്ട്.
6 , ഒരു വലിയവാഹനത്തിന്റെ ഡ്രൈവർക്കു ഇരുചക്ര വാഹനം കാഴ്ചയിൽ പെടാനായി സാങ്കേതികമായി കുറച്ചു പരിമിതികളുണ്ട്. കാരണം, ഇരുചക്രവാഹങ്ങൾ , ആകാരത്തിൽ ചെറുതാണ്, അവയുടെ ചലനങ്ങൾ വളരെ വേഗത്തിലാണ്, കൂടുതലായും ഇരുണ്ട നിറ ത്തിലുള്ളവയാണ്.
7 , ഇരുചക്രവാഹങ്ങൾ പകൽ സമയത്തും ഹെഡ് ലൈറ്റ് ഓൺ ചെയ്തു യാത്ര ചെയ്താൽ മറ്റു വാഹങ്ങൾക്കു കൂടുതൽ കാഴ്ചയിൽ വരുവാനായി സഹായിക്കും. (BS 4 മുതലുള്ള ഇരുചക്ര വാഹനങ്ങൾക്ക് മുഴുവൻ സമയവും ഹെഡ് ലൈറ്റ് ഓൺ ആകുന്ന സംവിധാനമുണ്ട് )
ഇന്നത്തേക്ക് ഇത്രമാത്രം
ഇതിൽ കൊടുത്തിട്ടുള്ള ചിത്രങ്ങൾ ഗൂഗിൾ നൽകിയതാണ്. അതിനുള്ള കടപ്പാട് ഇവിടെ അറിയിക്കുന്നു.
Dr . അഥിരാജിന്റെ യൂട്യൂബ് ലിങ്ക് കൊടുക്കുന്നു. നിങ്ങൾ അതു കണ്ടു കൂടുതൽ ബോധവാന്മാരാകണമെന്ന് അപേക്ഷിക്കുന്നു
https://www.youtube.com/user/adhirajjoglekar/videos
https://www.youtube.com/watch?v=00N2kQRKVdY
എന്ന് സ്നേഹപൂർവ്വം നിങ്ങളുടെ
ബിനോയ് എൻ എസ്
അദ്ധ്യായം 4
യാത്രക്കു മുൻപുള്ള പരിശോധന - PRE TRPI INSPECTION
വാഹനങ്ങൾ നട്ട്, ബോൾട് തുടങ്ങിയ യാന്ത്രിക മായ വസ്തുക്കളാൽ മാത്രമല്ല ഒരുപാട് എലെക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ട് കൂടിയാണ് പ്രവർത്തിക്കുന്നത് .
ഇന്നത്തെ വാഹനങ്ങൾ എല്ലാം തന്നെ വളരെ സൂക്ഷമമായ ഗുണനിലവാരത്തിൽ നിർമിച്ചവയാണെങ്കിലും, അവക്കെല്ലാം നിശ്ചിത കാലയളവിലുള്ള പരിശോധന ആവശ്യമാണ്. ഓണേഴ്സ് മാനുവൽ പരിശാധന രണ്ടാമത്തെ അധ്യായത്തിൽ പറഞ്ഞിരുന്നു. നിങ്ങൾ എല്ലാവരും അത് പ്രാവർത്തികമാക്കി എന്ന് കരുതുന്നു.
ഇന്ന് ഒരു വാഹനത്തിന്റെ യാത്രക്കുമുന്പുള്ള പരിശോധനയുടെ പൊതുവായി ആവശ്യമുള്ള കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. പക്ഷെ ഓരോ വാഹനത്തിനും അതിന്റെതായ തനതു പരിശോധന അതിന്റെ ഓണേഴ്സ് മാന്വൽ നോക്കി മനസിലാക്കുക. ഈ ഒരു കാര്യത്തെ കുറിച്ചുള്ള യൂട്യൂബ് വീഡിയോ പരിശോധിച്ചപ്പോൾ ഒന്നും തന്നെ ഇന്ത്യയിൽ നിന്നുള്ളത് കിട്ടിയില്ല. നമ്മുടെ നാട്ടിൽ ഇത് എത്രമാത്രം ഇക്കാര്യം അവഗണിക്കുന്നു എന്ന് ഇത് കാണിക്കുന്നു.
പക്ഷെ കാനഡയിൽ ചിത്രീകരിച്ച മലയാളത്തിലുള്ള ഒരു വീഡിയോ ഇവിടെ കൊടുക്കുന്നു
https://www.youtube.com/watch?v=fmy_QOk7dkQ.
ഇത് നിങ്ങള്ക്ക് തീർച്ചയായും ഇഷ്ടപ്പെടും.
ആഗോള മോട്ടോർ വാഹന രംഗത്ത് ഒരു ചൊല്ലുണ്ട്. "ഒരു വാഹനത്തിന്റെ ഏറ്റവും പ്രധാനമായ ഭാഗം സ്റ്റിയറിംഗ് വീലിനു പിന്നിലായുള്ള നട്ട് ആണ് "
The most important part of any automobile is the “nut behind the steering wheel”
തെറ്റിദ്ധരിക്കേണ്ട, അത് നിങ്ങൾ തന്നെ യാണ്. അതായതു ആ വാഹനത്തിന്റെ ഡ്രൈവർ
നിർഭാഗ്യവശാൽ ഇക്കാര്യമാണ് നമ്മുടെ രാജ്യത്തു ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയുണ്ടായ ബസ് അപകടത്തിന്റെ മൂലകാരണം ട്രക്ക് ഡ്രൈവർ ഉറങ്ങിയതുകൊണ്ടാണെന്നു ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളോ വിശ്രമക്കുറവോ ഉണ്ടെങ്കിൽ ദയവുചെയ്ത് വാഹനം ഓടിക്കാതിരിക്കുക. അത് നിങ്ങളുടെയും, മറ്റുള്ളവരുടെയും ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്. കുറഞ്ഞത് ഒരു 8 മണിക്കൂറെങ്കിലും വിശ്രമം ഒരു യാത്രക്കുമുന്പ് ഒരു ഡ്രൈവർക്കു ആവശ്യമുണ്ട്. ഇന്ത്യൻ റെയിൽവേ ഇക്കാര്യത്തിൽ ഒരു മാതൃകയാണ്. പക്ഷെ KSRTC ഇത് പലപ്പോഴും അവഗണിക്കുന്നു.
അതുപോലെ തന്നെ ഓരോരുത്തരും അവരുടെ കണ്ണിന്റെ കാഴ്ച യഥാസമയങ്ങളിൽ പരിശോധിച്ചു കണ്ണടയുടെ പവർ കൃത്യമാക്കണമെന്നു അപേക്ഷിക്കുന്നു
ഇന്നുള്ള ഒരുവിധം വാഹനങ്ങളിലെല്ലാം തന്നെ സ്വയം തകരാർ കണ്ടുപിടിക്കുന്ന സംവിധാനമുണ്ട്. ഒരു വിധം തകരാറുകൾ അതിൽ കാണിക്കും. അതുകൊണ്ടു ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഓരോ യാത്രക്കുമുമ്പും, യാത്രയിലുടനീളവും പരിശോധിച്ച്, എന്തെങ്കിലും അലാറം ഉണ്ടെകിൽ അത് എത്രയും പെട്ടെന്ന് ശരിയാക്കാൻ നോക്കണം
മാസത്തിലൊരിക്കലെങ്കിലും ബോണറ്റ് തുറന്നുള്ള പരിശോധനകൾ ആവശ്യമാണ്. കൂളന്റ് ലെവൽ, എൻജിൻ ഓയിൽ ലെവൽ, ബ്രേക്ക് ഫ്ലൂയിഡ്, ക്ലച്ച് ഫ്ലൂയിഡ് സ്റ്റിയറിംഗ് ഫ്ലൂയിഡ് എന്നിവ പരിശോധിച്ചു അതിന്റെ ലെവൽ നില നിർത്തണം. കുറവാണെങ്കിൽ അടുത്തുള്ള സർവീസ് സെന്ററിൽ അറിയിക്കുകയോ, നിങ്ങള്ക്ക് കഴയുമെങ്കിൽ അത് അപരിഹരിക്കുകയോ ചെയ്യുക. നിങ്ങൾ സ്വന്തമായി ചെയ്യുകയാണെങ്കിൽ, നിർമാതാവ് നിഷ്കർഷിച്ചിട്ടുള്ള പദാർത്ഥങ്ങൾ മാത്രം ഉപയോഗിക്കുക. ഓണേഴ്സ് മനുവലിൽ ഇതെല്ലം പറഞ്ഞിട്ടുണ്ട്.
ഓയിൽ ലീക് ഉണ്ടെകിൽ എത്രയും പെട്ടെന്ന് പരിഹരിക്കണം, കാരണം വാഹനം തീപിടുത്തത്തിൽ പെടാനുള്ള ഒരു മൂലകാരണമാണ് ഓയിൽ ലീക്.
ഒരു യാത്രക്കു മുൻപ് എല്ലാ ലൈറ്റുകളും സിഗ്നൽ ലൈറ്റുകളും, പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. തകരാറുണ്ടെകിൽ അവ പരിഹരിച്ചതിനു ശേഷം മാത്രം യാത്ര തുടരുക . വൈപ്പർ, വൈപ്പർ വാഷർ , വാഷർ ഫ്ല്യൂയിഡ്, ഹോൺ എന്നിവയും പരിശോധിക്കുക. ബ്രേക്ക് ലൈറ്റും റിവേഴ്സ് ഇന്ഡിക്കേറ്ററും പരിശോധിക്കാനായി ഒരു സഹായിയുടെ ആവശ്യം വേണ്ടിവരും.
നമ്മുടെ നാട്ടിൽ, പ്രത്യകിച്ചും, അന്യസംസ്ഥാന ട്രക്കുകൾ ടെയിൽ ലാമ്പും ഇന്ഡിക്കേറ്ററും ബ്രേക്ക് ലൈറ്റും ഇല്ലാതെ ഓടുന്നതുകാണാം. ഇവ അപകടം വിളിച്ചുവരുത്തുന്നു. അധികാരികൾ ഇവ ശ്രദ്ധിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
അടുത്തതായി വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക, അതുപോലെ, പാർക്കിംഗ് ബ്രേക്ക് അഥവാ ഹാൻഡ് ബ്രേക്ക് കൃത്യമായി, റിലീസ് ആകുന്നുണ്ടോ എന്നും, അത് കൃത്യമായി വാഹനത്തെ പാർക്ക് ചെയ്യുമ്പോൾ അനങ്ങാതെ നിർത്തുന്നുണ്ടോ എന്നും പരിശോധിക്കുക
ഇനി നിങളുടെ വാഹനം ന്യുമാറ്റിക് ബ്രേക്ക് (എയർ ബ്രേക്ക് ) സംവിധാനമുള്ളതാണെങ്കിൽ, കൂടുതൽ പരിശോധന ആവശ്യമാണ്. കാരണം, ബ്രേക്ക് നല്ലരീതിയിൽ പ്രവർത്തിക്കാൻ, അതിലെ എയർ ടാങ്കിൽ ആവശ്യത്തിന് വായു മർദ്ദം ഉണ്ടാകേണ്ടതാണ്. ഇത്, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ കാണിക്കുന്നതാണ്. അതുപോലെ എയർ ലീക്ക് ഉണ്ടോ എന്ന് പരിശോധിക്കുക. എന്തെകിലും തകരാർ ഉണ്ടെകിൽ അത് പരിഹരിച്ചതിനുശേഷം മാത്രം യാത്ര തുടരുക. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഹനം ഓടിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് പരിശിധിക്കണം.
നമ്മുടെ നാട്ടിലെ ചിലഡ്രൈവര്മാർ എയർ ടാങ്കിൽ എയർ നിറക്കുവാനായി, എൻജിൻ സ്റ്റാർട്ട് ചെയ്തു അപ്പോൾ തന്നെ ആക്സിലറേറ്റർ മുഴുവനും അമർത്തി (റെഡ് ലൈൻ ചെയ്യുക), full RPM ൽ എൻജിൻ റൈസ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് എൻജിന്റെ തേയ്മാനം കൂട്ടുവാൻ കാരണമാകുന്നു. ഒരു വാഹനത്തിന്റെ എന്ജിന് ഏറ്റവും കൂടുതൽ തേയ്മാനം സംഭവിക്കുന്നത് എൻജിൻ പ്രവർത്തന ഊഷ്മാവ് (operating temperature) എത്തുന്നതിനു മുൻപാണ്. മാത്രവുമല്ല ഓയിൽ സർക്കുലേഷനും സ്റ്റാർട്ട് ചെയ്ത് ഒന്ന് രണ്ടു മിനിറ്റിലെ കൃത്യമാകുകയുള്ളു.
നല്ല രീതി എന്നുള്ളത്, എൻജിൻ സ്റ്റാർട്ട് ചെയ്തതിനു ശേഷം ഐഡൽ ആർ പി എം (IDLE RPM/ SLOW SPEED RPM) നിലനിർത്തി, വാഹനത്തിന്റെ മറ്റു പരിശോധനകളായ ലൈറ്റ്, ടയർ എന്നിവ നടത്തുക (ആക്സിലേറ്ററിൽ കാൽ അമർത്താതെ). അപ്പോഴേക്കും, ഓയിൽ സെർക്കുലേഷൻ, എയർ പ്രഷർ എന്നിവ പൂർണമായ രീതിയിൽ എത്തിയിട്ടുണ്ടാകും,. എയർ പ്രഷർ എത്തിയില്ലെങ്കിൽ മാത്രം, കുറച്ചു മാത്രം എൻജിൻ റൈസ് ചെയ്തു എയർ പ്രഷർ കൃത്യമാക്കുക, (അതായതു, 2000 rpm ൽ താഴെ മാത്രം) . ഒരു വാഹനം ഓപ്പറേറ്റിംഗ് ടെമ്പറേച്ചറിൽ എത്താൻ 5 മുതൽ 10 മിനിറ്റ് എടുക്കും, ആ സമയത്തു കൂടുതൽ rpm ൽ റൈസ് ചെയ്യാതിരുന്നാൽ, നിങ്ങളുടെ വാഹനത്തിന്റെ എന്ജിന് കൂടുതൽ ആയുസ്സ് ലഭിക്കുന്നതാണു.
അടുത്ത പ്രധാന കാര്യമാണ് ടയറുകൾ. ടയറുകളിൽ, കൃത്യമായ വായു മർദ്ദം. (സ്പെയർ ടയർ അടക്കം) ഉറപ്പുവരുത്തുക, മാത്രമല്ല, എന്തെകിലും തരത്തിലുള്ള വിള്ളലുകളോ പൊട്ടലുകളോ ഇല്ലെന്നും ഉറപ്പാക്കുക. ടയറിന്റെ കട്ട / ത്രെഡ് കുറഞ്ഞത് 2-3 എംഎം വേണ്ടതാണ്. അതിനു ത്രെഡ് വേർ ഇൻഡിക്കേറ്റർ (T W I ) പരിശോധിക്കാം . അതിനെ കുറിക്കുള്ള വീഡിയോ ലിങ്ക് ഇവിടെ കൊടുക്കുന്നു.
https://www.youtube.com/watch?v=JIwptoqobxs
5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ടയറുകൾ മാറ്റുന്നതാണ് നല്ലതു. കാരണം കാലക്രമേണ റബ്ബർ ദൃഢമാകാനുള്ള സാധ്യതയുണ്ട്. ദൃഢമായ ടയർ ഓട്ടത്തിനിടക്ക് പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഡ്രൈവിംഗ് ഒരു കലയാണ്. വാഹന പരിചരണവും പരിപാലനവും മറ്റൊരു കലയാണ്. മാത്രവുമല്ല അത് നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയെ ബാധിക്കുന്നതുമാണ്. അതുകൊണ്ടു നിങ്ങളുടെ വാഹനത്തെ നല്ലരീതിയിൽ പരിപാലിക്കുക. അതിനു നല്ല അർപ്പണബോധവും, ക്ഷമയും അഡ്വാനവും ആവശ്യമാണ് . നിർമാതാക്കൾ പറഞ്ഞിട്ടുള്ള കൃത്യമായ ഇടവേളകളിൽ വാഹനം സർവീസ് ചെയ്യിക. അതിനായി, അംഗീകൃത സർവീസ് സെന്ററിനെയോ നല്ല എക്സ്പീരിയൻസ് ഉള്ള മെക്കാനിക് നടത്തുന്ന വർക്ക് ഷോപ്പിനെയോ സമീപിക്കുക.
ഇന്നത്തേക്ക് ഇത്രമാത്രം. അടുത്തത് യാത്രാരംഭം, ട്രാഫിക്കിൽ ചേരൽ
എല്ലാവര്ക്കും, സന്തോഷവും, സുരക്ഷയും നൽകുന്ന യാത്രകൾ ആശംസിക്കുന്നു.
(ഇതിൽ വിട്ടുപോയിട്ടുള്ള/ തെറ്റുവന്നിട്ടുള്ള കാര്യങ്ങൾ ചേർക്കാനും ശരിയാക്കാനും, ഷെയർ ചെയ്യാനും പ്രോത്സാഹിപ്പിക്കുന്നു. പകർപ്പവകാശമോ, ക്രെഡിറ്റോ ബാധകമല്ല. )
Image Courtesy: youtube channel Mr and Mrs Malayalee
എന്ന് സ്നേഹപൂർവ്വം നിങ്ങളുടെ ബിനോയ് എൻ എസ്
ഡ്രൈവിംഗ് ഒരു സാംസ്കാരിക മുന്നേറ്റം.
Driving a Cultural Change
അധ്യായം 5
എം എസ് എം തത്ത്വം , വഴിക്കുള്ള അവകാശം
MSM principle, Right of Way
ഇന്ന് നമ്മൾ പറയുന്നത്, ശാസ്ത്രീയമായ ഡ്രൈവിങ്ങിന്റെ രണ്ടു അടിസ്ഥാന തത്ത്വങ്ങളായ എം എസ് എം (M.S.M-Mirror Signal Manoeuvre), വഴിയാവകാശം (right of way) എന്നീ കാര്യങ്ങളെ കുറിച്ചാണ് . ഗൾഫ് രാജ്യങ്ങളിൽ ലൈസൻസ് ഉള്ളവർക്ക് ഇതെല്ലം അറിയാവുന്നതാണ്, പക്ഷെ എന്തുകൊണ്ടോ നമ്മുടെ നാട്ടിൽ ഭൂരിഭാഗം പേർക്കും ഇതറിയില്ല
എം എസ് എം തത്ത്വം MSM Principle (Mirror Signal Manoeuvre)
ഒരു ഡ്രൈവറുടെ ഒരുവിധം എല്ലാ പ്രവർത്തികളിലും പിന്തുടരേണ്ടതാണ് . ഉദാ. ട്രാഫിക്കിൽ ചേരൽ, ഒരു ജംഗ്ഷനിൽ ഇടത്തോട്ടോ വലത്തോട്ടോ തിരിയൽ , ഓവർ ടേക്കിങ് , വേഗം കുറക്കാൻ, വാഹനം നിർത്തുക , പാർക്ക് ചെയ്യുക , ഓവർ ടേക്ക് ചെയ്യാൻ അനുവാദം കൊടുക്കുക, ലെയിൻ മാറുക വാഹനം പ്രധാന റോഡിൽ നിന്നും ചെറിയ റോഡിലേക്ക് ചേരുക (ഇടത്തോട്ടും വലത്തോട്ടും).
ഇനി ഇത് എങ്ങനെയാണു പ്രാവർത്തികമായി ചെയ്യുന്നതെന്ന് നോക്കാം.
ഒരു ഡ്രൈവറുടെ മേല്പറഞ്ഞ എല്ലാ വിധ നീക്കങ്ങൾക്കും ഏകദേശം 15 - 20 സെക്കന്റുകൾക്കുമുന്പ് തന്നെ എല്ലാ മിററുകളും നോക്കി, നിങ്ങളുടെ പിറകിലെ വാഹങ്ങളുടെ വേഗം, അവയുടെ സ്ഥാനം എന്നിവ മനസ്സിലാക്കണം. അവയെല്ലാം അപകടസാധ്യത ഇല്ല എന്ന് ഉറപ്പുവരുത്തണം
ഇനി സിഗ്നലുകൾ ആണ്. സിഗ്നലുകളെ കുറിച്ച് മുൻ അധ്യായങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഏതെല്ലാം സിഗ്നലുകൾ വേണം എന്നുള്ളത് വരും ദിവസ്സങ്ങളിൽ അതാതു സന്ദര്ഭങ്ങളുടെ കാര്യങ്ങൾ പറയുമ്പോൾ ഉൾപ്പെടുത്തുന്നതാണ് .
