ഉദയസൂര്യന്റെ നാട്ടിൽ
2013 ഏപ്രിൽ മാസത്തിൽ, വാമഭാഗം പൂർണ്ണ ഗർഭിണിയായിരിക്കുമ്പോഴാണ്, എൻെറ കമ്പനിയിലെ, ജപ്പാനിലെ ഓഫീസിലെ ശ്രീ സുഖവര യോഷിക്കു എന്ന ഞങ്ങളുടെ സുഖവര സാൻ, പുതിയ ഒരു ടെക്നോളജി പഠിക്കുവാനായി ആറു മാസം ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നത്, അദ്ദേഹത്തിന്റെ അഭാവം പരിഹരിക്കാനായി ഇന്ത്യയിലെ ഓഫീസിൽ നിന്നും ഓരോരുത്തർ ഓരോ മാസം ജപ്പാനിൽ പോയി ജോലിചെയ്യാൻ മാനേജ്മെന്റ് തീരുമാനിച്ചു, ആദ്യനറുക്കു എനിക്ക് തന്നെ വീണു.
വീദേശയാത്രയോട് വലിയ താല്പര്യമില്ലായിരുന്ന, അഥവാ ഞാൻ എവിടെ പോയാലും മംഗലശേരി നീലൻ, ഭാനുമതിയുടെ മരണശേഷം, വാര്യരുമൊത്തു തീർഥ യാത്രക്കുപോകുമ്പോൾ പറയുന്നപോലെ " ദേഹം മാത്രമേ പോകുന്നുള്ളൂ, ദേഹി ഇവിടത്തന്നെയുണ്ട്.. " എന്ന രീതിയാണ്, അന്നും....... ഇന്നും. ആദ്യം തന്നെ പോകാൻ താല്പര്യമില്ലെന്നു അറിയിച്ചു, അപ്പോൾ മാനേജർ, നമ്മുടെ സ്വന്തം വകമുടി വെങ്കിട പദ്മ കുമാർ എന്ന പദ്മ പറഞ്ഞു, മെയ് മാസം സണ്ണി പോകട്ട, പ്രസവം, ഏപ്രിൽ മാസം കഴിയുമല്ലോ, ബിനോയ് ജൂണിൽ പോകട്ടെ. പദ്മയുമായി നല്ല ബന്ധം ഉള്ളതുകൊണ്ട് ഞാൻ അധികം ബലം പിടിച്ചില്ല ഓക്കേ പറഞ്ഞു
ഏപ്രിൽ 27 ശനിയാഴ്ച വൈകിട്ട് 7.45 ന് ശ്രുതി, മാധവിനെ പ്രസവിച്ചു, അല്ല ഡോക്ടർ വയർ കീറിയെടുത്തു, പിന്നെ മകന്റെ 28 കഴിഞ്ഞു ഏതാനും ദിവസം കഴിഞ്ഞു ഞാൻ കെംപേ ഗൗഢ വിമാനത്താവളത്തിൽ നിന്നും കാതെ പാസ്സഫിക് വിമാനത്തിൽ, ഹോങ് കോങ് വഴി ജപ്പാനിലെ ഹണെടാ വിമാനത്താവളത്തിലേക്കു യാത്രയായി.കൂടെ NOC(network operating center ) ലെ ഇകിജിമോ സാനും ഉണ്ടായിരുന്നു.
ജപ്പാനിൽ ചെന്നിറങ്ങിയാൽ ശ്രദ്ധിക്കേണ്ട ചെയ്യേണ്ട കാര്യങ്ങൾ കമ്പനിയും പിന്നെ സണ്ണിച്ചേട്ടനും പ്രത്യകം വിവരിച്ചു തന്നിരുന്നു.
വൈകുന്നേരം ജപ്പാൻ ലോക്കൽ സമയം 10 മണി കഴിഞ്ഞാണ് വിമാനം ലാൻഡ് ചെയ്തത്.
