In the land of horn blowers

 

In the land of horn blowers……

ഹോൺ അടിക്കാരുടെ നാട്ടിൽ ……

(കി കി, പോം പോം , പെ  പെ , പെപ്പേരെ പെപ്പേരെ………………………………………..)

 

ഒരു പക്ഷെ ഇന്ത്യയിലായിരിക്കാം ഇത്രേയുമധികം ഹോൺ അടി കേൾക്കുക, എന്തിനു പറയുന്നു, നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിൽ പോലും ഡ്രൈവർ മാർ ഹോൺ ഉപയോഗിക്കാറില്ല, അവിടെ ഹോൺ അടിക്കുന്നത് ഇന്ത്യയിൽ നിന്നും വരുന്ന ഡ്രൈവർ മാരാണ്.

 

നമ്മുടെ നാട്ടിൽ സ്ഥിതി മറിച്ചാണ്, ആവശ്യത്തിനും അനാവശ്യത്തിനും ഹോൺ അടി.  95 ശതമാനം ഹോൺ അടിയും വെറും അനാവശ്യം, ഭൂരിഭാഗം ഡ്രൈവര്മാരുടെയും കൈ ഹോൺ ബട്ടണിൽ ആയിരിക്കും

 

പലരുടെയും വിചാരം ഹോൺ അടിച്ചാൽ റോഡിനു വീതികൂടുമെന്നും, മുന്നിലെ വാഹനം ആവിയായ്പോകുമെന്നുമാണ്.

 

 

നമ്മുടെ നാട്ടിലെ വാണിജ്യ വാഹനങ്ങളുടെ പിറകിൽ “SOUND HORN”, “BLOW HORN”, “HORN OK PLEASE” എന്നഴുതി വെക്കാറുണ്ട്, പലരുടെയും വിചാരം അതില്ലെങ്കിൽ ഫിറ്റ്നസ് ടെസ്റ്റ് പാസ് ആകില്ലെന്നാണ്. സത്യത്തിൽ മോട്ടോർ വാഹന നിയമത്തിൽ ഇങ്ങനെ ഒരു വകുപ്പില്ല, പണ്ടെങ്ങോ ആരോ ചെയ്തൊരു കാര്യം ഒരു ആചാരമായി ഇന്നും പിൻതുടരുന്നു.

 

2015 ഏപ്രിൽ 30 നു മഹാരാഷ്ട്ര ഗവര്മെണ്ട്, വാണിജ്യ വാഹനങ്ങളുടെ  പിറകിലെ sound horn എഴുത്തു നിയമം മൂലം നിരോധിച്ചു. ബാക്കി സംസ്ഥാനങ്ങളിൽ, എന്തിനു പറയുന്നു പ്രബുദ്ധരായ കേരളത്തിലും ഇന്നും ദുരാചാരം പിന്തുടരുന്നു.

 

പലരുടെയും വിചാരം ചെവികൊണ്ട് കേട്ടുകൊണ്ടാണ് വാഹനം ഓടിക്കേണ്ടതെന്നാണ്. പക്ഷെ കണ്ണുകൊണ്ടു കണ്ടുകൊണ്ടാണ് വാഹനം ഓടിക്കേണ്ടതെന്ന് പലരും മറക്കുന്നു.

 

വാഹനം ഓടിക്കുമ്പോൾ ഓരോ 6 - 8 സെക്കൻഡിൽ റെയർ വ്യൂ മിററുകൾ നോക്കണമെന്ന് പലർക്കും അറിയില്ല. അങ്ങനെ ഓരോ 6 - 8 സെക്കൻഡിൽ മിറർ നോക്കുമ്പോൾ, നമ്മളെക്കാൾ വേഗത്തിൽ മറ്റൊരു വാഹനം പിറകിൽനിന്നും വരുന്നുണ്ടെകിൽ, വാഹനത്തെ നമ്മളെ മറികടക്കുവാൻ അനുവദിക്കുക, അപ്പോൾ തന്നെ നല്ലൊരു ശതമാനം ഹോൺ അടിയും ഒഴിവാക്കാം, അല്ലാതെ " അങ്ങനെ അവൻ നമ്മളെ വെട്ടിച്ചു പോകേണ്ട"  എന്ന മനസ്ഥിതി ഒഴിവാക്കുക

 

പിന്നെ, നമ്മുടെ വാഹനത്തിന്റെ ദിശ മാറുന്നതിനു മുൻപ് മിറർ നോക്കി, സിഗ്നൽ ഇട്ടു പിറകിൽ തൊട്ടടുത്ത് അപകടകരമായ രീതിയിൽ വാഹനങ്ങളില്ല എന്നുറപ്പുവരുത്തി മാത്രം ദിശ മാറുക, അപ്പോൾ കുറെ കൂടെ ഹോൺ അടി ഒഴിവാക്കാം

 

പലരുടെയും വിചാരം ഓവർ ടേക്ക് ചെയ്യുമ്പോൾ ഓവർ ടേക്ക് ചെയ്യുന്ന വാഹനം ഹോൺ അടിക്കണമെന്നാണ്, പലപ്പോഴും മിറർ നോക്കാതെ സിഗ്നൽ ഇടാതെ ദിശ മാറുന്ന വാഹനത്തിൽ പിറകിലെ വാഹനം ഇടിച്ചാൽ തെറ്റായി ദിശ മാറിയ വാഹനത്തിന്റെ ഡ്രൈവർ ആദ്യം പ്രതികരിക്കുക ഹോൺ എന്തുകൊണ്ട് അടിച്ചില്ല എന്നാണ്.