അടുത്തതാണ് മനോവേർ അഥവാ വിദഗ്ദ്ധമായ നടപടി
(Manoeuvre) :ഈ വാക്കിന്റെ അർഥം വളരെയധികം നൈപുണ്യവും വൈദഗ്ധ്യവും ആവശ്യമായ നീക്കങ്ങളുടെ ഒരു ചലനം അല്ലെങ്കിൽ ശ്രേണി എന്നാണ് (https://olam.in/Dictionary/en_ml/manoeuvre).
ഒന്ന് മനസിലാക്കുക, നിങ്ങളുടെ നീക്കങ്ങൾ, നിങ്ങളുടെ പിന്നിലെ വാഹനങ്ങളെ ബാധിക്കുന്നതാണ്.
അതുകൊണ്ടു. മിററുകൾ നോക്കി മറ്റു വാഹനങ്ങളുടെ വേഗം, സ്ഥാനം എന്നിവയെക്കുറിച്ചു ഒരു നിഗമനം ഉണ്ടാകേണ്ടതാണ്
മുൻകൂറായി സിഗ്നൽ പ്രവർത്തിപ്പിക്കുക , കാരണം മറ്റുള്ളവർക്ക്, അത് കാണാനും അതിനനുസരിച്ചു പ്രതികരിക്കാനും പ്രവത്തിക്കാനുമുള്ള സമയം വേണം, കുറഞ്ഞത് 10 സെക്കന്റ്
ഓർക്കുക, മിറർ പരിശോധിച്ചതിന് ശേഷം മാത്രം സിഗ്നൽ ഇടുക
വാഹനം മനോവേർ ചെയ്യുന്നത് ഇതിനുശേഷം അപകടമില്ലെന്നു ഉറപ്പുവരുത്തി മാത്രം
മനോവർ പൂര്ണമായാൽ സിഗ്നൽ ഓഫ് ആയി എന്ന് ഉറപ്പുവരുത്തുക
Image & Content Courtesy: https://www.safedrivingforlife.info/blog/mirror-signal-manoeuvre-learner-driver
MSM principle : https://www.youtube.com/watch?v=j5DMGzlIzSY
വഴിയാവകാശം (Right of Way)
പൊതുവെ നമ്മുടെ നിരത്തുകൾക്കു എല്ലാവര്ക്കും അവകാശമുണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ ചില വാഹനങ്ങൾക്കു കൂടുതൽ അവകാശമുണ്ട്. (KSRTC ബസ്സുകൾ മറ്റുള്ളവാഹനങ്ങളെ പേടിപ്പിച്ചുമാറ്റുന്നതല്ല ).
ഉദാഹരണത്തിന് ഒരു ജന്ക്ഷനിൽ ആർക്കാണ് അവകാശം എന്ന് നാം മനസ്സിലാക്കി അവരെ തടസ്സപ്പെടുത്താതെ അവർക്കു വഴിമാറി കൊടുക്കണം.
നമുക്ക് തിരക്കുണ്ട്, സമയമില്ല, പോയിട്ട് വേറെ കാര്യങ്ങളുണ്ട് എന്നീ ന്യായീകരണങ്ങൾ നിലനിൽക്കുന്നതല്ല.
ഒരു ജംഗ്ഷനിൽ (ട്രാഫിക് ലൈറ്റുകളോ മറ്റു സൈൻ ബോർഡുകളോ ഇല്ലാത്ത ജംഗ്ഷൻ ) പൊതുവായി നമ്മുടെ വലതുഭാഗത്തുനിന്നും വരുന്ന (ഡ്രൈവർ സൈഡ് ) വാഹനങ്ങൾക്കാണ് വഴിയാവകാശം, അവർക്കു നമ്മൾ മുൻഗണന നൽകണം. അവരെ ഒരു കാരണവശാലും തടസ്സപ്പെടുത്തരുത് .
ഇത് ഇന്ത്യയിലും ബ്രിട്ടീഷ് രീതി (ഡ്രൈവർ സീറ്റ് വാഹനത്തിന്റെ വലതു ഭാഗത്തും , വാഹനം റോഡിൻറെ ഇടതു ഭാഗത്തും ഓടിക്കുന്ന രീതി) പിന്തുടരുന്ന രാജ്യങ്ങളിൽ ബാധകമാണ്.
ഇതിന്റെ ശാസ്ത്രീയമായ വശം എന്തെന്നാൽ, നമ്മൾ ഒരു ജംഗ്ഷനിൽ എത്തുമ്പോൾ, നമ്മുടെ വലതുവശത്തുനിന്നും വരുന്ന വാഹനം, അവരെ സംബന്ധിച്ച് നമ്മൾ ആ വാഹനത്തിന്റെ ഡ്രൈവറിന്റെ ഇടതു ഭാഗത്താണ്. ഒരു വാഹനത്തിന്റെ ഇടതു ഭാഗത്തെ കാഴ്ച വലതുഭാഗത്തെ അപേക്ഷിച്ചു കുറവാണെന്നുള്ളത് നമുക്കറിയാമല്ലോ. അതുകൊണ്ടാണ് നമ്മുടെ വലതുവശത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണമെന്ന് നിയമപ്രകാരം പറയുന്നത്.
(അമേരിക്കൻ / യൂറോപ്പ്യൻ രീതി (ഡ്രൈവർ സീറ്റ് ഇടതും, വാഹനം റോഡിൻറെ വലതുഭാഗത്തും ഓടിക്കുന്ന രീതി ) പിന്തുടരുന്ന രാജ്യങ്ങളിൽ (ഗൾഫ് രാജ്യങ്ങൾ) നിയമങ്ങൾക്കു മാറ്റമില്ല, പക്ഷെ വശം മാറുമെന്ന് മാത്രം, അതായതു, നിങ്ങളുടെ വാഹനത്തിന്റെ ഇടതു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്കു മുൻഗണന അഥവാ വഴിയാവകാശം)
വഴിനൽകുക സിഗ്നൽ ബോർഡ് - മുൻഗണന റോഡ് മുൻപിൽ സിഗ്നൽ ബോർഡ് (Give Way or Yield or Priority Road Ahead Signal)
നിങ്ങൾ ഒരു പ്രധാന റോഡിൽ ചേരുമ്പോൾ, അവിടെ വഴിനൽകുക സിഗ്നൽ ബോർഡ് - മുൻഗണന റോഡ് മുൻപിൽ സിഗ്നൽ ബോർഡ് (Give Way or Yield or Priority Road Ahead Signal) ഉണ്ടായിരിക്കും. (നമ്മുടെ നാട്ടിൽ പലപ്പോഴും കാണാറില്ല) തിരിച്ചുവച്ച ത്രികോണാകൃതിയിലുള്ളതാണ് (inverted triangle) ഈ അടയാളം. ചിത്രങ്ങൾ ഇവിടെ കൊടുക്കുന്നു
ഈ അടയാളത്തിന്റെ അർഥം , നമ്മൾ ചേരുന്നത്, ഒരു പ്രധാന റോഡിൽ ആണ് , മാത്രമല്ല ആ റോഡിലൂടെ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾക്കാണ് വഴിയാവകാശം അല്ലെങ്കിൽ മുൻഗണന. നമ്മൾ ഒരു കാരണവശാലും അവയെ തടസ്സപ്പെടുത്തരുത്. അവ പോയതിനു ശേഷം മാത്രമേ നമ്മൾ റോഡിൽ പ്രവേശിക്കാവൂ. അതുവരെ നമ്മൾ ക്ഷമയോടെ കാത്തിരിക്കണം.
NB: നമുക്ക് തിരക്കുണ്ട്, സമയമില്ല, പോയിട്ട് വേറെ കാര്യങ്ങളുണ്ട് എന്നീ ന്യായീകരണങ്ങൾ നിലനിൽക്കുന്നതല്ല.
വൽകഷ്ണം: മേല്പറഞ്ഞ കാര്യങ്ങൾ നമ്മൾ അറിഞ്ഞോ അറിയാതെയോ പാലിക്കാത്തതുകൊണ്ടാണ് നമ്മുടെ നാട്ടിൽ 10 - 20 കൊല്ലം പരിചയമുള്ള ഡ്രൈവർമാർക്ക് ഗൾഫ് ലൈസൻസ് കിട്ടുവാൻ കൂടുതൽ സമയം എടുക്കുന്നത്. അല്ലാതെ നമ്മളോടു വേര്തിരിവുള്ളതുകൊണ്ടല്ല. ഇത്തരം കാര്യങ്ങൾ ആ നാടുകളിൽ വളരെ കർക്കശ്യമാണ്.
നിങ്ങൾ മിതമായ വേഗത്തിൽ പോകുമ്പോൾ, നിങ്ങളെക്കാൾ വേഗത്തിൽ ഒരുവാഹനം പിന്നിൽ നിന്നും വരുന്നുണ്ടെകിൽ (മിററുകൾ 6 - 8 സെക്കൻഡിൽ പരിശോധിക്കുക) ആ വാഹനത്തെ സുരക്ഷിതമായി, മറികടക്കുവാൻ അനുവദിക്കുക. അല്ലാതെ അവൻ അങ്ങനെ എന്നേക്കാൾ വേഗത്തിൽ പോകണ്ട എന്ന മനസ്ഥിതി ഒഴിവാക്കുക.
ഇന്നേക്ക് ഇത്രമാത്രം, ഏവർക്കും, നന്മനിറഞ്ഞ സുരക്ഷിത യാത്രകൾ ആശംസിക്കുന്നു
ചിത്രങ്ങൾക്ക് കടപ്പാട്: GOOGLE
എന്ന് നിങ്ങളുടെ സ്വന്തം
ബിനോയ് എൻ എസ്
ഡ്രൈവിംഗ് - ഒരു സാംസ്കാരിക മുന്നേറ്റം
അദ്ധ്യായം 6
ഇന്ന് നമ്മൾ പറയുന്നത് ഒരു ചെറിയ റോഡിൽ നിന്നും വലിയ റോഡിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ചാണ്. (അഥവാ T -ജംഗ്ഷൻ)
ഇവിടെനിന്നുമുള്ള എല്ലാ ചർച്ചകളിലും M.S.M തത്ത്വവും വഴിയാവകാശവും(right of way) ബാധകമാണ്. അതിനെക്കുറിച്ച് അറിയാത്തവർ അദ്ധ്യായം 5 വായിക്കണമെന്ന് അപേക്ഷിക്കുന്നു
സന്ദർഭം 1 : ഒരു ചെറിയ റോഡിൽനിന്നും വലിയ റോഡിലേക്ക് ഇടതുവശത്തേക്ക് പ്രവേശിക്കുക
ഒരു പ്രധാന റോഡിലേക്ക് (T -ജംഗ്ഷനിൽ) ചെറിയറോഡിൽ നിന്നും ഇടതു ദിശയിലേക്ക് പ്രവേശിക്കുന്നത് താരതമ്യേന എളുപ്പമാണ്. നിങ്ങൾ ഇവിടെ M.S.M തത്ത്വം ഉപയോഗിക്കണം എന്ന് മാത്രമല്ല വലിയറോഡിൽ അഥവാ പ്രധാന റോഡിൽ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾക്കാണ് വഴിയാവകാശം(Right of way / priority) അഥവാ മുൻഗണന. നിങ്ങൾ അവയെ ഒരു കാരണവശാലും തടസ്സപ്പെടുത്തുവാൻ പാടില്ല. എന്നുപറഞ്ഞാൽ, നിങ്ങൾ പ്രധാന റോഡിൽ പ്രവേശിക്കുന്നതുമൂലം പ്രധാന റോഡിലെ വാഹനങ്ങൾ വേഗം കുറക്കുവാനോ, ബ്രേക്ക് ചെയ്യുവാനോ പാടില്ല.
താഴെപറയുന്ന നടപടിക്രമങ്ങൾ പാലിക്കുക.
T -ജംഗ്ഷനിൽ എത്തുന്നതിനും ഏകദേശം 20 സെക്കന്റ് മുൻപുതന്നെ എല്ലാ മിററുകളും പരിശോധിച്ച് നിങ്ങളുടെ പിന്നിലെ വാഹനങ്ങളുടെ സ്ഥാനം വേഗം എന്നിവയെക്കുറിച്ചു ഒരു നിഗമനത്തിലെത്തുക. (സച്ചിൻ ടെണ്ടുൽക്കർ ഓരോ ബോളും നേരിടുന്നതിനുമുന്പ് ഫീൽഡർ സ്ഥാനം നോക്കുന്നതുപോലെ) നിങ്ങൾ ഇടതുദിശയിൽ തിരിയുന്നതുകൊണ്ടു ഇടതു ഭാഗത്തെ മിറാർ കൂടുതൽ പരിഗണന നൽകി, ഏതെങ്കിലും ഇരുചക്രവാഹനങ്ങൾ ഇടതുഭാഗത്തില്ല എന്ന് ഉറപ്പുവരുത്തുക.
അതിനുശേഷം ഇടത്തെ ടേൺ ഇൻഡിക്കേറ്റർ സിഗ്നൽ ഓൺ ചെയ്യുക. മറ്റു വാഹനങ്ങൾക്ക് നിങ്ങൾ ഇടതു ദിശയിലേക്ക് തിരിയുവാൻ ഉദ്ദേശിക്കുന്നു എന്നുള്ള വിവരം നൽകാനാണ് ഇത്. ജംഗ്ഷൻ എത്തുന്നതിനു മുൻപ് ഒരു 10-15 സെക്കന്റ് മുൻപ് വേണം സിഗ്നൽ ഓൺ ചയ്യുവാൻ. കാരണം മറ്റു വാഹനങ്ങൾക്കു അത് കാണുവാനായും അതിനനുസരിച്ചു പ്രവർത്തിക്കുവാനും അത്രയും സമയം ആവശ്യമാണ്
ജംഗ്ഷൻ എത്തികഴിഞ്ഞാൽ അപ്പോൾ തന്നെ പ്രധാനറോഡിലേക്കു പ്രവേശിക്കരുത്. ആദ്യം പ്രധാനറോഡിന്റെ വലതു ഭാഗത്തുനിന്നുള്ള വാഹങ്ങളെ ശ്രദ്ധിക്കുക, അവയുടെ സ്ഥാനം വേഗം എന്നിവ കണക്കാക്കുക. ഒന്നോർക്കുക, നിങ്ങളുടെ പ്രവേശനം പ്രധാനറോഡിലുള്ള വാഹനങ്ങളെ ഒരു കാരണവശാലും തടസ്സപ്പെടുത്തുവാൻ പാടില്ല . അതായതു, നിങ്ങൾ കാരണം ആ വാഹനങ്ങൾ വേഗം കുറക്കുവാനോ, ബ്രേക്ക് ചെയ്യുവാനോ പാടില്ല.
അതിനു ശേഷം പ്രധാന റോഡിന്റെ ഇടതുഭാഗത്തുനിന്നുള്ള വാഹനങ്ങൾ ശ്രദ്ധിക്കുക , കാരണം, ഇടതുഭാഗത്തെ ട്രാക്കിലോടെ ഓവർ ടേക്ക് ചെയ്തുവരുന്ന വാഹനങ്ങൾ വരാൻ സാധ്യതയുണ്ട്.
വീണ്ടും വലതു ദിശയിലെ വാഹനങ്ങൾ (അവയുടെ സ്ഥാനം വേഗം) ശ്രദ്ധിച്ചു സുരക്ഷിതമായി മാത്രം (പ്രധാനറോഡിലെ വാഹങ്ങളെ ഒരുകാരണവശാലും തടസ്സപ്പെടുത്താതെ) വാഹനം ഇടതുവശത്തേക്ക് തിരിച്ചു പ്രധാനറോഡിന്റെ ഇടത്തെ ട്രാക്കിൽ ചേരുക .
പ്രധാനറോഡിൽ സുരക്ഷിതമായ ഒരു അകലം കിട്ടുന്നതുവരെ ക്ഷമയോടെ കാത്തുനിൽക്കെണ്ടാതാണ്. ക്രമം 3,4,5 ആവർത്തിക്കുക.
നിങ്ങൾക്ക് തിരക്കുണ്ട്, സമയമില്ല, ചെന്നിട്ടു കുറെ കാര്യങ്ങളുണ്ട് എന്നീ കാര്യങ്ങൾ നിലനിൽക്കുന്നില്ല. പ്രധാന റോഡിലെ വാഹങ്ങൾക്കുതന്നെയാണ് മുൻഗണന, അവയെ തടസ്സപ്പെടുത്തുന്നത് അപകടം വിളിച്ചുവരുത്തുന്നതാണ്.
നിങ്ങൾ പ്രധാനറോഡിൽ ചേർന്നുകഴിഞ്ഞാൽ എത്രയും പെട്ടാണ് ടേൺ ഇൻഡിക്കേറ്റർ സിഗ്നൽ ഓഫ് ആയി എന്ന് ഉറപ്പുവരുത്തുക. അതിനു ശേഷം പ്രധാനറോഡിന്റെ ശരാശരി വേഗം എത്രയും പെട്ടന്ന് ആർജിക്കുക .
NB: നിങ്ങൾ ഒരു T -ജംഗ്ഷനിൽ പ്രവേശിക്കുമ്പോൾ, നിങളുടെ മുൻപിൽ നിങ്ങളെപ്പോലെ തന്നെ മാറ്റുവാഹനങ്ങൾ പ്രധാനറോഡിൽ പ്രവേശിക്കാൻ ഉണ്ടെങ്കിൽ, അവയെ അന്ധമായി പിന്തുടരരുത്. കാരണം, പ്രധാനറോഡിനെക്കുറിച്ചു മുന്നിലെ വാഹനത്തിന്റെ ഡ്രൈവറുടെ നിഗമനമായിരിക്കില്ല നിങ്ങൾ ജംഗ്ഷനിൽ എത്തുമ്പോൾ, പ്രധാനറോഡിലെ ട്രാഫിക് അവസ്ഥ ഓരോ സെക്കന്റിലും മാറിക്കൊണ്ടിരിക്കും. അതുകൊണ്ടു ക്ഷമയോടെ മേല്പറഞ്ഞ നടപടിക്രമങ്ങൾ പാലിക്കുക.
സന്ദർഭം 2 : ഒരു ചെറിയ റോഡിൽനിന്നും വലിയ റോഡിലേക്ക് വലതു ദിശയില്ലേക് പ്രവേശിക്കുക
ഒരു ചെറിയറോഡിൽ നിന്നും പ്രധാനറോഡിലേക്കു (T -ജംഗ്ഷനിൽ) വലതു ദിശയിലേക്കു പ്രവേശിക്കുന്നത് താരതമ്യേന കൂടുതൽ ശ്രമകരവും, കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതുമാണ്.
നിങ്ങൾ ഇവിടെ M.S.M തത്ത്വം ഉപയോഗിക്കണം എന്ന് മാത്രമല്ല വലിയറോഡിൽ അഥവാ പ്രധാന റോഡിൽ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾക്കാണ് വഴിയാവകാശം(Right of way / priority) അഥവാ മുൻഗണന. നിങ്ങൾ അവയെ ഒരു കാരണവശാലും തടസ്സപ്പെടുത്തുവാൻ പാടില്ല. എന്നുപറഞ്ഞാൽ, നിങ്ങൾ പ്രധാന റോഡിൽ പ്രവേശിക്കുന്നതുമൂലം പ്രധാന റോഡിലെ വാഹനങ്ങൾ വേഗം കുറക്കുവാനോ, ബ്രേക്ക് ചെയ്യുവാനോ പാടില്ല.
താഴെപറയുന്ന നടപടിക്രമങ്ങൾ പാലിക്കുക.
T -ജംഗ്ഷനിൽ എത്തുന്നതിനും ഏകദേശം 20 സെക്കന്റ് മുൻപുതന്നെ എല്ലാ മിററുകളും പരിശോധിച്ച് നിങ്ങളുടെ പിന്നിലെ വാഹനങ്ങളുടെ സ്ഥാനം വേഗം എന്നിവയെക്കുറിച്ചു ഒരു നിഗമനത്തിലെത്തുക. (സച്ചിൻ ടെണ്ടുൽക്കർ ഓരോ ബോളും നേരിടുന്നതിനുമുന്പ് ഫീൽഡർ സ്ഥാനം നോക്കുന്നതുപോലെ) നിങ്ങൾ വലതു ദിശയിൽ തിരിയുന്നതുകൊണ്ടു ഭാഗത്തെ മിറാർ കൂടുതൽ പരിഗണന നൽകുക.