ഒരല്പം വ്യാഗ്രതയോടെ ഞാൻ, എമിഗ്രേഷൻ കൗണ്ടർ ലക്ഷ്യമാക്കി നീങ്ങി, തിരക്കെന്നു പറഞ്ഞാൽ ഒരു മിനി തൃശ്ശൂർ പൂരത്തിന്റെ തിരക്ക്, അല്ലാതെ നമ്മുടെ കൊച്ചി എയർപോർട്ട് പോലെ നാലൂം മൂന്നും പത്തു പേര് അല്ല. ഒരു രണ്ട് മണിക്കൂർ പോക്കാണെന്നു എന്റെ മനസ് പറഞ്ഞു.
പക്ഷേ എന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ഒരു വനിതാ എമിഗ്രേഷൻ ഓഫീസർ, എന്നെ തടഞ്ഞു നിർത്തി, എന്നെ ജാപ്പനീസ് രീതിയിൽ സ്വീകരിച്ച് എൻെറ പാസ്പോർട്ട് വാങ്ങി പരിശോധിച്ച്, നേരെ ഒരു തിരക്കില്ലാത്ത കൗണ്ടറിൽ കൊണ്ട് നിർത്തി. എനിക്കുമുന്നിൽ രണ്ടോ മൂന്നോ ആളുകൾ മാത്രം, അതും ജപ്പാൻ കാർ അല്ലാത്തവർ മാത്രം.
സൗദി അറേബ്യക്കാരൊക്കെ ഇത് കണ്ടു പഠിക്കണം. ഇതാണ് യഥാർത്ഥ അതിഥി ദേവോ ഭവ. അല്ലാതെ നമ്മുടെ നാട്ടിലെ പോലെയല്ല.
അഞ്ചു മിനിറ്റിൽ എമിഗ്രേഷൻ കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി.....
അടുത്തതായി ഷിനഗവ എന്ന മെട്രോ സ്റ്റേഷനിലക്ക് മെട്രോ ട്രെയിൻ പിടിച്ച് പോകണം, ഞാൻ ഇതുവരെ ജീവിതത്തിൽ മെട്രോ ട്രെയിനിൽ കയറിയിട്ടില്ല.
അന്ന് കൊച്ചി മെട്രോയുടെ പണി ഇന്ത്യയുടെ മെട്രോ മാൻ ശ്രീധരനെ ഏല്പിക്കണമെന്ന് അച്ചുമാമയും, അല്ല ചില ചീങ്കണികളെ ഏല്പിക്കണമെന്ന് ഉമ്മച്ചനും കുഞ്ഞാപ്പയും തമ്മിൽ തർക്കിച്ചുകൊണ്ടിരിക്കുന്നു.
ബാംഗ്ലൂർ മെട്രോ ആണെങ്കിൽ ബൈപനഹള്ളി മുതൽ MG റോഡ് വരെ എന്തിനോ വേണ്ടി തിളച്ച് ട്രയൽ റൺ മാത്രം നടത്തുന്നു.