 

പിന്നെ ചെയ്യാവുന്നത് ഡിഫെൻസിവ് ഡ്രൈവിംഗ് എന്ന കല സ്വായത്തമാക്കുകയാണ്, അപ്പോൾ നമ്മുടെ ഹോൺ അടിയും ഒഴിവാക്കാം.

 

 

പക്ഷെ ചിലർക്ക് ഹോൺ അടി ഒരു രോഗമാണ്, അവരെ ചികിത്സയ്ക്കുക തന്നെ വേണം, താഴെ പറയുന്ന വിഭാഗത്തിൽ പെടും അവർ

 

1 , ട്രാഫിക് സിഗ്നലിൽ കാത്തുകിടക്കുമ്പോഴും പിറകിൽ നിന്നും അനാവശ്യമായി ഹോൺ അടിക്കുന്നവർ. ഹോൺ അടി വെറും ഒരു മനസുഖം മാത്രമാണ് അടിക്കാരന് നൽകുന്നത്

2 , ടോൾ പ്ലാസയിൽ വെറുതെ ഹോൺ അടിക്കുന്നവർ, വെറുതെ ഒരു രസം

 

3, ഒരു ചെറിയ റോഡിൽനിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കാൻ അപകടരഹിതമായ  ഊഴം കാത്തു നിൽക്കുന്ന  വാഹനത്തിന്റെ പിറകിൽ വന്നു വെറുതെ ഹോൺ അടിക്കുന്നവർ.

 

സത്യത്തിൽ ഇന്ത്യൻ ഡ്രൈവർമാരിൽ എപ്പോഴും ഒരു അനാവശ്യ തിടുക്കം,   ധൃതി ക്ഷമയില്ലായ്മ കണ്ടുവരുന്നു, ഏതാനും സെക്കൻഡുകൾ  ക്ഷമിക്കുവാൻ തയ്യാറല്ല. ഒരു അനാവശ്യ തിരക്കുകൂട്ടൽ, പലരുടെയും ധാരണ അവർ ശസ്ത്രക്രിയ വിധഗ്തരാണെന്നാണ്, ഒരു സെക്കൻഡ് താമസിച്ചുചെന്നാൽ രോഗി മരിച്ചുപോകുമോ, അല്ലെങ്കിൽ അംബാനിയുടെ ബിസിനസ് പാർട്ണർ ആണ്, താമസിച്ചാൽ അംബാനി പിണങ്ങുമോ ...എന്നപോലെ ഒരു അനാവശ്യ ധൃതികൂട്ടൽ .. സത്യം പറഞ്ഞാൽ ചെന്നിട്ടു പ്രത്യകിച്ചും ഒരു പണിയൊന്നുമുണ്ടാകില്ല, എന്നാലും വെറുതെ ഒരു ധൃതി , ശീലിച്ചുപോയി.

 

ഒരു നല്ല ഡ്രൈവർ നല്ല ക്ഷമയുള്ള വ്യക്തിയായിരിക്കണം

 

ഇന്നത്തെ ആധുനിക വാഹനങ്ങളിൽ നല്ല ശബ്ദ ഇൻസുലേഷൻ നൽകുന്നതിനാൽ, അനാവശ്യ ഹോൺ അടി ആരും ശ്രദ്ധിക്കാറില്ല, അല്ലെങ്കിൽ തന്നെ റോഡിൽ ഒരു നിമിഷം ഒന്ന് ശ്രദ്ധിച്ചു നോക്കൂ, ഒരു പാട് ഹോൺ അടി കേൾക്കാം, അതിൽ ആരു ശ്രദ്ധിക്കുന്നു.

 

നിശ്ശബ്ദതയിലാണ് ശബ്ദത്തിനു വിലയുള്ളൂ, അതുകൊണ്ടു ഭൂരിഭാഗം ഹോൺ അടിയും യാതൊരു മാറ്റവും റോഡിൽ വരുത്തുന്നില്ല.

 

ശബ്ദമലിനീകരണ രഹിതമായ ഒരു കിനാശ്ശേരി, അതാണ് ഗാന്ധിജി  കണ്ട സ്വപ്നം 

അഭിപ്രായങ്ങള്‍