അതിനുശേഷം വലത്തേ ടേൺ ഇൻഡിക്കേറ്റർ സിഗ്നൽ ഓൺ ചെയ്യുക. മറ്റു വാഹങ്ങൾക്കു നിങ്ങൾ വലതു ദിശയിലേക്ക് തിരിയുവാൻ ഉദ്ദേശിക്കുന്നു എന്നുള്ള വിവരം നൽകാനാണ് ഇത്. ജംഗ്ഷൻ എത്തുന്നതിനു മുൻപ് ഒരു 10-15 സെക്കന്റ് മുൻപ് വേണം സിഗ്നൽ ഓൺ ചയ്യുവാൻ. കാരണം മറ്റു വാഹനങ്ങൾക്കു അത് കാണുവാനായും അതിനനുസരിച്ചു പ്രവർത്തിക്കുവാനും അത്രയും സമയം ആവശ്യമാണ്
അതിനുശേഷം , വാഹനം ചെറിയറോഡിന്റെ മധ്യഭാഗം ചേരുക. ചെറിയ റോഡിൽ എതിരെ വരുന്നവാഹങ്ങൾക്കോ , പ്രധാന റോഡിൽനിന്നും, ചെറിയ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കോ ഒരു കരണവശാലും തടസം സൃഷ്ടിക്കരുത്.
വലതു ദിശയിലേക്കു തിരുന്നവാഹങ്ങൾ ജംഗ്ഷൻ എതുന്നതിനു മുൻപുതന്നെ ചെറിയ റോഡിൻറെ വലതുഭാഗം ചേർന്ന് എതിരെ വരുന്നറോഡിൻറെ വാഹനങ്ങളെ തടസ്സപ്പെടുത്തുന്ന ഒരു തെറ്റായ പ്രവണത നമ്മുടെ നാട്ടിൽ കണ്ടുവരുന്നുണ്ട്. ഇത് ഒഴിവാക്കുക.
ജംഗ്ഷൻ എത്തികഴിഞ്ഞാൽ അപ്പോൾ തന്നെ പ്രധാനറോഡിലേക്കു പ്രവേശിക്കരുത്. ആദ്യം പ്രധാനറോഡിന്റെ വലതു ഭാഗത്തുനിന്നുള്ള വാഹങ്ങളെ ശ്രദ്ധിക്കുക, അവയുടെ സ്ഥാനം വേഗം എന്നിവ കണക്കാക്കുക. ഒന്നോർക്കുക, നിങ്ങളുടെ പ്രവേശനം പ്രധാനറോഡിലുള്ള വാഹനങ്ങളെ ഒരു കാരണവശാലും തടസ്സപ്പെടുത്തുവാൻ പാടില്ല . അതായതു, നിങ്ങൾ കാരണം ആ വാഹനങ്ങൾ വേഗം കുറക്കുവാനോ, ബ്രേക്ക് ചെയ്യുവാനോ പാടില്ല
അതിനു ശേഷം പ്രധാന റോഡിന്റെ ഇടതുഭാഗത്തുനിന്നുള്ള വാഹനങ്ങൾ ശ്രദ്ധിക്കുക , കാരണം, ഇടതുഭാഗത്തെ ട്രാക്കിലോടെ ഓവർ ടേക്ക് ചെയ്തുവരുന്ന വാഹനങ്ങൾ വരാൻ സാധ്യതയുണ്ട്.
വീണ്ടും വലതു ദിശയിലെ വാഹനങ്ങൾ (അവയുടെ സ്ഥാനം വേഗം) ശ്രദ്ധിച്ചു സുരക്ഷിതമായി മാത്രം (പ്രധാനറോഡിലെ വാഹനങ്ങളെ ഒരുകാരണവശാലും തടസ്സപ്പെടുത്താതെ) വാഹനം വലതു ദിശയിൽ തിരിച്ചു പ്രധാനറോഡിന്റെ ഇടത്തെ ട്രാക്കിൽ ചേരുക (വലതു ദിശയിലുള്ള ഇടത്തെ ട്രാക്ക് , അഥവാ റോഡിൻറെ മറുവശത്തെ ട്രാക്ക്)
പ്രധാനറോഡിൽ സുരക്ഷിതമായ ഒരു അകലം കിട്ടുന്നതുവരെ ക്ഷമയോടെ കാത്തുനിൽക്കെണ്ടാതാണ്. ക്രമം 4,5,6 ആവർത്തിക്കുക.
നിങ്ങൾക്ക് തിരക്കുണ്ട്, സമയമില്ല, ചെന്നിട്ടു കുറെ കാര്യങ്ങളുണ്ട് എന്നീ കാര്യങ്ങൾ നിലനിൽക്കുന്നില്ല. പ്രധാന റോഡിലെ വാഹങ്ങൾക്കുതന്നെയാണ് മുൻഗണന, അവയെ തടസ്സപ്പെടുത്തുന്നത് അപകടം വിളിച്ചുവരുത്തുന്നതാണ്.
നിങ്ങൾ പ്രധാനറോഡിൽ ചേർന്നുകഴിഞ്ഞാൽ എത്രയും പെട്ടാണ് ടേൺ ഇൻഡിക്കേറ്റർ സിഗ്നൽ ഓഫ് ആയി എന്ന് ഉറപ്പുവരുത്തുക. അതിനു ശേഷം പ്രധാനറോഡിന്റെ ശരാശരി വേഗം എത്രയും പെട്ടന്ന് ആർജിക്കുക .
NB: നിങ്ങൾ ഒരു T -ജംഗ്ഷനിൽ പ്രവേശിക്കുമ്പോൾ, നിങളുടെ മുൻപിൽ നിങ്ങളെപ്പോലെ തന്നെ മാറ്റുവാഹനങ്ങൾ പ്രധാനറോഡിൽ പ്രവേശിക്കാൻ ഉണ്ടെങ്കിൽ, അവയെ അന്ധമായി പിന്തുടരരുത്. കാരണം, പ്രധാനറോഡിനെക്കുറിച്ചു മുന്നിലെ വാഹനത്തിന്റെ ഡ്രൈവറുടെ നിഗമനമായിരിക്കില്ല നിങ്ങൾ ജംഗ്ഷനിൽ എത്തുമ്പോൾ, പ്രധാനറോഡിലെ ട്രാഫിക് അവസ്ഥ ഓരോ സെക്കന്റിലും മാറിക്കൊണ്ടിരിക്കും. അതുകൊണ്ടു ക്ഷമയോടെ മേല്പറഞ്ഞ നടപടിക്രമങ്ങൾ പാലിക്കുക.
കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന വീഡിയോ ലിങ്ക് പരിശോധിക്കുക.
https://www.youtube.com/watch?v=24Qm7YULffI
https://www.youtube.com/watch?v=eTTUTwVIpTo
വൽക്കഷ്ണം : മേൽ പറഞ്ഞ കാര്യങ്ങൾ എല്ലാവരും പ്രവർത്തിക മാക്കിയാൽ, നമ്മുടെ പ്രധാനറോഡുകളിലെ യാത്രാസമയത്തിനും യാത്രാകേശത്തിനും നല്ലൊരു പുരോഗതിവരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഇന്നത്തേക്ക് ഇത്രമാത്രം
ഏവർക്കും, സുരക്ഷിതവും സന്തോഷം നിറഞ്ഞതുമായ യാത്രകൾ നേരുന്നു.
എന്ന് നിങ്ങളുടെ സ്വന്തം ബിനോയ് എൻ എസ്
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ
അദ്ധ്യായം 7
ഒരു പ്രധാന റോഡിൽ നിന്നും ചെറിയ റോഡിലേക്ക് തിരിയുക
സന്ദർഭം ഒന്ന്: ഒരു പ്രധാന റോഡിൽ നിന്നും ചെറിയ റോഡിലേക്ക് ഇടതുവശത്തേക്ക് തിരിയൽ
ഒരു പ്രധാന റോഡിൽ നിന്നും ഇടതു വശത്തുള്ള ചെറിയ റോഡിലേക്ക് തിരിയുന്ന താരതമ്യേന എളുപ്പമുള്ള കാര്യമാണ് ഇവിടെയും നിങ്ങൾ എം എസ് എം തത്വം (M.S.M principle) ഉപയോഗിക്കണം .
നിങ്ങൾ തിരിയേണ്ട റോഡ് എത്തുന്നതിനും ഏകദേശം 15 20 സെക്കൻഡ് മുൻപ് തന്നെ നിങ്ങൾ എല്ലാ മിററുകൾ ഉം ശ്രദ്ധിക്കണം പ്രത്യേകിച്ച് ഇടതു മിറർ
നിങ്ങളുടെ വാഹനത്തിന് ഇടതുവശത്ത് സൈക്കിളോ ഇരുചക്ര വാഹനങ്ങളോ ഇല്ല എന്ന് ഉറപ്പു വരുത്തണം; കാരണം നമ്മുടെ നാട്ടിൽ ഇരുചക്രവാഹനങ്ങൾ വലിയ വാഹനങ്ങളുടെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്ന ഒരു സാഹചര്യമുണ്ട്.( അത് തെറ്റാണ്)
അതിനുശേഷം ഇടതുവശത്തെ ഇൻഡിക്കേറ്റർ ഓൺ ചെയ്യുക
ഇനി നിങ്ങൾക്ക് ഇടത്തെ റോഡിൽ സേഫ് ആയി ചേർന്നു ചേരാവുന്നതാണ്. ഓർക്കുക ഇടതുവശത്തെ മിറർ പ്രത്യേകം ശ്രദ്ധിക്കണം
റോഡിൽ ചേർന്നു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ ഇൻഡിക്കേറ്റർ ഓഫ് ആയി എന്ന് ഉറപ്പുവരുത്തുക .
സാധാരണയായി നമ്മുടെ നാട്ടിലെ പ്രഫഷണൽ ഡ്രൈവേഴ്സ് അടക്കം ഇടതുവശത്തേക്ക് തിരിയാൻ ഇൻഡിക്കേറ്റർ ഉപയോഗിക്കുന്നതായി കാണുന്നില്ല. അത് തെറ്റാണ്.
ബസ് അടക്കമുള്ള യാത്രാ വാഹനങ്ങൾ ഒരു സ്റ്റോപ്പിൽ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ ഇടതുവശത്തു ഇൻഡിക്കേറ്റർ നേരത്തെ തന്നെ ഉപയോഗിച്ച് അതായത് M.S.M തത്വം(M.S.M principe) ഉപയോഗിച്ച് ഇടതുവശത്തേക്ക് പരമാവധി ചേർന്നു നിൽക്കാൻ ശ്രമിക്കണം ഇത് എന്തിനാണ് വച്ചാൽ പിറകിൽ നിന്നും വരുന്ന വാഹനങ്ങൾക്ക്, നിങ്ങൾ മുന്നിൽ നിർത്തി ആളെ എടുക്കുന്ന സമയത്ത് കടന്നു പോകാൻ വേണ്ടിയാണ്.
ഇക്കാര്യം നമ്മുടെ നാട്ടിലെ ഭൂരിഭാഗം ഡ്രൈവർക്കും അറിയില്ല അല്ലെങ്കിൽ അവർ ചെയ്യുന്നില്ല. വളരെ ഒരു ചെറിയ ന്യൂനപക്ഷം എന്നുപറയുന്ന ഗൾഫ് രാജ്യങ്ങളിൽ നിന്നും ലൈസൻസ് നേടിയവർ മാത്രം ഇത് ചെയ്തു വരുന്നതായി കാണുന്നു.
യാത്രക്കാരെല്ലാം കയറ്റുകയും ഇറക്കുകയും ചെയ്തു കഴിഞ്ഞതിനു ശേഷം ട്രാഫിക് ചേരുവാൻ ആയി വീണ്ടും M.S.M തത്വം ഉപയോഗിക്കണം ഇവിടെ നിങ്ങൾ ഉപയോഗിക്കുന്നത് വലതുവശത്തെ മിറർ നോക്കി പിറകിൽ നിന്നും വരുന്ന വാഹനങ്ങളുടെ വേഗം, സ്ഥാനം എന്നിവ ഒരു നിഗമനത്തിലെത്തി റൈറ്റ് ഇൻഡിക്കേറ്റർ ഉപയോഗിച്ച് പിറകിൽ നിന്നും വരുന്ന വാഹനങ്ങളുമായി ഒരു സൈഫ് ആയിട്ടുള്ള അകലം അല്ലെങ്കിൽ ഒരു അപകടരഹിതമായ അകലം പാലിച്ചു മാത്രം ട്രാഫിക് ചേരുക.
ട്രാഫിക് ചേർന്നു കഴിഞ്ഞാൽ ഇൻഡിക്കേറ്റർ ഓഫ് ആയി എന്ന് ഉറപ്പു വരുത്തുക മാത്രമല്ല എത്രയും പെട്ടെന്ന് തന്നെ ആ റോഡിൻറെ ശരാശരി വേഗം ആർജിക്കാൻ ശ്രമിക്കുക.
സന്ദർഭം 2: ഒരു പ്രധാന റോഡിൽ നിന്നും വലതു വശത്തേക്കുള്ള ഒരു ചെറിയ റോഡിലേക്ക് പ്രവേശിക്കൽ
ഒരു പ്രധാന റോഡിൽ നിന്നും വലതു വശത്തേക്കുള്ള ചെറിയ റോഡിലേക്ക് തിരിയുക എന്നുള്ളത് കുറച്ചു കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യമാണ് മാത്രവുമല്ല അപകട സാധ്യതയും കൂടുതലാണ് നമ്മുടെ നാട്ടിൽ നടക്കുന്ന നല്ലൊരു ശതമാനം അപകടങ്ങളുടെയും പ്രധാനകാരണം ഈ നിയമങ്ങൾ പാലിക്കാത്തതു മൂലമാണ്
ഈയൊരു സന്ദർഭത്തിൽ നിങ്ങൾ ധൃതി കൂട്ടുകയോ ഭയപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല, വളരെ ക്ഷമയോടെ ശാന്തമായിരിക്കുക . ഇവിടെയും നിങ്ങൾ എംഎസ്എം പ്രിൻസിപ്പൽ എംഎസ്എം തത്വം (M.S.M Principle) ഉപയോഗിക്കണം മാത്രമല്ല റൈറ്റ് ഓഫ് ( Right of way)അഥവാ വഴിയാവകാശം എന്ന തത്വം ഇവിടെ പാലിക്കേണ്ടതാണ്.
നിങ്ങൾ വാഹനമോടിക്കുമ്പോൾ എല്ലായിപ്പോഴും 6 മുതൽ 8 സെക്കൻഡ് സമയത്തിനുള്ളിൽ നിങ്ങളുടെ റിയർ വ്യൂ മിററുകൾ ശ്രദ്ധിച്ചു പിന്നിൽ വരുന്ന വാഹനങ്ങളുടെ വേഗം സ്ഥാനം എന്നിവ ഒരു നിഗമനത്തിൽ എത്തേണ്ടതാണ്
നിങ്ങൾ വലതുവശത്തേക്ക് തിരിയാൻ ഉദ്ദേശിക്കുന്ന റോഡിൻറെ ഏകദേശം ഒരു 15 20 സെക്കൻഡ് എത്തുന്നതിനുമുമ്പ് വലതുവശത്തുള്ള മിററുകൾ നോക്കി അതിലുള്ള വാഹനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
അതിനുശേഷം വലതുവശത്തെ ഇൻഡിക്കേറ്റർ ഉപയോഗിക്കാം വലതുവശത്തെ ഇൻഡിക്കേറ്റർ ഇട്ടുകഴിഞ്ഞാൽ അതിനർത്ഥം നിങ്ങൾക്ക് അപ്പോൾ തന്നെ തിരിയാം എന്നല്ല. അതിനർത്ഥം നിങ്ങൾ വലതുവശത്തേക്ക് തിരിയാൻ ആഗ്രഹിക്കുന്നു എന്ന് മറ്റുള്ളവരെ അറിയിക്കുന്നതിന് വേണ്ടിയാണ്, അവർക്ക് പ്രതികരിക്കാനുള്ള ഒരു സമയം വേണം അതുകൊണ്ടാണ് ഒരു 15-20 സെക്കൻഡ് മുമ്പെങ്കിലും ഇത് ഉപയോഗിക്കണമെന്ന് പറയുന്നത്
അതിനുശേഷം നിങ്ങൾ വാഹനത്തെ റോഡിൻറെ മധ്യഭാഗത്തേക്ക് കൊണ്ടുവരുക അതായത് നിങ്ങളുടെ വാഹനത്തിൻറെ വലതുവശത്തെ ടയർ റോഡിൻറെ മധ്യത്തിൽ ഉള്ള വരെയോട്(center line) ചേർന്നു വരുത്തുക
ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ഒരു സ്ഥലം അവിടെ ഒഴിവാക്കി വക്കേണ്ടതാണ് . എതിരെ വരുന്ന വാഹനങ്ങളെ ഒരുകാരണവശാലും തടസ്സപ്പെടുത്തരുത്.
ഈ സന്ദർഭത്തിൽ നിങ്ങളുടെ എതിരെ വരുന്ന വാഹനങ്ങൾക്ക് ആണ് റൈറ്റ് ഓഫ് (right of way/priority) അഥവാ മുൻഗണന. നിങ്ങളവരെ ഒരുകാരണവശാലും തടസ്സപ്പെടുത്തരുത് എതിരെ വരുന്ന വാഹനങ്ങൾക്ക് ഇടയിൽ ഒരു അപകടരഹിതമായ ഒരു അകലം കിട്ടുന്നതുവരെ നിങ്ങൾ കാത്തിരിക്കുക
അങ്ങനെ ഒരു അപകടരഹിതമായ ഒരു അകലം കിട്ടിയതിനുശേഷം നിങ്ങൾക്ക് പ്രധാന റോഡിൻറെ മധ്യഭാഗത്ത് ചെറിയ റോഡിൻറെ മധ്യഭാഗം ചേരുന്ന ഭാഗത്തുനിന്നും തിരിഞ്ഞു, ചെറിയറോഡിന്റെ ഇടതു ഭാഗത്തു ചേരേണ്ടതാണ്.
ചെറിയ റോഡിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഇൻഡിക്കേറ്റർ ഓഫ് ആക്കുവാൻ മറക്കരുത്
നിങ്ങളുടെ വാഹനത്തിന് പിറകിലുള്ള വാഹനങ്ങൾ, ക്ഷമയുടെ നിങ്ങൾ വലതുവശത്തേക്ക് തിരിയുന്നത് വരെ കാത്തു നിൽക്കേണ്ടതാണ്. നിങ്ങളുടെ വാഹനം റോഡിനു മധ്യത്തോട് ചേർന്ന് കഴിഞ്ഞാൽ ഇടതുവശത്ത് കടന്നുപോകാൻ സുരക്ഷിതമായ ഒരു സ്ഥലം ഉണ്ടെങ്കിൽ അതിലൂടെ അവർക്ക് കടന്നു പോകാവുന്നതാണ്. പക്ഷേ അവർ ഒരു കാരണവശാലും വലതു വശത്തു കൂടെ അതായത് നിങ്ങളുടെ വലതുവശത്തു കൂടെ ഇനി overtake ചെയ്യാൻ പാടുള്ളതല്ല.
ചിത്രങ്ങൾ ഇവിടെ കൊടുക്കുന്നു വീഡിയോ ലിങ്കുകളും കൊടുക്കുന്നു
https://www.youtube.com/watch?v=JPRKNQ6J9tU
https://www.facebook.com/officialorangemedialive/videos/2452562285014895/?t=50
വാൽകഷ്ണം :
അതുപോലെതന്നെ പിറകിൽ നിന്നും വരുന്ന വാഹനങ്ങൾ നിങ്ങൾ വലതുവശത്തേക്ക് തിരിയുന്നത് വരെ horn അടിച്ചു നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതി ഒഴിവാക്കേണ്ടതാണ്. ഇത്തരം സന്ദർഭങ്ങൾ നിങ്ങൾക്കും ബാധകമാണ് കാരണം നിങ്ങൾ മറ്റൊരു വാഹനത്തെ പിൻതുടരുമ്പോൾ ആവാഹനം വലത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് കഴിഞ്ഞാൽ നിങ്ങളും ഇതുപോലെ പിറകിൽ ക്ഷമയോടെ കാത്തു നിൽക്കേണ്ടതാണ്.
മേൽപ്പറഞ്ഞ കാര്യം അതായത് വലതു വശത്തേക്ക് തിരിയാൻ കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് കുറച്ചുനാളുകൾക്കു മുമ്പ് അങ്കമാലിയിൽ ഒരു ഓട്ടോറിക്ഷ ബസിൽ ഇടിക്കാൻ ഉള്ള സാഹചര്യം ഉണ്ടായി കാരണമായത് . പക്ഷേ ആ ഒരു സാഹചര്യത്തിൽ നമ്മുടെ അധികാരികൾ അടക്കം കുറ്റപ്പെടുത്തിയത് ബസ് ഡ്രൈവറെ ആണ്.