പക്ഷേ സണ്ണിച്ചേട്ടൻ എല്ലാം പറഞ്ഞു തന്നിരുന്നു. നേരെ പുറത്തിറങ്ങി അവിടെ നിന്നിരുന്ന ഒരു പോലീസ് കാരനോട് എന്റെ ആവശ്യം ഉണർത്തിച്ചു, അദ്ദേഹം എനിക്ക് ടോക്യോ മെട്രോ -സബ് വേ ട്രെയിൻ ശൃംഗലയുടെ ഒരു കളർ മാപ് തന്നു, ഒന്നും മനസ്സിൽ ആയില്ല.... ചറപറാ ലൈനുകൾ, അതിൽ ഇന്റെർ ചേഞ്ച് പോയിന്റ് കൾ ഉണ്ട്, നമ്മുടെ കൊച്ചി മെട്രോയിൽ അങ്ങനെ ഒരു സംഭവമേ ഇല്ല, ബാംഗ്ലൂർ മെട്രോയിൽ മെജസ്റ്റിക് സ്റ്റേഷനിൽ ബൈപനഹള്ളി - മൈസൂർ റോഡ് പിങ്ക് ലൈനും, നാഗസാന്ദ്ര - KR മാർക്കറ്റ് ഗ്രീൻ ലൈൻ തമ്മിൽ ഒരു ഇന്റർ ചേഞ്ച് സ്വിച്ചിങ് പോയിന്റ് ഉണ്ട്, അത് 5-6 വർഷമായി പ്രവർത്തിക്കുന്നു, പക്ഷേ 2013 ൽ അത് പണി കഴിഞ്ഞിരുന്നില്ല. ജപ്പാൻ മെട്രോയിൽ ഓരോ രണ്ട് മൂന്നു സ്റ്റേഷൻ കൂടുമ്പോൾ രണ്ടോ മൂന്നോ ലൈനുകൾ തമ്മിൽ സ്വിച്ചിങ് പോയിന്റ് ഉണ്ട്, മാത്രമല്ല സിറ്റി മൊത്തം ഒരു 1/2- 1 കിലോമീറ്റർ നടന്നാൽ ഒരു മെട്രോ -സബ് വേ സ്റ്റേഷൻ കാണാം.
പോലീസ് കാരൻ എന്നോട് വളരെ അനുഭവപൂർവ്വം എനിക്ക് മെട്രോ കാർഡ് എടുക്കാനും അത് റീചാർജ് ചെയ്യാനും സഹായിച്ചു, പിന്നീട് പ്ലാറ്റ് ഫോമിൽ കൊടുവന്നാക്കി, ട്രെയിൻ വരുന്നതുവരെ കാത്തുനിന്ന്, ട്രെയിൻ വന്നു എന്നെ കയറ്റി വിട്ടതിനു ശേഷം മാത്രമേ തിരിച്ചു പോയൊള്ളൂ...... ഇത്രയും മികച്ച ഒരു സംസ്കാരം ഞാൻ അന്നുവരെ, ഇപ്പോഴും എവിടെയും കണ്ടിട്ടില്ല. മനസ്സിൽ സലിം കുമാറിന്റെ ഡയലോഗ് ഓർമവന്നു..…. "ഇതെന്തു മറിമായം, എനിക്ക് വട്ടായതാണോ അതൊ നാട്ടുകാർക്ക് മൊത്തം വട്ടായതാണോ".
ട്രെയിൻ, നാലോ അഞ്ചോ സ്റ്റേഷൻ കഴിഞ്ഞ് ഷിനഗവ സ്റ്റേഷനിൽ എത്തി, ഞാൻ പുറത്തിറങ്ങി, അവിടെ നിന്നും ടാക്സി പിടിച്ച് "B-site ഒസാക്കി " എന്ന സർവീസ് apartment ലേക്ക് പോകണം. അവിടെയാണ് താമസം ശരിപ്പെടുത്തിയിരുന്നത്.
ടോക്യോ ടാക്സികൾ എല്ലാം പഴയ vintage ടൊയോട്ട crown, ഡ്രൈവർ മാരെല്ലാം ഒരു 55 വയസിനു മുകളിൽ പ്രായമുള്ളവർ, അവിടെ അങ്ങനെ നിയമമുണ്ടെന്നു തോന്നുന്നു, ചെറുപ്പക്കാർ എല്ലാം കൂടുതൽ ഊർജ്ജസ്വലത വേണ്ട ജോലികൾ മാത്രം ചെയ്യണമായിരിക്കും.