എല്ലാവര്ക്കും സുരക്ഷിതമായ യാത്രകൾ ആശംസിക്കുന്നു .
എന്ന് നിങ്ങളുടെ സ്വന്തം ബിനോയ് എൻ എസ്സ്
# ഡ്രൈവിംഗ് ഒരു സാംസ്കാരിക മുന്നേറ്റം
അദ്ധ്യായം 8
# Driving – a cultural change #Chapter 8
അകലം പാലിക്കൽ (Keep Distance)
നമ്മുടെ നാട്ടിൽ നല്ലൊരു ശതമാനം റോഡ് അപകടങ്ങൾ, മറ്റു വാഹനങ്ങളുടെ പിന്നിൽ വന്നുള്ള ഇടി കൊണ്ടാണ് . കാരണം പല ഡ്രൈവർമാരും സുരക്ഷിതമായ അകലം പാലിക്കാതെയാണ് വാഹനം ഓടിക്കുന്നത് . മുന്നിൽ പോകുന്ന വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കേണ്ടത് ഓരോ ഡ്രൈവറുടെയും ഉത്തരവാദിത്തമാണ് (പിന്നിൽവരുന്ന ഡ്രൈവറുടെ ). നിങളുടെ വാഹനം മുന്നിൽ പോകുന്ന വാഹനത്തിലിടിച്ചാൽ നിങ്ങൾക്കുമാത്രമാണ് ഉത്തരവാദിത്തം.(മുന്നിലെ വാഹനത്തിന്റെ ലൈറ്റ് സിഗ്നൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ).
സുരക്ഷിതമായ അകലം പാലിക്കണമെന്ന് എല്ലാവരും പറയുമെങ്കിലും, ശാസ്ത്രീയമായി എത്രമാത്രം അകലം വേണമെന്നു പലർക്കും അറിയില്ല . ചിലർ പറയും, 10 മീറ്റർ , 25 അടി, ഒരു കാര് നീളം അങ്ങനെ പലതും .പക്ഷെ യഥാർത്ഥത്തിൽ ഈ അകലം, വാഹനത്തിന്റെ വേഗതക്കനുസ്സരിച്ചു മാറുന്നതാണ്.
നിങ്ങൾ 60 കിലോമീറ്റര് വേഗതയിൽ സഞ്ചരിക്കുമ്പോൾ, നിങ്ങളുടെ വാഹനം ഒരു സെക്കൻഡിൽ 17 മീറ്ററോളം സഞ്ചരിക്കുന്നു. 100 കിലോമീറ്റര് വേഗതയിൽ, വാഹനം ഒരു സെക്കൻഡിൽ 28 മീറ്റർ സഞ്ചരിക്കുന്നു.
ഒരു സാധാരണ മനുഷ്യന് കാഴ്ച്ചയിൽ വരുന്ന ഒരു പ്രവർത്തിയെക്കുറിച്ചു പ്രതികരിക്കാനായി കുറഞ്ഞത് 0.25 സെക്കന്റ് വേണം എന്നുള്ളത് മനസ്സിലാക്കുക. (മദ്യത്തിനും പുകവലിക്കും അടിമപ്പെട്ടവർക്ക് ഇതിൽ കൂടുതൽ സമയം വേണം ) . മുന്നിലെ വാഹനം അടിയന്തിരമായി ബ്രേക്ക് ചെയ്താൽ, നിങ്ങൾ അതുമനസ്സിലാക്കി പ്രതികരിക്കാൻ കുറഞ്ഞത് മേല്പറഞ്ഞ 0.25 സെക്കന്റ് വേണം, മാത്രമല്ല, അതിനു ശേഷം നിങ്ങൾ ബ്രേക്ക് ചെയ്യണം. നിങ്ങളുടെ വാഹനത്തിനും ബ്രേക്കിംഗ് നടപ്പിലാക്കാൻ കുറച്ചു സമയം വേണം.അത് ഓരോ വാഹനങ്ങൾക്കും വ്യത്യസ്തമാണ്. (ജർമൻ നിർമിത കാറുകളുടെ ബ്രേക്കിംഗ് കൂടുതൽ കാര്യക്ഷമമാണ്) .
അപ്പോൾ സുരക്ഷിതമായി എത്ര അകലം പാലിക്കണം എന്നതിനുള്ള ഉത്തരം, “അകലം ദൂരത്തിലല്ല , സമയത്തിലാണ് പാലിക്കേണ്ടത്” . സംശയിക്കേണ്ട, ഇതിനെ 2 സെക്കന്റ് നിയമം (2 second rule) എന്ന് പറയുന്നു. അതായതു, മുന്നിലെ വാഹനവുമായി, കുറഞ്ഞത് (ആവർത്തിക്കുന്നു, കുറഞ്ഞത്) 2 സെക്കന്റ് അകലം പാലിക്കണം
രണ്ട് സെക്കന്റ് നിയമം ( 2 seconds rule)
മേൽ പറഞ്ഞ രണ്ടു സെക്കന്റ് അകലം എങ്ങനെ പാലിക്കാം എന്ന് നോക്കാം . നിങ്ങൾ ഒരു വാഹനത്തെ പിന്തുടരുമ്പോൾ, വഴിയരികിലെ ഒരു സ്ഥായിയായായ / സ്ഥിരമായ ഒരു വസ്തു ശ്രദ്ധിക്കുക . ഉദാഹരണത്തിന് വഴിയരികിലെ ഒരു മരം, മൈൽ കുറ്റി, ഒരു ട്രാഫിക് സൈൻ ബോർഡ്, . മുന്നിലെ വാഹനത്തിന്റെ പിൻഭാഗം ആ വസ്തു കടന്നുപോയതിനു കുറഞ്ഞത് 2 സെക്കന്റിനു ശേഷം മാത്രമേ നിങ്ങൾ ആ വസ്തു മറികടക്കാൻ പാടുള്ളു. നിങ്ങളുടെ വേഗം അതിനായി ക്രമീകരിക്കുക .
2 സെക്കന്റ് ഏറ്റവും കുറഞ്ഞ സമയമാണ്. അതായതു, സാധാരണ കാലാവസ്ഥയിലും, നിങ്ങളുടെ വാഹനം കാര്യക്ഷമമാണെങ്കിലും, നിങ്ങൾ ഊർജസ്വലനായിരിക്കുമ്പോളും മാത്രം. അല്ലെങ്കിൽ (മഴയുള്ളപ്പോൾ, റോഡിൽ നനവുള്ളപ്പോൾ) 3 ഓ 4 ഓ സെക്കന്റ് അകലം പാലിക്കണം.
മേൽ പറഞ്ഞ 2 സെക്കന്റ് അകലം നിങ്ങൾ പാലിക്കുന്നില്ലെകിൽ അതിനെ ടെയിൽ ഗേറ്റിംഗ് (Tailgating) എന്നാണ് പറയുന്നത്. ടെയിൽ ഗേറ്റിംഗ് അപകടം വിളിച്ചുവരുത്തുന്നു. നമ്മുടെ നാട്ടിൽ ടെയിൽ ഗേറ്റിംഗ് കൂടുതലായി ചെയ്തുവരുന്നത് എക്സ്പീരിയൻസ്ഡ് ഡ്രൈവർമാരാണ്. അവർ അതിനെ അവരുടെ കഴിവായി കാണുകയും, ചില ആളുകൾ അതിനെ ബ്ലേഡ് കട്ടിങ് തുടങ്ങിയ ഓമനപ്പേരിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ലോകത്തു എല്ലാ രാജ്യങ്ങളിലും ടെയിൽ ഗേറ്റിംഗ് കുറ്റകരമാണ്. പക്ഷെ നമ്മുടെ നാട്ടിൽ എന്തുകൊണ്ടോ അധികാരികൾ ഇത് ശ്രദ്ധിക്കുന്നില്ല. U A E ഇൽ ടെയിൽ ഗേറ്റിംഗ് ചെയ്താൽ 400 ദിർഹം ആണ് പിഴ. മാത്രമല്ല 3 ബ്ലാക്ക് പോയിന്റും. അവിടെ ടെയിൽ ഗേറ്റിംഗ് കണ്ടുപിടിക്കാനായി പ്രത്യേകം റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്.
https://www.khaleejtimes.com/photos/nation/tailgating-in-abu-dhabi-dh400-fine-for-vehicle-in-front
US നിർമിത ട്രക്ക് കളിൽ ടെയിൽ ഗേറ്റിംഗ് ഡിറ്റക്ഷൻ സംവിധാനം ഉണ്ട്.
നിങ്ങൾ വാഹനം ഓടിക്കുമ്പോൾ, നിർബന്ധമായും ഓരോ 6 - 8 സെക്കൻഡിൽ മിററുകൾ പരിശോധിച്ച്, നിങ്ങളുടെ പിറകിലെ വാഹനം നിങ്ങളെ ടെയിൽ ഗേറ്റ് ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുക. നിങ്ങളുമായി 2 സെക്കന്റ് സുരക്ഷിതമായ അകലം പാലിക്കേണ്ടത് പിറകിലെ വാഹനത്തിന്റെ ഡ്രൈവറുടെ ഉന്തരവാദിത്തമാണെങ്കിലും ആ ഡ്രൈവർക്കു ഇക്കാര്യം അറിയുവാനുള്ള സാധയത വളരെ കുറവാണു(ഭൂരിഭാഗം ആളുകളും ഇതിനെക്കുറിച്ച് ബോധവാന്മാരല്ല). നിങ്ങളുടെ സുരക്ഷയെ കരുതി, അത്തരക്കാരെ എത്രയും പെട്ടന്ന് നിങ്ങളെ overtake ചെയ്യാൻ അനുവദിക്കുക, അല്ലെങ്കിൽ നിങ്ങളുടെ മുന്നിലെ വാഹനവുമായുള്ള അകലം കൂട്ടുക.
ചിത്രങ്ങളും വീഡിയോ ലിങ്കുകളും ഇവിടെ കൊടുക്കുന്നു
https://www.youtube.com/watch?v=wAPbYiauHj0
https://www.youtube.com/watch?v=YungKnyLAPY
Tailgating
https://www.youtube.com/watch?v=Tz0totXDmfI
ട്രാഫിക് സിഗ്നലിൽ അകലം പാലിക്കൽ.
നമ്മുടെ നാട്ടിൽ ട്രാഫിക് സിഗ്നലിലും, ഗതാഗതക്കുരുക്കുകളിലും ബമ്പർ ടു ബമ്പർ (bumper to bumper) അഥവാ ഇഞ്ചോടിഞ്ചു അകാലത്തിൽ വാഹനം നിർത്തുന്ന പ്രവണതയുണ്ട്. ഇതുകൊണ്ടുള്ള ദൂഷ്യവശങ്ങൾ നോക്കാം.
വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടാനുള്ള സാധ്യത കൂടുതലാണ്
സിഗ്നൽ പച്ച (Green signal) ആയാൽ, വാഹനങ്ങൾ കടന്നുപോകാൻ കൂടുതൽ സമയമെടുക്കും. വാഹനങ്ങൾ തമ്മിലുള്ള അകലക്കുറവുകാരണം, ഒരു വാഹനം കടന്നുപോയതിനു 4- 5 സെക്കന്റ് കഴിഞ്ഞാൽ മാത്രമേ അടുത്ത വാഹനത്തിനു നീങ്ങാൻ സാധിക്കു, അതിനു ശേഷം അടുത്ത്. അങ്ങനെ വളരെ കുറച്ചു വാഹങ്ങൾ മാത്രമേ സിഗ്നൽ കടന്നുപോകൂ, അപ്പോഴേക്കും സിഗ്നൽ ചുവപ്പു (Red Signal) ആയിക്കാണും. അടുത്ത സിഗ്‌നൽ വരെ വീണ്ടും കാത്തിരിക്കണം
കുറച്ചു കൂടുതൽ അകലം പാലിക്കുകയാണെങ്കിൽ സിഗ്നൽ പച്ച (green signal) ആയാൽ, കൂടുതൽ വാഹനങ്ങൾക്കു ഒരേസമയം മുന്നോട്ടുനീങ്ങാം. ആരും ഇത് മനസ്സിലാക്കുന്നില്ല, വേഗം ലക്ഷ്യസ്ഥാനത്തു എത്താനുള്ള ധൃതി മാത്രം, പക്ഷെ എത്തുന്നില്ല.
ഇഞ്ചോടിഞ്ചു വാഹനങ്ങൾ നിർത്തിയാൽ, ഗതാഗതക്കുരുക്കുകൾ അഴിക്കുവാൻ ബുദ്ധിമുട്ടാണ്. വാഹനങ്ങൾ, കുറച്ചുപോലും നീക്കാനുള്ള സാഹചര്യം വരുകയും ചെയ്യും ( കുരുക്കഴിക്കാൻ ചിലപ്പോൾ ചിലവാഹനങ്ങൾ അല്പം അവയുടെ സ്ഥാനം മാറ്റിയാൽ മതിയാകും, അത് സാധിക്കാതെ വരികയും ചെയ്യും. ഏതാനും സെക്കന്റുകളുടെ അക്ഷമ മണിക്കുറുകൾ നീളുന്ന കുരുക്കുകൾക്കു വഴിവെക്കുന്നു.
സിഗ്നലുകളിൽ, സുരക്ഷിത അകലം പാലിക്കുന്നതിനെ ടയർ ആൻഡ് ടാർമാക് നിയമം (Tire and tarmac rule) എന്നുപറയുന്നു. ഇത് എങ്ങനെയാണു പ്രവർത്തികമാക്കുന്നതെന്നു നോക്കാം
ടയർ ആൻഡ് ടാർമാക് നിയമം (Tire and tarmac rule)
ഒരു ട്രാഫിക് സിഗ്നലിലോ ഗതാഗതക്കുരുക്കിലോ വാഹനം നിർത്തുമ്പോൾ, നിങ്ങള്ക്ക് മുന്നിലെ വാഹനത്തിന്റെ പിൻ ചക്രങ്ങൾ, റോഡിൽ പതിയുന്നത് കാണുന്നരീതിയിൽ വാഹനം നിർത്തുക. ഗൾഫ് രാജ്യങ്ങളിൽ ലൈസൻസ് എടുത്തവർക്കു ഇത് നന്നായി അറിയാം. വീഡിയോ ലിങ്കുകൾ ചുവടെ കൊടുക്കുന്നു. ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണഫലം മേലെ വിവരിച്ചിട്ടുണ്ട്..
https://www.youtube.com/watch?v=8jdnMB-kaPI
https://www.youtube.com/watch?v=rCfZuPEvpIk
വാൽക്കഷ്ണം
നമ്മുടെ നാട്ടിൽ ടയർ ആൻഡ് ടാർമാക് നിയമം പാലിച്ചാൽ, ചില സാമൂഹ്യ ദ്രോഹികൾ ഇരുചക്ര മുച്ചക്ര വാഹനങ്ങളുമായി വന്നു ആ വിടവിൽ കുത്തി കേറ്റാൻ ശ്രമിക്കും. ചിലർ അക്ഷമരായി പിറകിൽ നിന്നും ഹോണടി തുടങ്ങും. അത്തരക്കാർക്കെതിരെ അധികാരികൾ കർശന നടപടികളെടുക്കണമെന്നു അപേക്ഷിക്കുന്നു.
( ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് unnecessary honking is a dirty business, ഇത് ഞാൻ ചെയ്യില്ല , നിങ്ങളും ചെയ്യില്ല….background music…. )
നമ്മുടെ നാട്ടിൽ ടെയിൽ ഗേറ്റിംഗ് കൂടുതലായി ചെയ്തു വരുന്നത് പ്രൊഫഷണൽ ഡ്രൈവർമാരാണ്. അവരുടെ അമിത ആത്മവിശ്വാസം മൂലം മുന്നിൽ പോകുന്ന വാഹനങ്ങളിൽ ഇടിക്കുകയും അതിനു മുന്നിലെ വാഹനത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
മേല്പറഞ്ഞ കാര്യങ്ങളൊന്നും, നമ്മുടെ നാട്ടിൽ നടപ്പാകില്ല എന്ന് പറയുന്നവരോട്.. COVID 19 ന് (CORONA VIRUS) മുൻപ്, ലോക്ക് ഡൌൺ , സനിറ്റീസിർ, സാമൂഹിക അകലം പാലിക്കൽ എന്നിവയൊന്നും നമ്മൾ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. വൈറസ് ബാധയേൽക്കാതിരിക്കുവാനായി, ഭൂരിഭാഗം ജനങ്ങളും ബുദ്ധിമുട്ടുകൾ സഹിച്ചു നല്ല രീതിയിൽ സഹകരിക്കുന്നു. COVID 19 പോലെത്തന്നെ ഒരു വിപത്താണ് റോഡ് അപകടങ്ങൾ, ഒരു ദിവസം ശരാശരി കേരളത്തിൽ മാത്രം 12 പേര് മരിക്കുകയും 130 ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു.
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ
ഇന്നത്തേക്ക് ഇത്രമാത്രം
എന്ന് നിങ്ങളുടെ സ്വന്തം ബിനോയ് എൻ എസ്
ഡ്രൈവിംഗ് - ഒരു സാംസകാരിക മുന്നേറ്റം
അദ്ധ്യായം 9
റൌണ്ട് എബൌട്ട്
റൌണ്ട് എബൌട്ട് എന്നത് പല റോഡുകൾ ചേരുന്ന വൃത്താകൃതിയിലുള്ള ഒരു തരം ജംഗ്ഷൻ ആണ്.
ഈ വൃത്താകൃതിയിലുള്ള ജംഗ്ഷനിൽ ഒരു വശത്തേക്കുമാത്രമാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. സിഗ്നലുകൾ ഒഴിവാക്കി, ഗതാഗതക്കുരുക്കില്ലാതെ പല ദിശയിൽ നിന്നും വരുന്ന വാഹനങ്ങളെ സുഗമമായി ജംഗ്ഷൻ കടന്നുപോകാനാണ് റൌണ്ട് എബൌട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. റൈറ്റ് ഓഫ് വേ (right of way) അഥവാ മുൻഗണന റൗണ്ടിൽ ഉള്ള വാഹനങ്ങൾക്കാണ്, റൗഡിൽ ചേരുന്നവാഹനങ്ങൾ, റൗണ്ടിൽ ഇപ്പോളുള്ള വാഹനങ്ങൾക്കു മുൻഗണന നൽകേണ്ടതാണ്.
നമ്മുടെ നാട്ടിലെ 99 ശതമാനത്തിലധികം വരുന്ന ഡ്രൈവർമാർക്ക് റൌണ്ട് എബൗട്ടിലെ നിയമങ്ങളും, മുന്ഗണനകളും അറിയാത്തതുകൊണ്ടും അവ പാലിക്കാത്തതുകൊണ്ടും, ഗതാഗതക്കുരുക്കൊഴിവാക്കാൻ ഉണ്ടാക്കിയ റൌണ്ട് എബൗട്ടുകൾ കൂടുതൽ കുരുക്കുകളുണ്ടാക്കി ഒരു ദുരന്തമാകുകയാണ്. നിയമങ്ങളറിയാതെ എല്ലാവരും റൗണ്ടിൽ ഒന്നും നോക്കാതെ ചെന്നുകേറുകയും, ഏതാനും സെക്കൻഡുകൾ ക്ഷമിക്കുന്നതിനുപകരം മണിക്കുറുകൾ നീളുന്ന കുരുക്കുകൾ ഉണ്ടാക്കുന്നു.
ഇന്ന് നമ്മൾ ചർച്ചചെയ്യുന്നത് UK/ഇന്ത്യൻ രീതിയിലുള്ള രണ്ടു ലെയിൻ ഉള്ള റൌണ്ട് എബൗട്ടിനെ കുറിച്ചാണ് .
ഇവിടെ കൊടിത്തിട്ടുള്ള ചിത്രം പരിശോധിക്കുക, നാലു പ്രധാന റോഡുകൾ ചേരുന്ന റൌണ്ട് എബൌട്ട് ആണ്.
അതായതു ഈ റൌണ്ട് എബൗട്ടിൽ നാലു എക്സിറ്റ് ആണുള്ളത് .
നിങ്ങൾ ചെന്നുകേറുന്ന വഴി, എക്സിറ്റ് 1 , അവിടെ നിന്നും ഘടികാര ദിശയിൽ (clock wise direction) അടുത്തത് എക്സിറ്റ് 2 (ഇടതു ദിശ), അടുത്തത് എക്സിറ്റ് -3 (നേർ ദിശ), പിന്നെ എക്സിറ്റ് 4 (വലതു ദിശ ).
നിങ്ങൾ ഒരു റൌണ്ട് എബൗട്ടിൽ പ്രവേശിക്കുമ്പോൾ, ഒന്നും നോക്കാതെ ചെന്ന് കേറരുത്, കാരണം, റൗണ്ടിൽ ഇപ്പോൾ ഉള്ള വാഹങ്ങൾക്കാണ് മുൻഗണന, അതായതു, നിങ്ങളുടെ വലതുവശത്തുനിന്നുള്ള വാഹനങ്ങൾക്കു. ( ജംഗ്ഷനിൽ സാധാരണയായി നിങ്ങളുടെ വലതുവശത്തുനിന്നുള്ള വാഹനങ്ങൾക്കാണ് മുൻഗണന. അവയെ ഒരുക്കലും തടസ്സപ്പെടുത്തരുത് ) അതായതു, റൌണ്ട് എബൗട്ടിൽ നിങ്ങളുടെ പ്രവേശനം മൂലം, റൗണ്ടിൽ ഇപ്പോളുള്ള വാഹനങ്ങൾ ബ്രേക്ക് ചെയ്യാനോ, വേഗം കുറയ്ക്കണോ ഉള്ള സാഹചര്യം ഉണ്ടാക്കരുത്. ക്ഷമയോടെ സുരക്ഷിതമായ അകലം കിട്ടുന്നതുവരെ കാത്തിരിക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ, ചില സാമൂഹ്യദ്രോഹികൾ നിങ്ങളുടെ പിന്നിൽനിന്നും അക്ഷമരായി ഹോൺ മുഴക്കി നിങ്ങളെ ശല്യം ചെയ്യും, അത് കാര്യമാക്കേണ്ട, D N A ആർക്കും തിരഞ്ഞെടുക്കാനാവില്ലല്ലോ .
(ഇത് ഇന്ത്യയിലും ബ്രിട്ടീഷ് രീതി (ഡ്രൈവർ സീറ്റ് വാഹനത്തിന്റെ വലതു ഭാഗത്തും , വാഹനം റോഡിൻറെ ഇടതു ഭാഗത്തും ഓടിക്കുന്ന രീതി) പിന്തുടരുന്ന രാജ്യങ്ങളിൽ ബാധകമാണ്. ഇതിന്റെ ശാസ്ത്രീയമായ വശം എന്തെന്നാൽ, നമ്മൾ ഒരു ജംഗ്ഷനിൽ എത്തുമ്പോൾ, നമ്മുടെ വലതുവശത്തുനിന്നും വരുന്ന വാഹനം, അവരെ സംബന്ധിച്ച് നമ്മൾ ആ വാഹനത്തിന്റെ ഡ്രൈവറിന്റെ ഇടതു ഭാഗത്താണ്. ഒരു വാഹനത്തിന്റെ ഇടതു ഭാഗത്തെ കാഴ്ച വലതുഭാഗത്തെ അപേക്ഷിച്ചു കുറവാണെന്നുള്ളത് നമുക്കറിയാമല്ലോ. അതുകൊണ്ടാണ് നമ്മുടെ വലതുവശത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണമെന്ന് നിയമപ്രകാരം പറയുന്നത്.)
നമ്മുടെ നാട്ടിൽ കൂടുതലായി രണ്ടു ലെയിൻ ഉള്ള റൌണ്ട് എബൌട്ട് കളാണ് , അതുകൊണ്ടു അവയെക്കുറിച്ചുള്ള നാലു സന്ദർഭങ്ങൾ ഇവിടെ വിവരിക്കുന്നു.
ഇവിടെ നിങ്ങൾ റൌണ്ട് എബൗട്ടിന്റെ എക്സിറ്റ് -1 ലൂടെ പ്രവേശിക്കുന്നു. എല്ലാ സന്ദർഭത്തിലും റൌണ്ട് എബൗട്ടിൽ പ്രവേശിക്കുന്നതിന് ഏകദേശം 15 - 20 സെക്കന്റ് മുൻപ് തന്നെ M.S.M തത്വം ഉപയോഗിക്കണം.
സന്ദർഭം 1 - റൗണ്ടിൽ നിന്നും ഇടതു ദിശയിലേക്കു പോകൽ - എക്സിറ്റ് 2 (Going to left direction Road-Taking Exit 2)
ഇവിടെ നിങ്ങൾ റൌണ്ട് എബൗട്ടിന്റെ എക്സിറ്റ് -1 ലൂടെ പ്രവേശിക്കുന്നു.
റൗണ്ടിൽ ചേരുന്ന റോഡിൽ വച്ചുതന്നെ ഏകദേശം 15 -20 സെക്കന്റ് മുൻപ്, ഇടതു മിറർ പരിശോധിച്ച് ഇടതുഭാഗത്തെ വാഹനങ്ങളുടെ സ്ഥാനം വേഗം എന്നിവ മനസിലാക്കുക.
ഇടതു ഇൻഡിക്കേറ്റർ ഓൺ ചെയ്യുക
ഇനി റോഡിന്റെ ഇടതു വരിയിൽ (left Lane) സുരക്ഷിതമായി ചേരുക . നിങ്ങൾ ഇടതു ദിശയിലാണു പോകുന്നതുകൊണ്ടു , മുൻകൂട്ടി തന്നെ ഇടതു വരിയിൽ ചേരുന്നതാണ് നല്ലതു.
റൌണ്ട് എത്തുന്നതിനു മുൻപ് വേഗം കുറക്കുക, നിർത്താൻ തയ്യാറാകുക.
റൗഡിന് തൊട്ടുമുൻപ് നിർത്തി, വലതു ദിശയിൽ നോക്കി, അതായതു റൗണ്ടിൽ ഇപ്പോളുള്ള വാഹനങ്ങളെ ഒരുകാരണവശാലും തടസ്സപ്പെടുത്താതെ സുരക്ഷിതമായ അകലത്തിനായി ക്ഷമയോടെ കാത്തു നിൽക്കുക. ഇടതു ഇൻഡിക്കേറ്റർ ഓൺ ആണെന്ന് ഉറപ്പുവരുത്തുക.
ഒന്നോർക്കുക റൗണ്ടിലുള്ള, അതായതു നിങ്ങളുടെ വലതു വശത്തുനിന്നും വരുന്ന വാഹനങ്ങൾക്കാണ് മുൻഗണന, അവയെ തടസ്സപ്പെടുത്തരുത്.
സുരക്ഷിതമായ അകലം ലഭിച്ചു കഴിഞ്ഞാൽ റൗണ്ടിലെ ഏറ്റവും പുറത്തെ വരിയിൽ (Outer Lane/ Left Lane) അഥവാ ഇടതു വരിയിൽ പ്രവേശിക്കുക , അതിനു ശേഷം ഇടതു ദിശയിലുള്ള റോഡിൽ (എക്സിറ്റ് - 2 ) സുരക്ഷിതമായി പ്രവേശിക്കുക. മിററുകൾ ശ്രദ്ധിക്കാൻ മറക്കരുത്
ഇടതു ദിശയിലുള്ള റോഡിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഇൻഡിക്കേറ്റർ ഓഫ് ആക്കുക .
സന്ദർഭം 2 -- റൗണ്ടിൽ നിന്നും നേർദിശയിലേക്കുള്ള റോഡിലേക്ക് പോകൽ -- എക്സിറ്റ് 3 (Going Straight-Taking Exit-3)
ഇവിടെ നിങ്ങൾ റൌണ്ട് എബൗട്ടിന്റെ എക്സിറ്റ് -1 ലൂടെ പ്രവേശിക്കുന്നു.
റൗണ്ടിൽ ചേരുന്ന റോഡിൽ വച്ചുതന്നെ ഏകദേശം 15 -20 സെക്കന്റ് മുൻപ്, ഇടതു മിറർ പരിശോധിച്ച് ഇടതുഭാഗത്തെ വാഹനങ്ങളുടെ സ്ഥാനം വേഗം എന്നിവ മനസിലാക്കുക.
നിങ്ങൾ നേരെ പോകുന്നതുകൊണ്ടു ഈ സാഹചര്യത്തിൽ റൗണ്ടിൽ ചേരുമ്പോൾ ഇൻഡിക്കേറ്റർ ആവശ്യമില്ല. (ചിലർ ഹസാഡ് വാണിംഗ് സിഗ്നൽ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്, ഇത് തെറ്റായ രീതിയാണ്)
ഇനി റോഡിന്റെ ഇടതു വരിയിൽ (left Lane) സുരക്ഷിതമായി ചേരുക . നിങ്ങൾ നിങ്ങൾ നേർ ദിശയിലേക്കാണ് പോകുന്നതുകൊണ്ട് , മുൻകൂട്ടി തന്നെ ഇടതു വരിയിൽ ചേരുന്നതാണ് നല്ലതു.
റൌണ്ട് എത്തുന്നതിനു മുൻപ് വേഗം കുറക്കുക, നിർത്താൻ തയ്യാറാകുക.
റൗഡിന് തൊട്ടുമുൻപ് നിർത്തി, വലതു ദിശയിൽ നോക്കി, അതായതു റൗണ്ടിൽ ഇപ്പോളുള്ള വാഹനങ്ങളെ ഒരുകാരണവശാലും തടസ്സപ്പെടുത്താതെ സുരക്ഷിതമായ അകലത്തിനായി ക്ഷമയോടെ കാത്തു നിൽക്കുക.
ഒന്നോർക്കുക റൗണ്ടിലുള്ള, അതായതു നിങ്ങളുടെ വലതു വശത്തുനിന്നും വരുന്ന വാഹനങ്ങൾക്കാണ് മുൻഗണന അവയെ തടസ്സപ്പെടുത്തരുത്.
സുരക്ഷിതമായ അകലം ലഭിച്ചു കഴിഞ്ഞാൽ റൗഡിലെ ഏറ്റവും പുറത്ത വരിയിൽ (Outer Lane/ Left Lane) അഥവാ ഇടതു വരിയിൽ ഘടികാര ദിശയിൽ പ്രവേശിക്കുക ,
നിങ്ങള്ക്ക് പുറത്തുകടക്കാനുള്ള എക്സിറ്റിന്റെ തൊട്ടുമുമ്പത്തെ എക്സിറ്റ് കടന്നുകഴിഞ്ഞതിനുശേഷം മാത്രം, ( അതായതു ഈ സാഹചര്യത്തിൽ
എക്സിറ്റ് 2 / EXIT 2 കടന്നതിനുശേഷം ) ഇടത്തെ ഇൻഡിക്കേറ്റർ (Left INDICATOR) ഓൺ ചെയ്യുക
ഇടതു മിറർ പരിശോധിക്കാൻ മറക്കരുത്.
ഇനി നിങ്ങൾക്ക് സുരക്ഷിതമായി നേർദിശയിലെ റോഡിൽ പ്രവേശിക്കാം (എക്സിറ്റ് 3 / EXIT -3)
നേർ ദിശയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഇൻഡിക്കേറ്റർ ഓഫ് ആക്കാൻ മറക്കരുത്
സന്ദർഭം 3 - റൗണ്ടിൽ നിന്നും വലതു ദിശയിലുള്ള റോഡിലേക്ക് പോകൽ എക്സിറ്റ് 4 (Going Right- Taking EXIT-4)
ഇവിടെ നിങ്ങൾ റൌണ്ട് എബൗട്ടിന്റെ എക്സിറ്റ് -1 ലൂടെ പ്രവേശിക്കുന്നു.
ഇരു മിററുകളും പരിശോധിക്കുക.
വലതു ഇൻഡിക്കേറ്റർ(Right Indicator) ഓൺ ചെയ്യുക.
എം.എസ്.എം തത്വം ഉപയോഗിച്ച് റൗണ്ടിൽ ചേരുന്ന റോഡിൻറെ വലതു വരി അഥവാ മധ്യ വരിയിൽ ചേരുക (right/centre lane ) . നേരത്തെ തന്നെ മധ്യ വരിയിൽ ചേരുന്നതാണ് നല്ലത്.
വേഗം കുറച്ചു കൊണ്ട് റൗണ്ടിന് തൊട്ടുമുൻപ് നിർത്താൻ തയ്യാറാകുക
റൗഡിന് തൊട്ടുമുൻപ് നിർത്തി, വലതു ദിശയിൽ നോക്കി, അതായതു റൗണ്ടിൽ ഇപ്പോളുള്ള വാഹനങ്ങളെ ഒരുകാരണവശാലും തടസ്സപ്പെടുത്താതെ സുരക്ഷിതമായ അകലത്തിനായി ക്ഷമയോടെ കാത്തു നിൽക്കുക.
ഒന്നോർക്കുക റൗഡിലുള്ള, അതായതു നിങ്ങളുടെ വലതു വശത്തുനിന്നും വരുന്ന വാഹനങ്ങൾക്കാണ് മുൻഗണന. അവയെ തടസ്സപ്പെടുത്തരുത്
സുരക്ഷിതമായ അകലം ലഭിച്ചു കഴിഞ്ഞാൽ റൗണ്ടിലെ മധ്യ വരിയിൽ ചേരുക. വലതു ഇൻഡിക്കേറ്റർ ഓൺ ആണെന്ന് ഉറപ്പുവരുത്തുക
നിങ്ങള് പോകേണ്ട റോഡിൻറെ/എക്സിറ്റിന്റെ തൊട്ടുമുമ്പത്തെ എക്സിറ്റ് കടന്നു കഴിഞ്ഞാൽ (ഈ സാഹചര്യത്തിൽ, എക്സിറ്റ്-3 / EXIT – 3 കടന്നതിനുശേഷം ) വലത് ഇൻഡിക്കേറ്റർ ഓഫ് ആക്കി, ഇടത്തെ ഇൻഡിക്കേറ്റർ (Left Indicator) ഓൺ ചെയ്യുക
അതിനുശേഷം എം.എസ്.എം തത്വമുപയോഗിച്ചു റൗണ്ടിലെ ഇടത്തെ വരിയിൽ സുരക്ഷിതമായി ചേരുക.
ഇനി നിങ്ങള്ക്ക് എക്സിറ്റ് 4 -ൽ ( വലത് ദിശയിലുള്ള റോഡിൽ ) പ്രവേശിക്കാം. അതിനു ശേഷം ഇൻഡിക്കേറ്റർ ഓഫ് ആക്കുക
സന്ദർഭം 4 - യൂ-ടേൺ -എക്സിറ്റ് 1 (U turn in a roundabout-Taking Exit 1)
ഇവിടെ നിങ്ങൾ എക്സിറ്റ് 1 ൽ നിന്നും റൗണ്ടിൽ പ്രവേശിച്ചു എക്സിറ്റ് 1 ൽ തന്നെ തിരിച്ചു വരുന്നു
നമ്മുടെ നാട്ടിൽ ചിലർ റൌണ്ട് ചുറ്റി യു ടേൺ ചെയ്തു വരാതെ റൗണ്ടിൽ ചേരുന്ന ഭാഗത്തുനിന്നും യു ടേൺ എടുക്കുന്ന ഒരു പ്രവണതയുണ്ട്. ഇത്തരക്കാർ ഒരു സാമൂഹ്യ വിപത്താണ്.
ഇവിടെ നിങ്ങൾ റൌണ്ട് എബൗട്ടിന്റെ എക്സിറ്റ് -1 ലൂടെ പ്രവേശിക്കുന്നു.
ഇരു മിററുകളും പരിശോധിക്കുക.
വലതു ഇൻഡിക്കേറ്റർ (Right Indiactor) ഓൺ ചെയ്യുക
എം.എസ്.എം തത്വം ഉപയോഗിച്ച് റൗണ്ടിൽ ചേരുന്ന റോഡിൻറെ വലതു വരി അഥവാ മധ്യ വരിയിൽ ചേരുക (right/centre lane ) . നേരത്തെ തന്നെ മധ്യ വരിയിൽ ചേരുന്നതാണ് നല്ലത്.
വേഗം കുറച്ചു കൊണ്ട് റൗണ്ടിന് തൊട്ടുമുൻപ് നിർത്താൻ തയ്യാറാകുക
റൗഡിന് തൊട്ടുമുൻപ് നിർത്തി, വലതു ദിശയിൽ നോക്കി, അതായതു റൗണ്ടിൽ ഇപ്പോളുള്ള വാഹനങ്ങളെ ഒരുകാരണവശാലും തടസ്സപ്പെടുത്താതെ സുരക്ഷിതമായ അകലത്തിനായി ക്ഷമയോടെ കാത്തു നിൽക്കുക.
ഒന്നോർക്കുക റൗഡിലുള്ള, അതായതു നിങ്ങളുടെ വലതു വശത്തുനിന്നും വരുന്ന വാഹനങ്ങൾക്കാണ് മുൻഗണന. അവയെ തടസ്സപ്പെടുത്തരുത്
സുരക്ഷിതമായ അകലം ലഭിച്ചു കഴിഞ്ഞാൽ റൗണ്ടിലെ മധ്യ വരിയിൽ ചേരുക. വലതു ഇൻഡിക്കേറ്റർ ഓൺ ആണെന്ന് ഉറപ്പുവരുത്തുക
നിങ്ങള് പോകേണ്ട റോഡിൻറെ/എക്സിറ്റിന്റെ തൊട്ടുമുമ്പത്തെ എക്സിറ്റ് കടന്നു കഴിഞ്ഞാൽ (ഈ സാഹചര്യത്തിൽ, എക്സിറ്റ് 4 കടന്നതിനുശേഷം ) വലത് ഇൻഡിക്കേറ്റർ ഓഫ് ആക്കി, ഇടത്തെ ഇൻഡിക്കേറ്റർ (Left Indicator) ഓൺ ചെയ്യുക
അതിനുശേഷം എം.എസ്.എം തത്വമുപയോഗിച്ചു റൗണ്ടിലെ ഇടത്തെ വരിയിൽ സുരക്ഷിതമായി ചേരുക.
ഇനി നിങ്ങള്ക്ക് എക്സിറ്റ് 1 -ൽ (യു ടേൺ ദിശയിലുള്ള , അതായതു നിങ്ങൾ പ്രവേശിച്ച അതെ ദിശയിലുള്ള റോഡിൽ ) പ്രവേശിക്കാം. അതിനു ശേഷം ഇൻഡിക്കേറ്റർ ഓഫ് ആക്കുക
Video Links.
https://www.youtube.com/watch?v=koK_a4KYs-E
https://www.youtube.com/watch?v=JAHmVNhoOow
https://www.youtube.com/watch?v=yArctgMCBks
വാൽകഷ്ണം
നിങ്ങൾ റൗണ്ടിൽ പ്രവേശിക്കുമ്പോൾ, ഒരു കാരണവശാലും, റൗണ്ടിൽ ഇപ്പോളുള്ള വാഹനങ്ങളെ തടസ്സപ്പെടുത്തരുത്. സുരക്ഷിതമായ അകലം കിട്ടുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക. ഈ സാഹചര്യത്തിൽ പിറകിൽ നിന്നും വരുന്ന ചില കുൽശ്രിത ശക്തികൾ ഹോൺ അടിപ്പിച്ചു നിങ്ങളെ വെറുപ്പിക്കും. കാര്യമാക്കേണ്ട . D N A ആർക്കും തിരഞ്ഞെടുക്കാനാവില്ലല്ലോ .
ഇവിടെ നമ്മൾ പ്രതിപാദിച്ചിട്ടുള്ളത് രണ്ടു വരിയുള്ള റൌണ്ട് എബൌട്ട് ആണ്. രണ്ടിൽ കൂടുതൽ വരികളുള്ള റൌണ്ട് എബൌട്ട് പല സ്ഥലങ്ങളിലുമുണ്ട്. പക്ഷെ പൊതുവായി, നമ്മുടെ നാട്ടിൽ കണ്ടുവരുന്നത് രണ്ടു വരിയാണ്. രണ്ടിൽ കൂടുതലുള്ളതിനെ കുറിച്ച് വിഡിയോയിൽ പ്രതിപാദിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ നമ്മുടെ നാട്ടിലെ പല എക്സ്പീരിയൻസ്ഡ് ഡ്രൈവർമാരും ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെടുന്നതിന്റെ ഒരു കാരണം റൌണ്ട് എബൗട്ടിനെ കുറിച്ചുള്ള അറിവില്ലായ്മയാണ്. “അറിവില്ലായ്മ ഒരു തെറ്റല്ല, പക്ഷെ അറിയാൻ ശ്രമിക്കായ്മ ഒരു വലിയ തെറ്റുതന്നെയാണ്. ഇത്തരം മനസ്ഥിതി ഒഴിവാക്കുക. ജീവിതാവസാനം വരെ അറിവ് നേടിക്കൊണ്ടിരിക്കുക. എല്ലാവർക്ഉം മൊബൈലിലും ഇന്റര്നെറ്റുമുണ്ടല്ലോ”
ഗൾഫ്/യൂറോപ്പ്/അമേരിക്ക രാജ്യങ്ങളിൽ, റൌണ്ട് എബൌട്ട് നിയമങ്ങൾ എല്ലാം മേൽ പറഞ്ഞതാണ്, അവിടെ ദിശ മാത്രം മാറുന്നു. റൗണ്ടിൽ എതിർ ഘടികാര (counter clockwise) ദിശയിലാണു വാഹനങ്ങൾ പോകുന്നത്. വലതുവശത്തുനിന്നുള്ള വാഹനങ്ങൾക്കുള്ള മുൻഗണന ഇടതു വശത്തുനിന്നുള്ളവർക്കാണെന്നു മാത്രം, “അവിടെ എല്ലാം ഇടത്തോട്ടാണല്ലോ.”