ഒരു ടാക്സിക്കൂ കൈ കാണിച്ച്, പിന്നിലെ ഡോർ ഡ്രൈവർ ഓപ്പറേറ്റഡ് ആയിരുന്നു, ഞാൻ പിന്നിൽ കയറി എനിക്ക് പോകേണ്ട അഡ്രസ് ഉള്ള പേപ്പർ കാണിച്ചു. വാഹനം നീങ്ങി തുടങ്ങി. വാഹനത്തിന്റെ ചക്രത്തിനേക്കാൾ വേഗം ഫെയർ മീറ്ററിന് ഉണ്ടായിരുന്നു. ഒരു കിലോമീറ്ററിന് അടുത്ത് ഓടി എനിക്ക് പോകേണ്ട സ്ഥലം എത്തി, പണം നൽകി, ഡ്രൈവർ കൃത്യമായി ബാക്കി നൽകി. കുറേ നാണയങ്ങൾ..
ജപ്പാൻ യെൻ ന്റെ പ്രത്യേകത 1000 യെൻ മുതലാണ് നോട്ട്, അതിന് താഴെ എല്ലാം നാണയങ്ങൾ. 1000 യെൻ അന്ന് കാലത്ത് ഏകദേശം 600 രൂപ, ഇന്നും അത്ര തന്നെ എന്ന് തോന്നുന്നു.
ഞാൻ B-site ന്റെ വാതിൽ തുറന്നു അകത്തു കടന്നു, അവിടെ റീസെപ്ഷനിൽ ആരും തന്നെ ഉണ്ടായിരുന്നില്ല, ഒരു വശത്തു റൂം നമ്പറുകൾ രേഖപ്പെടുത്തിയ കുറേ ചെറിയ നമ്പർ ലോക്കുകൾ ഉള്ള പെട്ടികൾ, അതിനുള്ളിൽ റൂമിന്റെ താക്കോൽ ഉണ്ടായിരിക്കും, എനിക്കുള്ള നമ്പർ ലോക്ക് വിവരം ഞാൻ പുറപ്പെടുന്നതിനു മുൻപുതന്നെ അവർ ഇമെയിൽ അയച്ചു തന്നിരുന്നു. ഞാൻ നമ്പർ അടിച്ചു പെട്ടി തുറന്നു താക്കോൽ എടുത്തു, പിന്നെ റൂമിലേക്ക് പോയി.
വിസ്താരം കുറഞ്ഞ മുറി, പക്ഷേ എല്ലാ സൗകര്യങ്ങളും അതിൽ ഉണ്ട്, ചെന്ന് കയറുമ്പോൾ ഇടത് ഭാഗത്തു വാഷിംഗ് മെഷീൻ, വലത് തുണി ഉണക്കുന്ന യന്ത്രം, പിന്നെ ടോയ്ലറ്റ്, shower റൂം, ചെറിയ ഒരു അടുക്കള, bed, സോഫ TV, DVD ഓഡിയോ player, റീഫ്രിജറേറ്റർ എന്നിങ്ങനെ എല്ലാം ഉണ്ട്...
ടോയ്ലറ്റ് എന്നാൽ യൂറോപ്യൻ ടോയ്‌ലെറ്റോ അമരിക്കൻ ടോയ്‌ലെറ്റോ ഒന്നും ഒന്നുമല്ല, അത് ജപ്പാൻ ടോയ്ലറ്റ് തന്നെ, ടോയ്ലറ്റ് സീറ്റിനു വലതുവശത്തു ഒരു consol ഉണ്ട്, അതിൽ ചില ബട്ടനുകളും കൺട്രോളുകളും. പരിപാടി കഴിഞ്ഞാൽ നമ്മൾ കഴുകണ്ട, ആ consol പ്രവർത്തിപ്പിച്ചാൽ ടോയ്ലറ്റ് തന്നെ കഴുകിതരും, വെള്ളത്തിന്റെ ചൂട് വരെ നമുക്ക് നിയത്തിരിക്കാം. നല്ല വൃത്തി, അല്ലാതെ പശ്ചാത്യരെ പോലെ കടലാസ് പരിപാടിയൊന്നുമില്ല.