ഇന്നത്തേക്ക് ഇത്രമാത്രം (കുറച്ചു കൂടിപ്പോയോ)
സംശയങ്ങൾക്ക്, ഇന്ത്യൻ സമയം 4.30 PM– 7.00 PM ഫേസ്ബുക് messenger ൽ വിളിക്കാം.
എന്ന് നിങ്ങളുടെ സ്വന്ത ബിനോയ് .എൻ. എസ്
ഡ്രൈവിംഗ് ---ഒരു സാംസ്കാരിക മുന്നേറ്റം അധ്യായം 10
ഓവർ ടേക്കിങ് -- രാത്രി കാല ഡ്രൈവിംഗ്
ഓവർ ടേക്കിങ് എന്നത്, നിങ്ങളുടെ അതേ ദിശയിൽ നിങ്ങളെക്കാൾ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുന്ന മറ്റൊരു റോഡ് ഉപഭോക്താവിനെ (മോട്ടോർ വാഹനങ്ങൾ, മൃഗങ്ങൾ, കൈ വണ്ടികൾ, സൈക്കിൾ യാത്രികർ ) മറികടക്കുന്ന പ്രവൃത്തിയാണ്.
നമ്മുടെ നാട്ടിലെ ഭൂരിഭാഗം റോഡ് അപകടങ്ങൾ നടക്കുന്നത്, ഓവർ ടേക്ക് ചെയ്യുമ്പോളോ, ഓവർ ടേക്ക് ചെയ്യപ്പെടുമ്പോളോ, ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോളോ ആണ്.
ഓവർ ടേക്കിങ് താഴെ പറയുന്ന സാഹചര്യങ്ങളിൽ നിയമപ്രകാരം നിഷിദ്ധമാണ്.
റോഡിൽ ഓവർ ടേക്കിങ് നിരോധിച്ച സൈൻ ബോർഡ് ഉള്ളപ്പോൾ
റോഡിൻറെ മധ്യഭാഗത്തു ഇട മുറിയാത്ത വെള്ള / മഞ്ഞ വരകളുള്ള മേഖലകളിൽ.
വളവുകളിൽ
മുന്നോട്ടു കാഴച മറയുന്ന സാഹചര്യങ്ങളിൽ (കാലാവസ്ഥ, കയറ്റം എന്നിവ)
മുന്നോട്ടുള്ള റോഡിൽ, കവലകൾ / സീബ്ര ക്രോസിങ് ഉള്ളപ്പോൾ
അപകടകരമായ രീതിയിൽ ഓവർ ടേക്കിങ് ചെയ്യുന്നത് നിയമവിരുദ്ധവും, നിങ്ങളുടെയും, മറ്റുള്ളവരുടെയും ജീവന് ഭീഷണിയുമാണ്.
ഓവർ ടേക്കിങ് ചെയ്യുമ്പോളും, നിയമപരമായ വേഗത നിയന്ത്രണം (Legal Speed Limits) പാലിക്കണം. അതിനു സാധിക്കാത്ത സാഹചര്യത്തിൽ, ഓവർ ടേക്കിങ് ഒഴിവാക്കി, മുന്നിലെ വാഹനത്തെ ക്ഷമയോടെ പിന്തുടരുക.
ഓവർ ടേക്ക് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ വാഹനത്തിന്റെ പ്രകടന ക്ഷമതയും (performance) കണക്കിലെടുക്കണം(Know your vehicle) . പ്രകടന ക്ഷമത കുറഞ്ഞ വാഹനങ്ങൾ, ഓവർ ടേക്കിങ് പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുകയും, അത് അപകടത്തിലേക്ക് നയിക്കുകയും ചെയ്യും.
ഓവർ ടേക്കിങ് എത്രയും പെട്ടന്ന് തീർക്കാൻ നോക്കണം, കാരണം, സമയം വൈകിയാൽ എതിരെ വാഹനങ്ങൾ വരൻ സാധ്യതയുണ്ട്.
(എന്നുവെച്ചു അനാവശ്യമായി ധൃതി കൂട്ടണമെന്നല്ല)
നിങ്ങളുടെ വാഹനത്തിന്റെ കൂടിയ പവർ ബാൻഡ് (Peak Power Band - ഔനേഴ്സ് മാന്വൽ പരിശോധിക്കുക) മനസ്സിലാക്കി, വാഹനം ഓവർ ടേക്ക് ചെയ്യുന്ന സമയത്തു, ഗിയറുകൾ കൃത്യമാക്കി, പീക്ക് പവർ ബാൻഡ് RPM ൽ വരുത്തുക. ഓട്ടോമാറ്റിക് വാഹനങ്ങൾ, പറ്റുമെങ്കിൽ സ്പോർട് മോഡിലോ, മാന്വൽ മോഡിലോ ആക്കുക.
ടർബോ ചെർജ്ജർ ഉള്ള വാഹനങ്ങൾ ഓവർ ടേക്ക് നു മുൻപ് ഗിയറുകൾ കൃത്യമാക്കിൽ, ടർബോ ഓൺ ആകുന്ന കുറഞ്ഞ RPM ൽ വരുത്തുക.
ഓവർ ടേക്ക് നു മുൻപ് തന്നെ മുന്നോട്ടുള്ള സാഹചര്യങ്ങൾ മനസ്സിലാക്കി , ഓവർ ടേക്കിങ് കഴിയില്ല എന്ന് തോന്നിയാൽ, പിന്മാറുക.
നമ്മുടെ നാട്ടിൽ ഓവർ ടേക്കിങ് മുന്നിൽ പോകുന്ന വാഹനത്തിന്റെ വലതു വശത്തുകൂടെ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ചിലർ (പ്രത്യേകിച്ചും ഇരു ചക്ര വാഹനങ്ങൾ ) വലിയ വാഹനത്തിന്റെ ഇടതു വശത്തുകൂടെ ഓവർ ടേക്ക് ചെയ്യുന്ന ഒരു രീതി കണ്ടു വരുന്നു. അവർ ഒന്ന് മനസ്സിലാക്കുക, ഒരു വലിയ വാഹനത്തിന്റെ ഇടതു വശത്തെ കാഴ്ച ആ വാഹനത്തിന്റെ ഡ്രൈവർക്കു പരിമിതമാണ്. അതായതു നിങ്ങൾ അപകടം വിളിച്ചു വരുത്തുന്നു.
മുന്നിലെ വാഹനം വലതു വശത്തേക്ക് തിരിയാനായി, സിഗ്നൽ കാണിച്ചു റോഡിൻറെ മധ്യഭാഗം കഴിഞ്ഞാൽ, സുരക്ഷിതമാണെകിൽ മാത്രം നിങ്ങള്ക്ക് ആ വാഹനത്തിന്റെ ഇടതു വശത്തുകൂടെ ഓവർ ടേക്ക് ചെയ്യാം.
ഓവർ ടേക്കിങ് നടപടി ക്രമം
ഇവിടെയും MSM തത്വം ഉപയോഗിക്കണം.
നിങ്ങൾ റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ, നിങ്ങളുടെ മുന്നിൽ ഒരു വേഗം കുറഞ്ഞ വാഹനം ഉണ്ടെകിൽ, താഴെ പറയുന്ന നടപടി ക്രമം പാലിച്ചു, നിങ്ങള്ക്ക് സുരക്ഷിതമായി ആ വാഹനത്തെ മറികടക്കാം.
( ആ വാഹനം വലതു വശത്തേക്ക് തിരിയാൻ സിഗ്നൽ ഇട്ടിട്ടുണ്ടെകിൽ ഒരു കാരണ വശാലും, നിങ്ങൾ ആ വാഹനത്തെ ഓവർ ടേക്ക് ചെയ്യരുത്. ആ വാഹനം വലതു വശത്തേക്ക് തിരിയുന്നതുവരെ ക്ഷമയോടെ കാത്തുനിൽക്കുക അല്ലെങ്കിൽ പിന് തുടരുക)
ഓവർ ടേക്കിങ് നിരോധിത മുന്നറിയിപ്പ് ബോർഡുകളോ, റോഡിലെ വരകളോ ( റോഡ് മധ്യത്തിലായി ഇട മുറിയാത്ത ഒറ്റ / ഇരട്ട വെള്ള / മഞ്ഞ വരകൾ ഇല്ലെന്നുറപ്പുവരുത്തുക.
മുന്നിലെ വാഹനത്തിനു മുൻപായി, ഇരു വരിയിലും സുരക്ഷിതമായ അകലം ഉണ്ടെന്നു ഉറപ്പുവരുത്തുക. അതുപോലെ എതിരെ വാഹനങ്ങളില്ലെന്നും, മുന്നിലായി, കവലകളോ, സീബ്ര ക്രോസിങ്ങുകളോ ഇല്ലെന്നും ഉറപ്പുവരുത്തുക (നിർഭാഗ്യവശാൽ ഈ പറഞ്ഞ സാഹചര്യങ്ങൾ, നമ്മുടെ നാട്ടിൽ ഇപ്പോൾ കുറഞ്ഞു വരുന്നു)
മിററുകൾ പരിശോധിച്ച്, പിന്നിൽനിന്നുള്ള വാഹനങ്ങളുടെ സ്ഥാനം വേഗം എന്നിവ മനസിലാക്കുക. പിന്നിൽനിന്നും, നിങ്ങളെ ഓവർ ടേക്ക് ചെയ്തു മറ്റു വാഹനങ്ങൾ വരുന്നുണ്ടെങ്കിൽ, അവരെ തടസ്സപ്പെടുത്തരുത്. കാരണം അവർക്കാണ് മുൻഗണന, അവരെ ഓവർ ടേക്ക് ചെയ്യാൻ അനുവദിക്കുക. . ഓവർ ടേക്ക് ശ്രമം തല്ക്കാലം നിർത്തി വീണ്ടും മേൽ പറഞ്ഞ സാഹചര്യങ്ങൾ ഒന്നുകൂടെ പരിശോധിക്കുക.
നിങ്ങളുടെ ബ്ലൈൻഡ് സ്പോട് പരിശോധിക്കുക, സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
വലതു ഇൻഡിക്കേറ്റർ പ്രവർത്തിപ്പിച്ചു, സുരക്ഷിതമായി വലതു വരിയിലെ (Right Lane) (അതായതു എതിർ ദിശയിലെ വാഹനങ്ങളുടെ വരി) റോഡിൽ ചേരുക. മേല്പറഞ്ഞ സഹചര്യങ്ങൾ (1, 2, 3, 4) സുരക്ഷിതമാണെങ്കിൽ മാത്രം. (ലെയിൻ ചേഞ്ച് ആണിത്. വരും അധ്യായത്തിൽ കൂടുതൽ വിശദമാക്കാം)
ഇൻഡിക്കേറ്റർ ഓഫ് ചെയ്തു, എത്രയത്തെ പെട്ടന്ന് വേഗമാർജിക്കുക.
ഓവർ ടേക്ക് ചെയ്യപ്പെടുന്ന വാഹനത്തിന്റെ ഏകദേശം 25 – 50 % കടന്നു കഴിഞ്ഞാൽ, ഇടതുവശത്തെ ഇൻഡിക്കേറ്റർ ഓൺ ചെയ്യുക.
ഓവർ ടേക്ക് ചെയ്യപ്പെടുന്ന വാഹനത്തെ മറികടന്നശേഷം ഇടത്തെ മിറർ ശ്രദ്ധിച്ചു, ആവശ്യത്തിന് അകലം കടന്നതിനു ശേഷം, ഇടതു വരിയിൽ സുരക്ഷിതമായി ചേരുക. അങ്ങനെ ചെയ്യുമ്പോൾ, ഓവർ ടേക്ക് ചെയ്യപ്പെടുന്ന വാഹനത്തെ ഒരു കാരണവശാലും തടസ്സപ്പെടുത്തരുത്, അതായതു, നിങ്ങൾ മൂലം ആ വാഹനം ബ്രേക്ക് ചെയ്യാനിട വരരുത്.
ഓവർ ടേക്കിങ് കഴിഞ്ഞാൽ ഇൻഡിക്കേറ്റർ ഓഫ് ആക്കാൻ മറക്കരുത്.
നിങ്ങൾ ഒരു വാഹനത്തെ പിന്തുടരുമ്പോൾ, ആ വാഹനം അതിനു മുൻപുള്ള വാഹനത്തെ ഓവർ ടേക്ക് ചെയ്യുമ്പോൾ, അന്ധമായി അതിനെ പിന് തുടരരുത്. കാരണം റോഡിലെ സാഹചര്യങ്ങൾ ഓരോ നിമിഷവും മാറുന്നു. അങ്ങനെ ചെയ്താൽ നിങ്ങൾ അപകടത്തിൽ പെടാനുള്ള സാധയതയുണ്ട്.
നിങ്ങൾ വാഹനം ഓടിക്കുമ്പോൾ ഓരോ 6 -8 സെക്കന്റിലും മിററുകൾ പരിശോധിക്കണം( ഒരു നല്ല ഡ്രൈവറുടെ ലക്ഷണങ്ങളിൽ ഒന്നാണത്)
അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ പിന്നലായി, നിങ്ങളെക്കാൾ വേഗത്തിൽ ഒരു വാഹനം വരുന്നുണ്ടെകിൽ, മുന്നോട്ടുള്ള പാത സുരക്ഷിതമാണെങ്കിൽ ആ വാഹനത്തെ നിങ്ങളെ മറികടക്കാൻ അനുവദിക്കുക, ( “അങ്ങനെ അവൻ നമ്മളെ കടന്നു പോകണ്ട” എന്ന മന സ്ഥിതി ഒഴിവാക്കുക. ) , ആക്സിലറേറ്റർ പെടലിൽനിന്നും ഒന്ന് കാൽ എടുത്താൽ മതി, അവർക്കു സുഗമമായി, നിങ്ങളെ ഓവർ ടേക്ക് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുക. ഇങ്ങനെ ചെയ്താൽ, നമ്മുടെ നാട്ടിലെ നല്ലൊരു ശതമാനം ഹോൺ അടിയും, അപകടങ്ങളും, ഒഴിവാകും എന്ന് മാത്രമല്ല റോഡിലെ ശരാശരി വേഗം കൂടുകയും ചെയ്യും.
നമ്മുടെ നാട്ടിലെ ചില ലോറി ഡ്രൈവർ മാർ ഓവർ ടേക്ക് ചെയ്യാൻ അനുവാദം നൽകുന്നതിന് വലത്തെ ഇൻഡിക്കേറ്റർ ഓൺ ചെയ്യുന്ന ഒരു പ്രവണതയുണ്ട്. ( പച്ചാളം ഭാസിയുടെ സ്വന്തം അടവുപോലെ ) അത് തെറ്റാണു. കാരണം, അദ്ദേഹം വലതു വശത്തേക്ക് തിരിയാനാണോ അല്ല ഓവർ ടേക്ക് ചെയ്തോളനാണോ ഉദ്ദേശിച്ചതെന്ന് നമുക്കെങ്ങനെ മനസ്സിലാകും.
രാത്രി കാല ഡ്രൈവിംഗ്
പകൽ സമയത്തെ അപേക്ഷിച്ചു, രാത്രി കാല ഡ്രൈവിംഗ് കൂടുതൽ ശ്രമകരവും, കൂടുതൽ ശ്രദ്ധയും വേണ്ടതാണ്. യാത്രക്ക് മുൻപ് തന്നെ pre trip inspection നടത്തി, വാഹനത്തിന്റെ എല്ലാ ലൈറ്റുകളും നടത്തി പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പു വരുത്തുക. മാത്രമല്ല വാഹനത്തിന്റെ ചില്ലുകളും മികച്ച കാഴ്ച നൽകണം. രാത്രിയിൽ, വേഗം 10-20 % കുറക്കേണ്ടിവന്നേക്കാം.
ഇവിടെ പ്രതിപാദിക്കുന്നത്, ഹൈ / ലോ ബീം നെ കുറിച്ചാണ്. (High/Low beam)
റോഡിൽ വെളിച്ചം കുറഞ്ഞുവരുമ്പോൾ തന്നെ ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കുക. (evening 6 pm to morning 7 am-varies on seasons)
മഴ, മൂടൽ മഞ്ഞു എന്നിവ യുള്ളപ്പോൾ മാത്രം ഫോഗ് ലാംപ് ഉപയോഗിക്കുക.
പല രാജ്യങ്ങളിലും, ഹൈ ബീം ഉപയോഗം നിരോധിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ, നിയന്ത്രിത സാഹചര്യങ്ങളിൽ മാത്രം, ഹൈ ബീം ഉപയോഗിക്കാം.
നഗരതിർത്തികളിൽ, വഴിവിളക്കുകൾ ഉള്ള റോഡുകളിൽ, ഹൈ ബീം ഉപയോഗിക്കരുത്.
നിങ്ങൾ ഒരു വാഹനത്തെ പിന്തുടരുമ്പോൾ, ഒരിക്കലും ഹൈ ബീം ഉപയോഗിക്കരുത്, കാരണം, നിങ്ങളുടെ ഹൈ ബീം ആ വാഹനത്തിൽ പതിഞ്ഞു, ആ വാഹനത്തിന്റെ ഒരു നിഴൽ അതിനു മുൻപിലായി, ഉണ്ടായി, ആ വാഹനത്തിന്റെ ഡ്രൈവറുടെ കാഴച മറയും, മാത്രമല്ല, മിററുകളിൽ പ്രതിഫലിച്ചു ആ ഡ്രൈവർക്കു കാഴ്ച മറയുകയും ചെയ്യും(ആധുനിക വാഹനങ്ങളിൽ ഇതൊരു പരിധി വരെ കുറവാണു) , ആ സഹചര്യത്തിൽ ആ വാഹനം അപകടത്തിൽ പെട്ടാൽ, പിന്നിൽ വരുന്ന നിങ്ങളും അപകടത്തിൽ പെടാം. അതുകൊണ്ടു വാഹനങ്ങളെ പിന്തുടരുമ്പോൾ, ലോ ബീം ഉപയോഗിക്കുക.
എതിരെ വാഹനം വരുമ്പോൾ, ലൈറ്റ് ഡിം ചെയ്യണമെന്നുള്ളത് എല്ലാവര്ക്കും അറിയാമല്ലോ. (പലരും പാലിക്കുന്നില്ല)
ഒന്നോർക്കുക, മറ്റു വാഹനങ്ങളുടെ സുരക്ഷ, നിങ്ങളുടെയും സുരക്ഷയാണ്.
വളവുകളിൽ, എതിരെ വരുന്ന വാഹനങ്ങൾക്കു മുന്നറിയിപ്പ് നൽകാനായി, ഒന്നിടവിട്ട് ഹൈ ബീം ഉപയോഗിക്കുക, (രണ്ടു തവണയിൽ കൂടുതലാകരുത്)
രാത്രി ഡ്രൈവിങ്ങിലെ വെല്ലുവിളികൾ
നമ്മുടെ നാട്ടില ഭൂരിഭാഗം റോഡുകളുടെയും, രൂപകൽപ്പനയും നിർമാണവും, രാത്രിയാത്രക്കുതകും വിധമല്ല. ( രൂപകൽപന എന്നൊന്നില്ലല്ലോ)
സ്വയം പ്രകാശിത/ പ്രതിഫലനത്താൽ പ്രവർത്തിക്കുന്ന (Illuminated/ reflective Road signs ) മുന്നറിയിപ്പ് ബോർഡുകൾ ഇല്ല അല്ലെങ്കിൽ നല്ല രീതിയിൽ പരിപാലിക്കുന്നില്ല. പലപ്പോഴും കാടുപിടിച്ചിരിക്കും.
വഴിവിളക്കുകൾ ഇല്ല / പ്രവർത്തിക്കുന്നില്ല
പല ഭാഗത്തും കുഴികളും, വിള്ളലുകളുമുണ്ട്.
ക്യാറ്റ് ഐ സ്റ്റഡ്(Cat Eye Studs) ഇല്ല അല്ലെങ്കിൽ പ്രവർത്തിക്കുന്നില്ല .
മാത്രമല്ല, ലൈറ്റ് ഡിം ചെയ്യാതെ എതിരെ വരുന്ന സാമദ്രോഹികളുടെ ബാഹുല്യം.
അതുകൊണ്ടു രാത്രിയിൽ കൂടുതൽ ശ്രദ്ധയോടെ വാഹനമോടിക്കുക
ചിത്രങ്ങൾക്ക് കടപ്പാട്. - ഗൂഗിൾ
എന്ന് നിങ്ങളുടെ സ്വന്തം ബിനോയ് എൻ എസ്
ഡ്രൈവിംഗ് - ഒരു സാംസകാരിക മുന്നേറ്റം - Driving-A Cultural Change
അധ്യായം-11/ Chapter 11
ഹിൽ ഡ്രൈവിംഗ്(Hill Driving):
ഹൈറേഞ്ച് മേഘലയിൽ വാഹനം ഓടിക്കുന്നതിനു കൂടുതൽ കരുതലും ക്ഷമയും ക്ഷമതയും ആവശ്യമാണ്. ഈ മേഘലയിലെ ഡൈവിംഗ് കൂടുതൽ അപകടം നിറഞ്ഞതുമാണ്. താഴെ പറയുന്ന കാര്യങ്ങൾ പാലിക്കുക.
കയറ്റം കയറുന്നതിന് വാഹങ്ങൾക്ക് കൂടുതൽ അധ്വാനം ആവശ്യമാണ്. ഓണേഴ്സ് മാന്വൽ പരിശോധിച്ച് നിങ്ങളുടെ വാഹനത്തിന്റെ ഉയർന്ന ടോർക് ബാൻഡ് മനസിലാക്കുക. വാഹനം കയറ്റം കയറുമ്പോൾ എല്ലായിപ്പോഴും ഉയർന്ന ടോർക് ബാൻഡിൽ വരുന്ന രീതിയിൽ താഴ്ന്ന ഗിയർ ഉപയോഗിച്ച് ഒരേ വേഗത്തിൽ മാത്രം ഓടിക്കുക.
ഓട്ടോമാറ്റിക് വാഹനമാണെങ്കിൽ, മാനുവൽ മോഡ് ഉപയോഗിച്ച് താഴ്ന്ന ഗിയർ ഉപയോഗിക്കുകയോ, ഷിഫ്റ്റ് ലോക്ക് ഉപയോഗിച്ച് ഉയർന്ന ഗിയർ ലേക്കുള്ള മാറ്റം ഒഴിവാക്കുകയോ ചെയ്യുക.
ടെമ്പറേച്ചർ ഗേജിൽ എപ്പോളും ഒരു കണ്ണുവേണം. വാഹനം അമിതമായി ചൂടാകുന്നില്ല എന്ന് ഉറപ്പുവരുത്തുക.
നിങ്ങൾ മറ്റു വാഹനത്തെ പിന്തുടരുകയാണെങ്കിൽ സാധാരണ രീതിയിൽനിന്നും കൂടുതൽ അകലം പാലിക്കുക (2 സെക്കന്റ് ഗ്യാപ്പിനു പകരം 5 ഓ 6 ഓ സെക്കന്റ് പാലിക്കുക)
ഹെയർ പിൻ വളവുകളിൽ വലിയ വാഹങ്ങൾക്ക് തിരിയാൻ കൂടുതൽ സ്ഥലം വേണ്ടിവരും. അത്തരം സാഹചര്യങ്ങളിൽ അവക്ക് സ്ഥലവും മുൻഗണനയും നൽകി ക്ഷമയോടെ വാഹനം ഓടിക്കുക
വളവുകളിൽ, കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് സാഹചര്യങ്ങൾ വിലയിരുത്തി മാത്രം മുന്നോട്ടു പോകുക. അപ്രതീക്ഷിതമായതിനെ പ്രതീക്ഷിക്കുക.( expect the unexpected.)
കയറ്റം കയറുമ്പോൾ വാഹനങ്ങൾ ട്രാഫിക് ബ്ലോക്കുകളിൽ നിൽക്കുകയാണെങ്കിൽ, മുന്നിലെ വാഹനവുമായി കൂടുതൽ അകലം പാലിക്കുക . കാരണം മുന്നിലെ വാഹനം യാത്ര തുടരുമ്പോൾ ഒരൽപം പിന്നിലോട്ടുവരാനുള്ള സാധ്യതയുണ്ട്.
ഓവർ ടേക്കിങ് പരമാവധി ഒഴിവാക്കുക പ്രത്യേകിച്ചും വളവുകളിൽ
നിങ്ങൾ ഇറക്കം ഇറങ്ങുമ്പോൾ, കയറ്റം വരുന്ന വാഹങ്ങൾക്കു മുൻഗണന നൽകുക, പ്രത്യേകിച്ചും വളവുകളിലും വീതികുറഞ്ഞ ഭാഗത്തും സ്ഥലം ഒഴിവാക്കി കൊടുക്കുക.
ഇറക്കം ഇറങ്ങുമ്പോൾ എൻജിൻ ബ്രേക്കിംഗ് രീതി (Engine Braking) പിന്തുടർന്ന് സർവീസ് ബ്രേക്കുകളുടെ ഉപയോഗം വളരെ പരിമിതപ്പെടുത്തുക. അതായതു ആ കയറ്റം ആ വാഹനം കയറാനായി വേണ്ട ഗിയർ തന്നെ ഉപയോഗിച്ച് ഇറങ്ങുക, അപ്പോൾ എൻജിൻ തന്നെ വാഹനത്തിന്റെ വേഗം നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടാകും. സർവീസ് ബ്രേക് കൂടുതൽ ഉപയോഗിച്ചാൽ ബ്രേക് സംവിധാനം ചൂടാകുകയും അതിന്റെ കാര്യക്ഷമത കുറയുകയും ചെയ്യും.
ഇറക്കം ഇറങ്ങുമ്പോൾ, ഇന്ധനം ലഭിക്കാനായി എൻജിൻ ഓഫ് ചെയ്യുകയോ , ന്യൂട്രൽ ആക്കുകയോ, ക്ലച്ച് ചവിട്ടിപ്പിടിക്കുകയോ അരുത്. അത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാൻ ഇടവരുത്തും..
നിങ്ങളുടെ വാഹനത്തിൽ റീടാർഡെർ ബ്രേക് ഉണ്ടെകിൽ അത് പ്രവർത്തിപ്പിക്കുക, വാഹനത്തെ 10Kmph വരെ വേഗം കുറക്കാൻ റീടാർഡെർ സഹായിക്കും, മാത്രമല്ല സർവീസ് ബ്രേക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തുകയും തേയ്മാനം കുറക്കാനും സഹായിക്കും.
മൾട്ടി ലെയിൻ ഹൈവേ ഡ്രൈവിംഗ് / Multi Lane Highway Driving.
ഒരു ഹൈവേ യിൽ ഒരേ ദിശയിൽ സഞ്ചരിക്കാനായി ഒന്നിൽ കൂടുതൽ വരിയുള്ള റോഡാണ് മൾട്ടി ലെയിൻ ഹൈവേ. എതിരെ വരുന്ന വാഹന വരികളുമായി റോഡിൻറെ മധ്യഭാഗം വേർതിരിച്ചിട്ടുണ്ടാകും. നമ്മുടെ നാട്ടിൽ സാധാരണയായി ഇരു ദിശയിലുമായി 4 വരി 6 വരി പാതകളാണ് ഉള്ളത്. ഓരോ വരിയും 3 മുതൽ 3.6 മീറ്റർ വരെ വീതിയുണ്ടാകും.
നമ്മുടെ നാട്ടിലെ ഭൂരിഭാഗം ഡ്രൈവർമാർക്കും ഇത്തരം പാതകളിലെ നിയമങ്ങൾ അറിയില്ല. അഥവാ അറിഞ്ഞാലും പാലിക്കാറില്ല. മാത്രമല്ല അധികാരികളും കണ്ണടക്കുന്നു . ഇതുമൂലം ഇത്തരം റോഡുകളിലെ ഗതാഗതം ഇപ്പോൾ ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്.
ഇത്തരം റോഡുകളുടെ ഏറ്റവും ഇടതുഭാഗത്തു ഒരു ഇടമുറിയാത്ത വര മൂലം വേർതിരിച്ച ഒരു ഭാഗം ഉണ്ടാകും. അതിനെ റോഡ് ഷോൾഡർ (Road Shoulder) എന്നാണ് പറയുക. ഇത് അടിയന്തിര സാഹചര്യങ്ങളിൽ വാഹനം നിർത്താൻ വേണ്ടിയാണ് ( അത്തരം സാഹചര്യത്തിൽ ഹസാഡ് വാണിംഗ് സിഗ്നൽ ഉപയോഗിക്കുക). ഈ ഭാഗം യാത്രക്കായി ഉപയോഗിക്കരുത്. ചില അടിയന്തിര സാഹചര്യത്തിൽ ആംബുലൻസ് ഫയർ ഫോഴ്സ് പോലീസ് വാഹനം എന്നിവക്ക് ഈ ഭാഗം ഉപയോഗിക്കാം.
നാലു വരി പാത - 4 Lane Roads.
നാല് വരി പാതയിൽ ഒരു ദിശയിൽ സഞ്ചരിക്കാൻ രണ്ടു വരികളുണ്ടാകും.
ഇത്തരം പാതകളിൽ എല്ലാവാഹനങ്ങളും (കാർ, ട്രക്ക് ബസ് , ഇരു /മു ചക്ര വാഹനങ്ങൾ അടക്കം എല്ലാ വാഹനങ്ങളും ) ഇടത്തെ വരിയിൽ (Left Track/ Lane ) അല്ലെങ്കിൽ ഇടത്തെ ട്രാക്കിലാണ് യാത്ര ചെയ്യേണ്ടത്.
ഹൈവേ കളിൽ യാത്ര ചെയ്യുമ്പോൾ ആ റോഡിൻറെ ശരാശരി വേഗത്തിൽ കുറഞ്ഞ വേഗത്തിൽ യാത്ര ചെയ്യരുത്. അമിത വേഗം പോലെ തന്നെ വളരെ കുറഞ്ഞ വേഗവും അപകടകരമാണ്. കുറഞ്ഞവേഗത്തിൽ യാത്ര ചെയ്യുമ്പോൾ വാഹനങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കിനെ തടസ്സപ്പെടുത്തുമ്പോൾ ഡ്രൈവർമാരുടെ ക്ഷമ നശിച്ചു (ക്ഷമ നശിക്കാൻ പാടില്ല, പക്ഷെ സംഭവിക്കുന്നു) കൂടുതൽ അപകടകരമായ നീക്കങ്ങളിലേക്കു നയിക്കുന്നു. .
വലതു വശത്തെ (Right Track/Lane ) വരി താഴെ പറയുന്ന സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാം
നിങ്ങൾ ഇടതു വരിയിൽ യാത്രചെയ്യുക. മുന്നലെ വാഹനത്തെ ഓവർ ടേക്ക് ചെയ്യാനായി വലതു വരി ഉപയോഗിക്കാം. അതിനായി ലെയിൻ ചേഞ്ച് രീതി (ചുവടെ കൊടുക്കുന്നു ) പാലിക്കുക . ഓവർ ടേക്ക് കഴിഞ്ഞാൽ സുരക്ഷിതമായി ഇടതുവരിയിലേക്കു തിരിച്ചു വരുക.
ഇടതു വരി (left track) എന്തെങ്കിലും കാരണത്താൽ തടസ്സപ്പെട്ടിട്ടുണ്ടെകിൽ, നിങ്ങള്ക്ക് വലതു വരിയിൽ യാത്ര തുടരാം, തടസ്സമുള്ള ഭാഗം കഴിഞ്ഞാൽ വീടും തിരിച്ചു ഇടതുവരിയിൽ ചേരുക.
നിർദിഷ്ട ജംക്ഷനിൽ നിന്നും വലതു ദിശയിലേക്കു തിരിയാനായി വലതു വരി ഉപയോഗിക്കണം. ദിശ ബോർഡുകളും, റോഡിലെ അടയാളങ്ങളും (ആരോ മാർക്കും) പരിശോധിക്കുക . ഇത്തരം സഹചര്യത്തിൽ മുൻകൂട്ടി വലതു വരിയിൽ ചേരേണ്ടതാണ്. ജംക്ഷനിൽ ഇടതു വരിയിൽ നിന്നും ഒറ്റയടിക്ക് വലതു ദിശയിലേക്കു തിരിയരുത്.
യു ടേൺ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ യു ടേൺ എടുക്കാനായി വലതു വരി ഉപയോഗിക്കാം . ഈ സാഹചര്യത്തിലും മുൻകൂട്ടി ട്രാക്ക് മാറേണ്ടതാണ്. മാത്രമല്ല യു ടേൺ എടുക്കുമ്പോൾ എതിർ ദിശയിലെ വാഹനങ്ങളെ തടസ്സപ്പെടുത്തരുത്. ഈ സാഹചര്യത്തിൽ അപകടമുണ്ടായാൽ നിങ്ങളാണ് ഉത്തരവാദി.
ആറു വരി പാത 6 Lane Roads
ആറു വരി പാതയിൽ ഒരേ ദിശയിലായി മൂന്നു ട്രക്കുകൾ ഉണ്ടാകും
ഇവിടെ വേഗം കുറഞ്ഞ വാഹനങ്ങളും ചരക്കു വാഹനങ്ങൾ , കൺസ്ട്രക്ഷൻ എക്വിപ്മെന്റ് വാഹനങ്ങൾ എന്നിവ ഇടത്തെ ട്രാക്കിലാണ് ഓടേണ്ടത്. ഓവർ ടേക്ക് ചെയ്യാനായി മധ്യത്തിലെ ട്രാക്ക് ഉപയോഗിക്കാം , ഓവർ ടേക്ക് കഴിഞ്ഞാൽ വീണ്ടും ഇടത്തെ ട്രാക്കിൽ ചേരേണ്ടതാണ്. വലത്തേ ട്രാക്ക് , ജംക്ഷനിൽ നിന്നും വലത്തേക്ക് പോകാനും യു ടേൺ എടുക്കാനും മാത്രമല്ലാതെ ഒരു സാഹചര്യത്തിലും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കരുത്.
വേഗത്തിൽ സഞ്ചരിക്കുന്ന വാഹങ്ങൾ ( ചരക്കു വാഹനങ്ങൾ , കൺസ്ട്രക്ഷൻ എക്വിപ്മെന്റ് വാഹനങ്ങൾ ഒഴികെ ) മധ്യത്തിലെ ട്രാക്കിലൂടെ യാത്ര തുടരുക. ഓവർ ടേക്ക് ചെയ്യാനായി വലതു ട്രാക്ക് ഉപയോഗിക്കുക . ഓവർ ടേക്ക് കഴിഞ്ഞാൽ വീണ്ടും മധ്യത്തിലെ ട്രാക്കിലേക്ക് വരുക.
സുരക്ഷിതമായി മാത്രം ട്രാക്ക് / ലെയിൻ മാറുക.
സുരക്ഷിതമായി ലെയിൻ മാറൽ രീതി Lane Changing Method.
നമ്മുടെ നാട്ടിലെ ഭൂരിഭാഗം പേരുടെയും വിചാരം അവർക്കു തോന്നുമ്പോളെല്ലാം ലെയിൻ മാറാം എന്നാണ്. ചിലർ ഇൻഡിക്കേറ്റർ പോലും ഇടത്തെ, ചിലരാണെകിൽ ഇൻഡിക്കേറ്റർ ഇട്ടാൽ എല്ലാമായി, ഇനി ലെയിൻ മാറാം എന്ന രീതിയിൽ. ഇത് അറിവില്ലായ്മ മൂലവും അഹങ്കാരം മൂലവുമാണ് സംഭവിക്കുന്നത്. ഇതുമൂലം നിരവധി അപകടങ്ങൾ സംഭവിക്കുന്നു.
ലെയിൻ മാറുന്നതിനും M.S.M രീതിയും വഴിയാവകാശവും (right of way) പാലിക്കണം. നിങ്ങൾ ഒരു വരിയിൽ നിന്നും മറ്റു വരിയിലേക്ക് മാറുമ്പോൾ ( അത് ഇടത്തോട്ടായാലും വലത്തോട്ടായാലും ) നിങ്ങൾ ചേരാൻ ഉദ്ദേശിക്കുന്ന വരിയിലെ വാഹനങ്ങൾക്കാണ് വഴിയാവകാശം അഥവാ മുൻഗണന . ഒരു കാരണവശാലും അവയെ തടസപ്പെടുത്തരുത്. അതായതു നിങ്ങളുടെ പ്രവർത്തി മൂലം അവർ വേഗം കുറയ്ക്കണോ ബ്രേക് ഉപയോഗിക്കുവാനോ ഉള്ള സാഹചര്യം ഉണ്ടാകരുത്. അങ്ങനെ സംഭവിച്ചാൽ അവർ നിങ്ങളുടെ പൂർവികരെ സ്മരിക്കുക മാത്രമല്ല അപകടം സംഭവിച്ചാൽ നിങ്ങൾ മാത്രമാണ് ഉത്തരവാദി
വലതു ദിശയിൽ ലെയിൻ മാറാനായി വലതു മിറർ ഉപയോഗിച്ച് വലതു വരിയിലെ വാഹനങ്ങളുടെ സ്ഥാനം വേഗം എന്നിവ മനസ്സിലാക്കി സുരക്ഷിതമായ അകലം ലഭിച്ചാൽ മാത്രം ലെയിൻ മാറുക. അല്ലെങ്കിൽ മുന്നിലെ വാഹനത്തെ ക്ഷമയോടെ പിന്തുടരുക. മുന്നിൽ ഒരു തടസ്സമാണെങ്കിൽ (ഉദാ : കേടു വന്ന ഒരു വാഹനം , അശാസ്ത്രീയമായ ബാരിക്കേഡ് ) വാഹനം നിർത്താനായി തയ്യാറാകുക. അടുത്ത വരിയിൽ അതിലെ വാഹനങ്ങളെ തടസ്സപെടുത്താതെ മാത്രം ചേരുക.
ലെയിൻ മാറൽ കഴിഞ്ഞാൽ ഇൻഡിക്കേറ്റർ ഓഫ് ആക്കാൻ മറക്കരുത് (പുതിയ വാഹനങ്ങളിലെ ലെയിൻ ചേഞ്ച് ഇൻഡിക്കേറ്റർ രീതി ഉപയോഗിച്ചാൽ താനെ ഓഫ് ആകും.)
ഇടതു വശത്തേക്ക് മാറാനായി ഇടതു മിററും ഇടതു ഇന്ഡിക്കേറ്ററും ഉപയോഗിക്കുക. ബാക്കി എല്ലാം മേൽ പറഞ്ഞ പ്രകാരം.
ഒന്നോർക്കുക,.ഒരു സമയം ഒരു ലെയിൻ മാത്രമേ മാറാവൂ.
വാൽക്ഷണം / Tail Piece.
നമ്മുടെ നാട്ടിൽ ദീഘദൂര ട്രക്കുകൾ റോഡിൻറെ വലത്തേ വരിയിൽ മാത്രമായി യാത്ര ചെയ്യുന്ന ഒരു രീതി കണ്ടുവരുന്നു. ഇത് തെറ്റാണു. ഇതിനു പിന്നിൽ ചില കാരണങ്ങളുണ്ട്
നിർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ ട്രക്കു ഡ്രൈവർമാർ ശാസ്ത്രീയമായ പരിശീലനം ലഭിച്ചവരല്ല. അതുകൊണ്ടു നിയമങ്ങൾ അറിയില്ല. അവർ ക്ലീനര് ആയോ സഹായി ആയോ ഒരു ഡ്രൈവർ ആശാന്റെ കൂടെ പോയി ഡ്രൈവിംഗ് പഠിക്കുന്നു. ആശാനുംഇതുപോലെ മറ്റൊരു ആശാന്റെ കീഴിൽ പഠിച്ചതായിരിക്കും. അവരുടെ കാലത്തു മൾട്ടി ലെയിൻ റോഡുകൾ ഉണ്ടായിരുന്നില്ല. തലമുറകളായി തെറ്റായ രീതികൾ പിന് തുടരുന്നു. വികസിത രാജ്യങ്ങളിൽ പ്രത്യേകിച്ചും അമേരിക്കയിൽ ഏകദേശം 36 മണിക്കൂർ ക്ലാസ് റൂം പരിശീലനവും, 110 മണിക്കൂർ പ്രായോഗിക പരിശീലനവും കഴിഞ്ഞാൽ മാത്രമേ ഡ്രൈവിംഗ് ടെസ്റ്റിന് പരിഗണിക്കുകയുള്ളൂ.