പിന്നെ കുളി കഴിഞ്ഞ് പുറത്ത് പോയി ഭക്ഷണം കഴിച്ച് ഉറക്കമായി.
പിറ്റേന്ന് രാവിലെ JR ലൈൻ മെട്രോയിൽ, ഒസാക്കി സ്റ്റേഷനിൽ നിന്നും കയറി, തമാച്ചി സ്റ്റേഷനിൽ ഇറങ്ങി, തൊട്ടടുത്ത് തന്നെയുള്ള KVH ഓഫീസിൽ ഞാൻ എത്തി, ആ യാത്രയിൽ ഒരു കാര്യം മനസ്സിലായി, KVH ന്റെ CEO അടക്കം വലിയ വലിയ കമ്പനികളുടെ ഉന്നതന്മാർ വരെ മെട്രോ ട്രെയിനിൽ ആണ് യാത്ര.... ഒരിക്കൽ ഞാൻ എവിടെയോ വായിച്ചിരുന്നു... " a developed country is not a place where poor uses cars, it is a place where rich uses public transport "
ഈ സംഭവം ഞാൻ സൗദിയിലോ ഇന്ത്യയിലോ കണ്ടിട്ടില്ല.... നമ്മുടെ നാട്ടിലെ മൂത്രത്തിന്റെ ഗന്ധമുള്ള ട്രെയിൻ എന്ന് വിളിക്കുന്ന സാധനങ്ങളും, KSRTC തകര പാട്ടകളും, നടുവൊടിക്കുന്ന, ഗുണ്ടകൾ നടത്തുന്ന പ്രൈവറ്റ് ബസ്സുകളും ഒന്നും public transport എന്ന് പറയാൻ പറ്റില്ല, അത് public torturing ആണ്. നമ്മുടെ ഓരോ ഗതികേടെ....
ഓഫീസ് റീസെപ്ഷനിൽ എന്നെ കാത്ത് വതനാബേ കിമിക്കിയോ എന്ന വതനാബെ സാൻ നിൽപുണ്ടായിരുന്നു, അദ്ദേഹം എനിക്ക് എൻട്രി പാസ്സും ഒരു kyocera യുടെ ഒരു cdma മൊബൈൽ ഫോണും നൽകി എന്നെ ഓഫീസിലേക്ക് കൂട്ടികൊണ്ട് പോയി, വതനാബെ സാനെ മുൻപ് അദ്ദേഹം ബാംഗ്ലൂർ വന്നപ്പോൾ പരിചയം ഉണ്ടായിരുന്നു.
ഓഫീസിലെ ഞങ്ങളുടെ മാനേജർ കുമാരി മണ്ടായി അസ്തുക്കോ എന്ന മണ്ടായി സാൻ, പിന്നെ ഹസ്സിഗാവ കോരു എന്ന ഹാസിഗാവ സാൻ, സുസുകി സുന്ശുകെ എന്ന സുസുകി സാൻ, പിന്നെ മുറകാമി സാൻ പിന്നെ റേഷൻ കടയിൽ അരിവാങ്ങാൻ വരുന്ന പോലെ വലിയൊരു സഞ്ചിയും തൂക്കിവരുന്ന നമ്മുടെ സ്വന്തം സുഖവര സാനും ചേർന്നതാണ് സർവീസ് ആക്ടിവേഷൻ ടീം. എല്ലാവരുമായും ഫോൺ വഴിയും ഇമെയിൽ വഴിയും പരിചയം ഉണ്ടായിരുന്നു എങ്കിലും, വതനാബെ സാൻ ഒഴികെ മറ്റുള്ളവരെ കാണുന്നത് ആദ്യമായി ആണ്.
എല്ലാവരുമായും പരിചയം പുതുക്കി വിശേഷങ്ങൾ പങ്കുവെച്ചു. പിന്നെ നേരെ ജോലിയിലേക്ക് കടന്നു.