ട്രക്ക് ഡ്രൈവർമാർക്ക് നിശ്ചിത ഇന്ധന ക്ഷമത കൈവരിക്കനുള്ള ഒരു ടാർഗറ്റ് ഉണ്ടാകും. അത് നേടാനായി, നമ്മുടെ നാട്ടിലെ ട്രക്കുകൾ ഒരേ വേഗത്തിൽ (40-60 kmph) സഞ്ചരിക്കണം. പക്ഷെ ചെറിയ വാഹനങ്ങൾ ഒരു പരിഗണനയുമില്ലാതെ ട്രക്കുകളുടെ ഇടയിലേക്ക് വന്നു കേറുകയും, ചിലർ വളരെ കുറഞ്ഞ വേഗത്തിൽ യാത്ര ചെയ്യുകയും ചെയ്യും. പ്രത്യേകിച്ചും, ഇരു / മുച്ചക്ര വാഹനങ്ങൾ. ഇത് മൂലം, ട്രക്കുകളുടെ വേഗം ഇടയ്ക്കിടെ കുറക്കേണ്ടിവരുകയും ചെയ്യും. ഇന്ത്യൻ ട്രക്കുകൾക്ക് ആവശ്യത്തിന് “കുതിര ശക്തി” ഇല്ലാത്തതുമൂലം വീണ്ടും നിശ്ചിത വേഗമാർജിക്കാൻ കൂടുതൽ സമയമെടുക്കും, മാത്രമല്ല ഇന്ധന നഷ്ടവും.
ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരുടെ സ്ഥിതി മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു വളരെ പരിതാപകരമാണ്. പലതരം മാനസിക ശാരീരിക അവഹേളനങ്ങൾക്കും, പോലീസ്/RTO/ മറ്റു അധികാരികയുടെയും സാമൂഹ്യവിരുദ്ധരുടെയും പലതരം പിടിച്ചു പറിക്കും വിധേയരാകുന്ന ഇവർക്ക് നല്ല ഇന്സുലേറ്റഡ് ആയതോ , സസ്പെൻഡഡ് ആയതുമായ ഡ്രൈവർ ക്യാബിൻ പോലുമില്ല. ചൂട് നിറഞ്ഞ ക്യാബിനിൽ എയർ കണ്ടീഷണർ എന്നത് ഇന്നും പലർക്കും വിദൂര സ്വപ്നം മാത്രം. ട്രക്കുകളുടെ സസ്പെഷൻ ഒരു മനുഷ്യ ജീവിക്കുപോലും യാത്രചെയ്യാൻ ഉണ്ടാകുന്നതല്ല (ഇപ്പോൾ ചില മാറ്റങ്ങളുണ്ട് )
പക്ഷെ വികസിത രാജ്യങ്ങളിൽ എയർ റൈഡ് സസ്പെന്ഷൻ, ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ (12 - 18 ഗിയർ) HVAC , ഫ്രിഡ്ജ് , മൈക്രോ വേവ് ഓവൻ , നാവിഗേഷൻ എന്ന് വേണ്ട നമ്മുടെ നാട്ടിലെ ആഡംബര കാറുകളിൽ പോലുമില്ലാത്ത സൗകര്യങ്ങൾ. നല്ല കുതിര ശക്തിയുള്ള എൻജിൻ ക്ഷീണമില്ലാത്ത ഡ്രൈവിംഗ് ഉറപ്പു വരുത്തുന്നു. അവിടങ്ങളിൽ ഇലക്ട്രോണിക് ഡ്രൈവർ ലോഗിൻ സംവിധാനമുണ്ട്. ഒരു ഡ്രൈവർക്കു എട്ടു മണിക്കൂറിൽ കൂടുതൽ ഡ്രൈവ് ചെയ്യാൻ അത് അനുവദിക്കുന്നില്ല. മാത്രമല്ല എട്ടു മണിക്കൂറിനു ശേഷം പത്തു മണിക്കൂർ വിശ്രമിച്ചാലേ പിന്നീട് യാത്ര തുടരാനാകൂ. ഇത് അപകട രഹിതമായ യാത്ര ഉറപ്പു വരുത്തുന്നു.
മേൽ പറഞ്ഞ സാഹചര്യങ്ങൾ പുരോഗമിക്കാതെ ട്രക്ക് ഡ്രൈവർമാരിൽ നിന്നും ക്രിയാത്മകമായ കാര്യങ്ങൾ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. കുറഞ്ഞത് AIS-093 (TRUCK CABIN & BODY CODE) എങ്കിലും കർശനമായി നടപ്പിലാക്കുക.
ഈ പരമ്പരയിൽ ഇനി ഒരു അധ്യായമാണ് മാത്രമാണ് ബാക്കിയുള്ളത്. "റോഡിലെ മര്യാദകൾ". എന്തെകിലും വിട്ടുപോയിട്ടുണ്ടെകിൽ ഓർമ്മിപ്പിക്കുക ഉൾപെടുത്തുന്നതാണ്.
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ
എന്ന് നിങ്ങളുടെ സ്വന്തം ബിനോയ് എൻ എസ്
ഡ്രൈവിംഗ് - ഒരു സാംസ്കാരിക മുന്നേറ്റം
അദ്ധ്യായം 12
റോഡിലെ സാമാന്യ മര്യാദകൾ- പ്രതിരോദാത്മക ഡ്രൈവിംഗ് (Defensive Driving).
നാമെല്ലാവരും മറ്റുള്ളവരിൽ നിന്നും മര്യാദയും ബഹുമാനവും പ്രതീക്ഷിക്കുന്നു. പല ഡ്രൈവർ മാരും പറയുന്ന ഒരു സ്ഥിരം പരാതിയാണ് അവർക്കു അർഹിക്കുന്ന ബഹുമാനം കിട്ടുന്നില്ല, അത് റോഡിലായാലും ജീവിതത്തിലായാലും. ബഹുമാനം എന്നുള്ളത് ലാലേട്ടൻ പറഞ്ഞ പോലെയാണ്. കൊടുക്കുക വാങ്ങുക (Give and take). ഏതാനും സെക്കൻഡുകൾ ക്ഷമയോടെ റോഡിൽ ചില വിട്ടു വീഴ്ചകൾ ചെയ്താൽ, മിനിറ്റുകളോ മണിക്കൂറുകളോ നീളുന്ന ഗതാഗതകുരുക്കുകൾ ഒഴിവാക്കാം. അല്ലതെ വെറുതെ കുത്തിക്കയറ്റി കുരുക്കുണ്ടാക്കുന്നവരെ ആളാരാണ് ബഹുമാനിക്കുക.
ഒരു നാട്ടിലെ ആളുകളുടെ പൊതുവായ സാംസ്കാരിക നിലവാരം വിലയിരുത്തുന്നത് ആ നാട്ടിലെ ഡ്രൈവർമാർ ഒരു കാൽനടക്കാരനോട് എങ്ങനെ റോഡിൽ പെരുമാറുന്നു എന്നനുസരിച്ചാണ്. കാരണം ഡ്രൈവർമാരും പൗരന്മാരാണല്ലോ. സീബ്ര ക്രോസ്സിങ്ങിൽ കാൽനടക്കാർക്കാണ് മുൻഗണന എന്ന് എൽ ഡ്രൈവർമാർക്കും അറിയാം. പക്ഷെ വാഹനം ഓടിക്കുമ്പോൾ എല്ലാവരും അനാവശ്യമായ ഒരു ധൃതിയിലാണ്. ആ ധൃതിയിൽ പലപ്പോളും സഹജീവികളുടെ ജീവനെടുക്കുന്നു. കാൽ നടക്കാർക്കു വഴി നൽകുന്നത് നിങ്ങളുടെ മാനുഷിക മൂല്യത്തെ കാണിക്കുന്നു. അങ്ങനെ ചെയ്യാത്തവർക്ക് ബഹുമാനത്തിനു അർഹതയുണ്ടോ?
നിങ്ങൾ വാഹനം ഓടിക്കുമ്പോൾ (മുൻ അധ്യായങ്ങളിൽ പറഞ്ഞിട്ടുണ്ട്) ഓരോ 6-8 സെ-ക്കന്റിലും മിററുകൾ ശ്രദ്ധിക്കുക. പിന്നിൽ നിന്നും നിങ്ങളെക്കാൾ വേഗത്തിൽ ഒരു വാഹനം വരുന്നതായി ശ്രദ്ധയിൽ പെട്ടാൽ, ആ വാഹനത്തെ സുരക്ഷിതമായി, എത്രയും പെട്ടാണ് നിങ്ങളെ കടന്നുപോകാൻ അനുവദിക്കുക. അല്ലാതെ “അവൻ അങ്ങനെ പോകണ്ട” എന്ന മനസ്ഥിതി ഉപേക്ഷിക്കുക. റോഡിലെ നല്ലൊരു ശതമാനം ഹോൺ അടിയും ഈ രീതി അവലംബിക്കുന്നതിലൂടെ ഒഴിവാക്കാം. നമ്മുടെ നാട് ഹോൺ അടിക്കു കുപ്രസിദ്ധമാണ് എന്നോർക്കുക.
റോഡ് അരികിൽ നിന്നും ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ എല്ലായിപ്പോലും M.S.M തത്വം പിന്തുടരുക. ഇങ്ങനെ ചെയ്യുമ്പോൾ, വാഹനം പരമാവധി റോഡരികിൽ ചേർത്ത് നിർത്തി പിന്നിൽ വരുന്ന വാഹനങ്ങളെ സുഗമമായി കടന്നുപോകാൻ അനുവദിക്കുക.
ഗതാഗത കുരുക്കുകളിൽ വാഹനം നിർത്തേണ്ടിവരുമ്പോൾ, സീബ്ര വരകൾക്കുമുകളിലായി വാഹനം വരാതെ നോക്കുക, കാൽനടക്കാർ പൊയ്ക്കോട്ടേ.
അതുപോലെ തന്നെ ജങ്ഷനുകളും തടസപ്പെടുത്താതെ വാഹനം നിർത്തുക, കാരണം പലപ്പോഴും കുരുക്കുണ്ടാകുന്നത് പ്രധാന റോഡിലെ ചില വാഹങ്ങൾ ചെറിയ റോഡിലേക്ക് പ്രവേശിക്കാൻ കഴിയാതെ വരുമ്പോളാണ്. നിങ്ങൾ കവലകൾ ഒഴിവാക്കി നിർത്തിയാൽ അത്തരം വാഹനങ്ങൾക്കു ചെറിയ റോഡിൽ പ്രവേശിക്കാൻ കഴിയുകയും കുരുക്ക് ഒഴിവാകുകയും ചെയ്യും.
( പക്ഷെ ചില സാമദ്രോഹികൾ ആ ഗാപ്പിൽ കുത്തിക്കയറ്റാൻ ശ്രമിക്കും. അവരെ ഡാഷ് കാം വീഡിയോ ഉപയോഗിച്ചു് അധികാരികളിലേക്കു കൈമാറുക. )
മലയോര റോഡുകളിൽ, കയറ്റം കയറുന്ന വാഹങ്ങൾക്കു മുൻഗണനയും കൂടുതൽ സ്ഥലവും നൽകുക.
നിങ്ങൾ ഒരു പ്രധാന റോഡിൽ, നല്ല ട്രാഫിക് ഉള്ള സാഹചര്യത്തിൽ സഞ്ചരിക്കുമ്പോൾ, ഒരു ജംഗ്ഷനിൽ നിങ്ങളുടെ എതിർദിശയിൽനിന്നും ഏതാനും വാഹനങ്ങൾ അവരുടെ വലതു ദിശയിൽ പോകാനായി സിഗ്നൽ കാണിച്ചു സുരക്ഷിതമായ അകലത്തിനായികാത്തിരിക്കുകയാണെന്ന് കരുതുക. ഇത്തരം സഹചര്യത്തിൽ നിങ്ങള്ക്ക് തന്നെയാണ് മുൻഗണന. പക്ഷെ നിങ്ങൾ ജംഗ്ഷന് മുൻപായി ഒന്ന് നിർത്തികൊടുത്താൽ (ഒരു സാമാന്യ മര്യാദ ) ആവാഹനങ്ങൾക്കു അവരുടെ വലതു വശത്തേക്ക് പ്രവേശിക്കാം എന്ന് മാത്രമല്ല , ഒരു കുരുക്ക് ഒഴിവാക്കുകയുമാകാം.
റോഡുകൾ സഹയാത്രികരുമായി പങ്കിടാനുള്ളതാണ്. നിയമങ്ങൾ പാലിക്കാതെ, സാമാന്യ മര്യാദകൾ കാണിക്കാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് (നാമെല്ലാം ) ബഹുമാനം കിട്ടുന്നില്ല എന്ന പരാതിയിൽ എന്ത് കഴുമ്പാണുള്ളത്. റോഡ് നിയമങ്ങൾ പാലിക്കൂ, ബഹുമാനവും അംഗീകാരവും നിങ്ങളെ തേടിവരും.
പ്രതിരോദാത്മക ഡ്രൈവിംഗ് (Defensive Driving).
ഏതു സാഹചര്യത്തിലും (മറ്റുള്ളവരുടെ ഏതു തരം പ്രവർത്തികളിലും ) നമ്മുടെ ജീവനും സമയത്തിനും സമ്പത്തിനും മുൻഗണന നൽകി വാഹനം ഓടിക്കുന്ന ഒരു ഡ്രൈവിംഗ് രീതിയാണ് ഡിഫെൻസിവ് ഡ്രൈവിംഗ്. ഇവിടെ നമ്മൾ എല്ലാ നിയമങ്ങൾ പാലിക്കുകയും, നിയമങ്ങൾക്കപ്പുറത്തേക്കു ചിന്തിക്കുകയും വേണം. ഉദാഹരണത്തിന്, നിങ്ങൾക്കു മുന്ഗണനയുള്ള സ്ഥലങ്ങളിൽ പോലും മറ്റു ഡ്രൈവർമാർ അത് നിങ്ങള്ക്ക് നൽകുമെന്ന് പ്രതീക്ഷിക്കരുത്. പക്ഷെ നമ്മൾ മറ്റുള്ളവർക്ക് അവ നൽകുകയും വേണം. നമ്മുടെ ലക്ഷ്യം സുരക്ഷയാണ്. ഈ പരമ്പരയിൽ മുൻപ് പറഞ്ഞ അധ്യായം രണ്ടു മുതൽ പതിനൊന്നു വരെ അല്ല കാര്യങ്ങളും നമ്മൾ പാലിക്കണം. റോഡിലെ നമ്മൾ ഒഴികെ മറ്റെല്ലാവരും നിയമങ്ങൾ പാലിക്കാതെ ഓടിക്കുന്നവരാണെന്ന ചിന്തയിൽ വാഹനമോടിക്കുക. അപ്പോൾ നമുക്ക് കൂടുതൽ ശ്രദ്ധിച്ചു അപകടങ്ങൾ ഒഴിവാക്കാം.
വാഹനത്തിന്റെ വേഗം ഏതു സാഹചര്യത്തിലും നിങ്ങള്ക്ക് നിയന്ത്രിക്കാവുന്ന രീതിയിൽ മാത്രം ഓടിക്കുക. ഏതു സമയത്തും സുരക്ഷിതമായി നിർത്താവുന്ന ഒരു മനസ്ഥിതി ഉണ്ടാക്കിയെടുക്കുക.
അപ്രതീക്ഷിതമായതിനെ പ്രതീക്ഷിക്കുക. അതായതു മുന്നിൽ പോകുന്ന ഓട്ടോറിക്ഷ പെട്ടന്ന് ഇൻഡിക്കേറ്റർ ഇടാതെ തിരിയുമെന്നു പ്രതീക്ഷിക്കുക. വളവിൽ വേഗത്തിൽ വരുന്ന ഒരു വാഹനത്തെ പ്രതീക്ഷിക്കുക. ആ സാഹചര്യങ്ങളിൽ നിങ്ങള്ക്കി ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ച് മുൻകൂട്ടി തയ്യാറാകുക. അങ്ങനെ മാനസികമായി തെയ്യാറായാൽ പല അപകടങ്ങളും ഒഴിവാക്കാം.
എപ്പോളും ശ്രദ്ധയോടെയും ക്ഷീണമില്ലാതെയും ഡ്രൈവ് ചെയ്യുക. നമ്മുടെ നാട്ടിൽ ചൂടുള്ള കാലാവസ്ഥയാണ്. എയർ കണ്ടിഷണർ ഉപയോഗിക്കുക. ദീർഘദൂര യാത്രകളിൽ ഇടക്ക് നിർത്തി ഉന്മേഷം വീണ്ടെടുക്കുക .
മറ്റു ഡ്രൈവര്മാരുടെയും കാൽനടക്കാരുടെയും എല്ലാ തരം പ്രവർത്തികളും പ്രതി പ്രവർത്തികളും മുൻകൂട്ടി കാണുക. നമ്മൾ നൽകുന്ന മര്യാദകൾ മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കരുത്..
അലക്ഷ്യമായി വാഹനമോടിക്കുന്നവരിൽ നിന്നും വളരെയധികം അകലം പാലിക്കുക.
മേൽ പറഞ്ഞ കാര്യങ്ങളെല്ലാം നിങ്ങൾ അറിഞ്ഞോ അറിയാതെയോ റോഡിൽ പാലിക്കുന്നുണ്ടാകും. പക്ഷെ പല രാജ്യങ്ങളിലും ഇത് ശാസ്ത്രീയമായി പഠിപ്പിക്കുന്നുണ്ട്.
വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു.
https://www.youtube.com/watch?v=7Ids8S7dLvA
https://www.youtube.com/watch?v=fuxJXo89yn8&feature=share
https://www.youtube.com/watch?v=UnqOmbR2qNs
Tail Piece:
ഡ്രൈവിംഗ് ഒരു സാംസ്കാരിക മുന്നേറ്റം എന്ന എന്റെ ഈ പരമ്പര ഇവിടെ അവസാനിക്കുന്നു. ഇതുവരെ നിങ്ങൾ നൽകിവന്ന എല്ലാവിധ പിന്തുണക്കും വിമര്ശനങ്ങൾക്കും നന്ദി രേഖപെടുത്തുന്നു. ഏകദേശം പത്തു വർഷമായി ചെയ്യണം എന്ന് വിചാരിച്ചിരുന്ന ലേഖനമാണിത്. ഇത് പൂർത്തീകരിക്കാൻ അനുവാദവും പിന്തുണയും നൽകിയ ബസ് കേരളയിലെ എല്ലാ സുഹൃത്തുക്കളോടും അഡ്മിൻ പാനലിനും എങ്ങനെ നന്ദി പറയണമെന്നറിയില്ല.
ഈ ലേഖനത്തിൽ വിട്ടു പോയിട്ടുള്ള കാര്യങ്ങൾ ചേർക്കാനും ഇതിലെ തെറ്റുകൾ തിരുത്താനും നിങ്ങളെ സ്വാഗതം ചെയ്യുന്നു.
ഇത്തരം കാര്യങ്ങൾ കൂടുതൽ ആളുകളിൽ എത്തിക്കുന്നതിന് എഴുത്തിനു പരിമിതികളുണ്ട്. ഇവ വീഡിയോ രൂപത്തിലാക്കാനായി ചില സുഹൃത്തുക്കൾ മുന്നോട്ടു വന്നിട്ടുണ്ട്. താമസിയാതെ ഇവ യൂട്യൂബിൽ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ ആളുകൾ വിഡിയോകളുമായി മുന്നോട്ടുവരണം എന്ന് അഭ്യർത്ഥിക്കുന്നു. അവർക്കു വേണ്ട എല്ലാ പിന്തുണയും നൽകാൻ ഞാൻ തയ്യാറാണ്. ഇന്ത്യൻ ഭാഷകളിൽ ഇത്തരം വിഡിയോകൾ ഇല്ല എന്നുള്ളത് നമ്മുടെ ദയനീയാവസ്ഥയാണ്.
ഒരു നല്ല ഡ്രൈവർ എന്നുള്ളത് ഏതു സാഹചര്യത്തിലും നിയമലംഘനങ്ങൾ ഒഴിവാക്കി മര്യാദകൾ നൽകി വാഹനമോടിക്കുന്ന ആൾ ആണ്. നിങ്ങൾ നല്ലൊരു ഡ്രൈവർ ആകട്ടെ എന്ന് ആശംസിക്കുന്നു
എന്ന് നിങ്ങളുടെ സ്വന്തം
ബിനോയ് എൻ എസ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