ഒരു ദിവസം ഏകദേശം 8-10 പുതിയ ലീസ്ഡ് ലൈൻ, വോയിസ്, ഇന്റർനെറ്റ് സർവീസുകൾ ആണ് ഉപഭോകത്താക്കൾക്കായി നൽകിയിരുന്നത്, നമ്മുടെ നാട്ടിൽ എയർടെൽ റിലൈൻസ് കമ്പനികളിൽ ഇതെല്ലാം ഒരു 1-2 മണിക്കൂറിൽ ചെയ്യുന്നതാണ്, പക്ഷേ ജപ്പാൻ രീതി എന്നത് ഒരു സർവീസ് കുറേ സമയം എടുത്തു, രണ്ടു മൂന്നു തവണ പുനപരിശോധിച്ചു കൃത്യമായ ഗുണ നിലവാരം ഉറപ്പുവരുത്തി നൽകുക എന്നുള്ളതാണ്. അതായത് ഒരു സർവീസ് ഉപഭോക്താവിന് കൊടുത്താൽ, പിന്നീട് അത് പ്രവർത്തിക്കുന്നില്ല എന്ന് പരാതി വരാൻ പാടില്ല, അഥവാ വന്നാൽ പിന്നെ പോയി, പിന്നെ അതിന്റെ വിശകലനം, കുർബ്ബാന, ശവമടക്ക് എന്നിവ ഒരു മൂന്നുമാസം നീളുന്ന പരിപാടി.... അതാണ് ജപ്പാൻ ഗുണനിലവാരം, അല്ലാതെ നമ്മുടെ പോലെ, ചൽ താ ഹേ രീതിയല്ല.
ആ ഗുണ നിലവാരം ഒരുവിധം എല്ലാ ജപ്പാൻ ഉത്പന്നങ്ങളിലും സേവനങ്ങളിലും നമുക്ക് കാണാം.
അന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ മണ്ടായി സാൻ കൂടെ വന്നു, സാധാരണ മണ്ടായി സാൻ ഉച്ചക്ക് കഴിക്കാറില്ല, ഞാൻ വന്നതുകൊണ്ട് മാത്രം കൂടെ വന്നു.
പിന്നീടുള്ള ദിവസങ്ങളിൽ സുഗവര സാൻ, ഹസ്സിഗാവ സാൻ എന്നിവർ ആയിരുന്നു എന്റെ ഉച്ച ഭക്ഷണ കൂട്ടാളികൾ.. അവിടെ ഭക്ഷണ ശാലകളിൽ ചില വിദ്യാർത്ഥികൾ പാർട്ട് ടൈം ജോലി ചെയ്തിരുന്നു, അങ്ങനെ ഹസ്സിഗാവ സാൻ മുൻപ് ജോലി ചെയ്തിരുന്ന ഒരു സ്ഥാപനം കാണിച്ചു തന്നു.
അതെല്ലാം ജപ്പാൻ രീതിയാണ്, ഏതൊരു ജോലിക്കും മഹത്വമുണ്ടെന്നു.... പിടിച്ചുപറിയും മോഷണവുമൊന്നുമല്ലല്ലോ.... നമ്മുടെ നാട്ടിലും താമസിയാതെ ആ സംസ്കാരം ഉടലെടുക്കും എന്ന് പ്രതീക്ഷിക്കാം.
എല്ലാ ദിവസവും വൈകുന്നേരം ഒരു ഒൻപതര പത്തു പത്തുമണിയാകും എല്ലാരും ഓഫീസ് വീട്ടിറങ്ങുക. മണ്ടായി സാൻ പല ദിവസവും പതിനൊന്നു മണി കഴിയും... പിറ്റേന്ന് രാവിലെ തന്നെ എത്തും, അവിവാഹിതയായ അവർ എന്തിനാണ് വീട്ടിൽ പോകുന്നത് എന്ന് മനസ്സിലായില്ല.
ഒരു വെള്ളിയാഴ്ച സുസുകി സാൻ എന്റെ അടുത്ത് വന്നു, മനസ്സില്ലമനസ്സോടെ ഒരു കാര്യം ആവശ്യപ്പെട്ടു, അതായത് നാളെ ശനിയാഴ്ച, സാധാരണയായി അവധിയാണ്, പക്ഷേ കുറച്ച് ജോലി നാളെ പ്ലാൻ ചെയ്തിട്ടുണ്ട്, ഒന്ന് വരാമോ.... ഞാൻ പറഞ്ഞു വരാം, നോ പ്രോബ്ലം. അദ്ദേഹം പറഞ്ഞു പക്ഷേ പ്രോബ്ലം.... മാനേജർ മണ്ടായി സാൻ ആണ് നാളെ ഡ്യൂട്ടി, അവരുടെ കൂടെ ജോലി വളരെ ബുദ്ധിമുട്ടാണ്, ഭയങ്കര കണിശക്കാരിയാണ്.... ഞങ്ങൾക്കൊക്കെ പേടിയാണ് അവരുടെ കൂടെ ജോലി ചെയ്യാൻ.
ഞാൻ പറഞ്ഞു മണ്ടായി എങ്കിൽ മണ്ടായി ഞാൻ വരാം...
ശനിയാഴ്ച ഞാൻ വന്നു, മണ്ടായി സാൻ കൂടെ ജോലി ചെയ്തു, ഉച്ചക്ക് പുറത്തുപോയി ഞങ്ങൾ രണ്ടുപേരും ഭക്ഷണം കഴിച്ചു, വൈകീട്ട് തിരിച്ചു പോയി, യാതൊരു പ്രശ്നവുമില്ല...
ഒരു മാസം കടന്നുപോയി.... ജപ്പാൻ എന്നെ ഓരോ ദിവസവും വിസ്മയിപ്പിച്ചു കൊണ്ടിരുന്നു..... എല്ലാവരുമായും നല്ല ബന്ധം ഉണ്ടാക്കിയെടുത്തു... ഏല്പിച്ച ജോലികൾ പൂർണ്ണ ഉത്തരവാദിത്തതോടെ ചെയ്തു തീർത്തു..
പക്ഷേ എന്നെ ആകർഷിച്ചത് ജപ്പാനിലെ പൊതുഗതാഗത സംവിധാനങ്ങൾ ആയിരുന്നു..... സ്വകാര്യ വാഹനങ്ങൾ വിരളമായി മാത്രം.....സാദാരണക്കാരും പണക്കാരും ഒരുപോലെ മികച്ച രീതിയിലുള്ള പൊതുഗതാഗതം ഉപയോഗിക്കുന്നു...
ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെകിൽ അത് എന്റെ വീട് തന്നെ..... ഒരു കൂപ മണ്ടൂകത്തിന്റെ ജൽപ്നങ്ങൾക്കപ്പുറം, ടോക്യോ എന്ന അതി സുന്ദര നഗരം എന്നെ അത്ഭുതപെടുത്തി.... സത്യത്തിൽ ടോക്യോ ക്കാൾ ഏറെ സുന്ദരമായ പല നഗരങ്ങൾ ഉണ്ടെങ്കിലും ഒരു നഗരത്തിന്റെ സൗന്ദര്യം അവിടത്തെ ജനങ്ങൾ ഒരു അതിഥിയോട് എങ്ങനെ പെരുമാറുന്നു എന്നുള്ളതി ലാണ് എന്ന് ഞാൻ കരുതുന്നു.....
ഭൂമിയിൽ എന്റെ വീടിനെക്കാൾ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ടോക്കിയോ ആണ് ടോക്കിയോ ആണ് ടോക്കിയോ ആണ്....
എന്ന് നിങ്ങളുടെ സ്വന്തം
ബിനോയ് എൻ എസ്സ്
ReplyForward |
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